ADVERTISEMENT

കൊച്ചി ∙ മക്കളിൽനിന്നു മാതാപിതാക്കൾക്കു മുൻകാല പ്രാബല്യത്തോടെ ജീവനാംശം അനുവദിച്ചു നൽകാൻ കോടതികൾക്കു നിയമവും മതവുമൊന്നും പരിഗണിക്കേണ്ടതില്ലെന്നു ഹൈക്കോടതി. മുൻകാല ജീവിതച്ചെലവു നൽകുന്ന കാര്യം നിയമത്തിൽ പ്രത്യേകം പറഞ്ഞിട്ടില്ലെന്ന പേരിൽ അതു നിഷേധിക്കാനാകില്ലെന്ന് ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. 

മക്കളിൽനിന്നു മുൻകാല പ്രാബല്യത്തോടെ ജീവനാംശം ആവശ്യപ്പെട്ടു നൽകിയ ഹർജി മലപ്പുറം കുടുംബക്കോടതി തള്ളിയതിനെതിരെ ക്രിസ്ത്യൻ വിഭാഗത്തിൽപെട്ട, 80 വയസ്സു കടന്ന പിതാവു നൽകിയ അപ്പീൽ തീർപ്പാക്കിയാണു ഹൈക്കോടതി വിധി. മുൻകാല പ്രാബല്യത്തോടെ ജീവനാംശം നൽകാൻ നിയമത്തിൽ വ്യവസ്ഥയില്ലെന്നു വിലയിരുത്തിയായിരുന്നു കുടുംബക്കോടതി വിധി. ഇന്ത്യൻ ക്രിസ്ത്യൻ വിവാഹനിയമത്തിൽ ഭാര്യയ്ക്കും മക്കൾക്കുമുള്ള ജീവനാംശത്തിന്റെ കാര്യം പോലും പറയുന്നില്ല. മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും പരിപാലനവും ക്ഷേമവും സംബന്ധിച്ച നിയമത്തിലും ക്രിമിനൽ നടപടിച്ചട്ടത്തിലും ജീവനാംശത്തിന്റെ കാര്യത്തിൽ മുൻകാല പ്രാബല്യം പറയുന്നില്ലെന്നതും കോടതിയിൽ ചർച്ചയായി. 

എന്നാൽ, സമൂഹം പിന്തുടരുന്ന ആചാരരീതികളുടെയും പാരമ്പര്യത്തിന്റെയും സംസ്കാരത്തിന്റെയും അടിസ്ഥാനത്തിലാണു നിയമതത്വങ്ങൾ രൂപപ്പെടുന്നതെന്നും ഇവിടെ കക്ഷികൾ പിന്തുടരുന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ള സാമൂഹിക ജീവിതക്രമം പരിഗണിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി. ബൈബിളിലെ ‘പത്തു കൽപന’കളിൽ മാതാപിതാക്കളെ ബഹുമാനിക്കണമെന്നു പറയുന്നുണ്ട്. വാർധക്യത്തിൽ മുതിർന്ന പൗരന്മാരുടെ സംരക്ഷണം രാഷ്ട്രത്തിന്റെ ബാധ്യതയാണെന്നു കരുതിയാൽപോലും നിലവിലുള്ള സാമൂഹിക ജീവിതക്രമത്തിൽ മക്കൾക്ക് ഇതിനുള്ള ഉത്തരവാദിത്തം അവഗണിക്കാനാവില്ലെന്നു കോടതി വ്യക്തമാക്കി. 

ഭാവി ജീവിതത്തിനുള്ള ചെലവു ക്ലെയിം ചെയ്യാൻ നിയമപ്രകാരം സാധ്യമാണെങ്കിൽ മുൻകാല ജീവിതത്തിന്റെ ചെലവ് ക്ലെയിം ചെയ്യുന്നതും നിഷേധിക്കാനാവില്ല. തങ്ങളുടെ ആവശ്യങ്ങളെല്ലാം മക്കൾ നിറവേറ്റുമെന്ന വിശ്വാസത്തിൽ ആത്മാഭിമാനമുള്ള മാതാപിതാക്കൾ കോടതിയെ സമീപിക്കാൻ മടിക്കും. ഇങ്ങനെ മക്കളോടു ക്ഷമയും ആദരവും കാണിച്ചിട്ടുണ്ടെങ്കിൽ അതു മുതലെടുത്ത് മുൻകാല ക്ലെയിം നിഷേധിക്കാനാവില്ലെന്നു കോടതി പറഞ്ഞു. കീഴ്ക്കോടതിയുടെ വിധി റദ്ദാക്കി. കേസ് കുടുംബക്കോടതിയുടെ പരിഗണനയ്ക്കു തിരികെ വിട്ടു. കക്ഷികൾ കുടുംബക്കോടതിയിൽ നേരിട്ടു ഹാജരാകണമെന്നും 2 മാസത്തിനുള്ളിൽ കോടതി തീരുമാനമെടുക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. 

English Summary : Parents can claim alimony with retrospective effect says Kerala High Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com