ചാക്കിൽകയറി ഓട്ടം മത്സരത്തിൽ നിന്നു പിന്മാറി; സിപിഎം വനിതാ നേതാവിന്റെ മകനെ എസ്എഫ്ഐ സംഘം ആക്രമിച്ചു
Mail This Article
തിരുവനന്തപുരം ∙ പാളയം ഗവ. സംസ്കൃത കോളജിൽ സിപിഎം വനിതാ നേതാവിന്റെ മകനായ ഒന്നാംവർഷ വിദ്യാർഥിയെ എസ്എഫ്ഐ യൂണിറ്റ് മുൻ ഭാരവാഹികളുടെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചു പരുക്കേൽപ്പിച്ചു. പെരുങ്കടവിള പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാരായമുട്ടം സ്വദേശി എസ്.ബിന്ദുവിന്റെ മകൻ ആദർശിനാണു പരുക്കേറ്റത്. തടിക്കഷണം കൊണ്ടുള്ള ക്രൂരമായ മർദനത്തിൽ താടിയെല്ലു പൊട്ടി ഗുരുതരമായി പരുക്കേറ്റ ആദർശിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോളജിൽ എസ്എഫ്ഐ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിക്കിടെ ചാക്കിൽകയറി ഓട്ടം മത്സരത്തിൽ നിന്നു പിന്മാറിയതാണ് ആക്രമണത്തിനു കാരണം. കോളജിലെ മുൻ വിദ്യാർഥികളും എസ്എഫ്ഐ യൂണിറ്റ് മുൻ ഭാരവാഹികളുമായ അമ്പലമുക്ക് സ്വദേശി നസീം, നെല്ലിമൂട് സ്വദേശി ജിത്തു, കരമന സ്വദേശി സച്ചിൻ എന്നിവർക്കെതിരെ കന്റോൺമെന്റ് പൊലീസ് കേസ് എടുത്തു. മറ്റു പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നു പൊലീസ് പറഞ്ഞു. 24നു വൈകിട്ടു മൂന്നിന് ആയിരുന്നു സംഭവം.
പൊലീസ് പറഞ്ഞത്: ചാക്കിൽകയറി ഓട്ടം മത്സരത്തിൽ ഒരു തവണ പങ്കെടുത്ത ആദർശിനെ വീണ്ടും പങ്കെടുക്കാൻ സംഘാടകർ നിർബന്ധിച്ചു. മത്സരിക്കാൻ വിസമ്മതിച്ച ആദർശിനെ പിടിച്ചുവലിച്ചു ക്ലാസ് മുറിയിൽ കൊണ്ടുപോയി വളഞ്ഞിട്ടു മർദിച്ചു. കരണത്തും മുതുകിലും മർദിക്കുകയും തടിക്കഷണം കൊണ്ടു മുഖത്തും ഹെൽമറ്റ് കൊണ്ട് തലയിലും അടിക്കുകയും ചെയ്തു. പിന്നീട് ക്ലാസിനു പുറത്തേക്കു പിടിച്ചുകൊണ്ടുവരികയും കസേരയിലിരുത്തി ക്രൂരമായി മർദിക്കുകയുമായിരുന്നു. പരുക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സ നടത്തിയ ശേഷം കഴിഞ്ഞ ദിവസമാണു പൊലീസിൽ വിവരം അറിയിച്ചത്. പഠനം കഴിഞ്ഞു വർഷങ്ങളായിട്ടും സംഘടനയുടെ തണലിൽ കോളജിൽ കയറിയിറങ്ങി നടക്കുന്നവരാണ് ആക്രമണം നടത്തിയതെന്നും പൊലീസ് പറഞ്ഞു.
‘അവർ പറയുന്നതു കേൾക്കാതെ കോളജിൽ പഠിക്കാൻ കഴിയില്ല ’
സംസ്കൃത കോളജിലേക്ക് ഇനിയില്ലെന്ന് ആക്രമണത്തിനിരയായ ആദർശ്. ചികിത്സ കഴിഞ്ഞാലുടൻ കോളജിൽ എത്തി ടിസി വാങ്ങും. അവർ പറയുന്നതു കേൾക്കാതെ കോളജിൽ പഠിക്കാൻ കഴിയില്ല. സുഹൃത്ത് വേലായുധനു നേരെയും ഭീഷണിയുണ്ട്. ഞങ്ങൾ രണ്ടുപേരും കോളജിലെ പഠനം നിർത്തി. അഡ്മിഷൻ കിട്ടി കോളജിൽ എത്തിയിട്ട് ഒരു മാസമേ ആയിട്ടുള്ളൂ.
മർദനത്തിൽ താടിയെല്ലിനു പരുക്കേറ്റതിനാൽ ഭക്ഷണം കഴിക്കാൻ പോലും കഴിയുന്നില്ല. അക്രമിസംഘത്തിൽ ഏഴോളം പേർ ഉണ്ടായിരുന്നു. എല്ലാവരും മദ്യലഹരിയിൽ ആയിരുന്നു. പ്രതികളിൽ പലരും കോളജിലെ പഠനം കഴിഞ്ഞ് 5 വർഷം കഴിഞ്ഞവരാണ്.
അവർ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി, കേരള യൂണിവേഴ്സിറ്റി യൂണിയൻ ജനറൽ സെക്രട്ടറി തുടങ്ങി വിവിധ ഭാരവാഹിത്വങ്ങളും വഹിച്ചിട്ടുണ്ട്. കോളജിൽ എന്തു പരിപാടി നടന്നാലും മുൻ വിദ്യാർഥികളായ ഇവർക്കാണു നിയന്ത്രണമെന്നും അധ്യാപകർക്ക് ഇവിടെ റോളില്ലെന്നും ആദർശ് പറഞ്ഞു.
English Summary : SFI gang attacked CPM woman leader's son in Thiruvananthapuram Government Sanskrit College