വൈദ്യുതി കരാർ; ചീഫ് സെക്രട്ടറി വിളിച്ച ഉന്നതതല യോഗം ഇന്ന്
Mail This Article
തിരുവനന്തപുരം ∙ റദ്ദാക്കിയ പഴയ 465 മെഗാവാട്ടിന്റെ 4 വൈദ്യുതി കരാറുകൾ പുനരുജ്ജീവിപ്പിക്കാൻ കഴിയുമോ എന്നു പഠിക്കാൻ ചീഫ് സെക്രട്ടറിയെയും ഊർജ അഡീഷനൽ ചീഫ് സെക്രട്ടറിയെയും ചുമതലപ്പെടുത്തി. ചീഫ് സെക്രട്ടറി ഇന്ന് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്.
റദ്ദാക്കിയ കരാർ അനുസരിച്ചു വൈദ്യുതി വാങ്ങുന്നതിനു യൂണിറ്റിന് 4.29 രൂപയേ വില വരൂ. 5 വർഷത്തേക്ക് 500 മെഗാവാട്ട് വാങ്ങാനുള്ള ഓൺലൈൻ ടെൻഡർ ഇന്നലെ പരിശോധിച്ചപ്പോൾ 2 കമ്പനികൾ 403 മെഗാവാട്ട് നൽകാമെന്നാണ് അറിയിച്ചത്. ഇതിൽ അദാനി പവർ 303 മെഗാവാട്ട് 6.90 രൂപയ്ക്കും ഡിബി പവർ 100 മെഗാവാട്ട് 6.97 രൂപയ്ക്കും നൽകാമെന്നു വ്യക്തമാക്കി. പിന്നീട് റിവേഴ്സ് ബിഡിങ്ങിൽ ഇരു കൂട്ടരും 6.88 രൂപയ്ക്ക് വൈദ്യുതി നൽകാമെന്നു സമ്മതിച്ചു.
ഈ സാഹചര്യത്തിലാണ് റദ്ദാക്കിയ 4 കരാറുകളാണ് ഭേദമെന്ന് ആലോചന വന്നത്. ഈ കരാറുകൾ അനുസരിച്ച് 350 മെഗാവാട്ട് 4.29 രൂപയ്ക്കും 115 മെഗാവാട്ട് 4.15 രൂപയ്ക്കും 25 വർഷത്തേക്ക് ലഭിക്കുമായിരുന്നു. ഈ കരാർ നിലവിൽ വന്നിട്ട് 7 വർഷമേ ആയിട്ടുള്ളൂ.
ഇനി 18 വർഷം കൂടി ഇതേ നിരക്കിൽ വൈദ്യുതി ലഭിക്കുമെന്നിരിക്കെയാണ് നടപടിക്രമങ്ങളിലെ വീഴ്ച ചൂണ്ടിക്കാട്ടി സർക്കാരും ബോർഡും റഗുലേറ്ററി കമ്മിഷനും ചേർന്ന് അതു റദ്ദാക്കിയത്. ഇന്നലെ തുറന്ന ടെൻഡറിന്റെ കാര്യത്തിൽ ഇനി എന്തു വേണമെന്നും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ തീരുമാനിക്കും.
English Summary : Electricity contract, high-level meeting called by Chief Secretary today