ADVERTISEMENT

പുതുപ്പള്ളി ∙ ഇടതടവില്ലാതെ ആൾക്കൂട്ടം ഉമ്മൻ ചാണ്ടിയുടെ കല്ലറയിലേക്ക് ഒഴുകിക്കൊണ്ടേയിരുന്നു. ഉമ്മൻ ചാണ്ടിയെ അടക്കം ചെയ്തതു മുതൽ നിലയ്ക്കാതെയുള്ള ആ പ്രവാഹം 40–ാം ഓർമദിനത്തിലും തുടർന്നു. രാവിലെ 6.30നു പ്രാർഥന ആരംഭിച്ചതു മുതൽ അദ്ദേഹത്തിന്റെ കല്ലറ സ്ഥിതി ചെയ്യുന്ന പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലേക്ക് ആളുകൾ എത്തിക്കൊണ്ടിരുന്നു.

കുർബാനയിലും ഒട്ടേറെപ്പേർ പങ്കെടുത്തു. കല്ലറയിലെ ധൂപപ്രാർഥനയ്ക്കു ശേഷം ക്യൂ നിന്നാണ് ആളുകൾ കല്ലറയിൽ പ്രാർഥനകൾ അർപ്പിച്ചത്. ഓർമദിനത്തിൽ പ്രത്യേകം വിതരണം ചെയ്യുന്ന നെയ്യപ്പം ഉണ്ടാക്കുന്നതിനു ഉമ്മൻ ചാണ്ടിയുടെ മകൾ മറിയയും കഴിഞ്ഞ ദിവസം പള്ളിയിൽ എത്തിയിരുന്നു.  കല്ലറയിലെ പുഷ്പങ്ങൾ മകൾ അച്ചു ഉമ്മന്റെ നേതൃത്വത്തിലാണു തയാറാക്കിയത്.

യുഡിഎഫ് നേതാക്കളായ എം.എം. ഹസൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, കെ.സി.ജോസഫ്, ബെന്നി ബഹനാൻ എംപി, രാജ്മോഹൻ ഉണ്ണിത്താൻ എംപി, പി.സി.തോമസ്, ഡൊമിനിക് പ്രസന്റേഷൻ, അൻവർ സാദത്ത് എംഎൽഎ, ഷാഫി പറമ്പിൽ എംഎൽഎ, സി.പി.ജോൺ തുടങ്ങിയവർ പങ്കെടുത്തു. കുടുംബവീടായ കരോട്ട് വള്ളക്കാലിൽ വീട്ടിൽ പ്രത്യേക പ്രാർഥനകൾ നടന്നു.  ഇന്നു തിരുവനന്തപുരം സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ രാവിലെ കുർബാനയും തുടർന്നു പുതുപ്പള്ളി ഹൗസിൽ പ്രാർഥനയും നടക്കും.

സ്നേഹകരം... മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ 40–ാം ഓർമദിനാചരണത്തിന്റെ ഭാഗമായി പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ കല്ലറയിലെ പ്രാർഥനയ്ക്കുശേഷം അമ്മ മറിയാമ്മയുടെ കരം പിടിച്ച് ആശ്വസിപ്പിക്കുന്ന ചാണ്ടി ഉമ്മൻ. ഉമ്മൻ ചാണ്ടിയുടെ മകൾ മറിയ ഉമ്മൻ, സഹോദരി വൽസ മാത്യു, കൊച്ചുമകൻ എഫിനോവ, അച്ചു ഉമ്മന്റെ ഭർത്താവ് ലീജോ ഫിലിപ്, മകൾ അച്ചു ഉമ്മൻ, കൊച്ചുമകൾ ക്രിസ്റ്റീൻ മെറി ഫിലിപ്, സഹോദരൻ അലക്സ് വി.ചാണ്ടി, അദ്ദേഹത്തിന്റെ കൊച്ചുമകൾ ആഷ്മി തുടങ്ങിയവർ സമീപം. ചിത്രം: മനോരമ
സ്നേഹകരം... മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ 40–ാം ഓർമദിനാചരണത്തിന്റെ ഭാഗമായി പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ കല്ലറയിലെ പ്രാർഥനയ്ക്കുശേഷം അമ്മ മറിയാമ്മയുടെ കരം പിടിച്ച് ആശ്വസിപ്പിക്കുന്ന ചാണ്ടി ഉമ്മൻ. ഉമ്മൻ ചാണ്ടിയുടെ മകൾ മറിയ ഉമ്മൻ, സഹോദരി വൽസ മാത്യു, കൊച്ചുമകൻ എഫിനോവ, അച്ചു ഉമ്മന്റെ ഭർത്താവ് ലീജോ ഫിലിപ്, മകൾ അച്ചു ഉമ്മൻ, കൊച്ചുമകൾ ക്രിസ്റ്റീൻ മെറി ഫിലിപ്, സഹോദരൻ അലക്സ് വി.ചാണ്ടി, അദ്ദേഹത്തിന്റെ കൊച്ചുമകൾ ആഷ്മി തുടങ്ങിയവർ സമീപം. ചിത്രം: മനോരമ

പ്രാർഥനയ്ക്കായി ഉമ്മൻ ചാണ്ടിയുടെ അപരനും

ഉമ്മൻ ചാണ്ടിയുടെ അപരനായി അറിയപ്പെടുന്ന വയനാട് മാനന്തവാടി തൃശിലേരി പ്ലാമൂട് നാരായണ വാരിയരും (75)  ഓർമദിനത്തിൽ പ്രാർഥനകളുമായി എത്തി. മാനന്തവാടിയിൽ നിന്ന് 20 അംഗസംഘം പ്രത്യേക വാഹനം സജ്ജീകരിച്ചാണ് എത്തിയത്. കഴിഞ്ഞ ദിവസം രാത്രി എത്തിയ സംഘം മണർകാട് സെന്റ് മേരീസ് യാക്കോബായ കത്തീഡ്രലിലും പ്രാർഥിച്ച ശേഷമാണു പുതുപ്പള്ളി പള്ളിയിൽ എത്തിയത്. 

മാനന്തവാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡന്റ് കൂടിയായ നാരായണ വാരിയർക്കു 30 വർഷത്തോളമായി ഉമ്മൻ ചാണ്ടിയുമായി അടുത്ത പരിചയമുണ്ട്. മലബാർ ദേവസ്വം ബോർഡ് മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൂടിയാണ് ഇദ്ദേഹം. ഇന്നലെ നാരായണ വാരിയരെ പള്ളിയിൽ കണ്ടവർ കൂടെ നിന്നു ചിത്രം എടുക്കാനും പരിചയപ്പെടാനുമായി അടുത്തെത്തി.

English Summary: Oommen Chandy 40th memorial day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com