കാരുണ്യ: പണം കിട്ടാത്തതിനാൽ പദ്ധതി വിട്ട് ആശുപത്രികൾ
Mail This Article
കോഴിക്കോട്∙ കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ചികിത്സ നൽകിയ വകയിൽ സർക്കാരിൽ നിന്നു ലഭിക്കേണ്ട കോടിക്കണക്കിനു രൂപ കുടിശിക ലഭിക്കാത്തതിൽ പദ്ധതിയിൽ നിന്നു പിൻമാറുന്നതായി കൂടുതൽ സ്വകാര്യാശുപത്രികൾ. തുക കിട്ടുന്നതുവരെ കാരുണ്യ വഴിയുള്ള സൗജന്യ ചികിത്സ നിർത്തിവയ്ക്കുകയാണെന്ന് ആശുപത്രികൾ രോഗികളെ അറിയിക്കുന്നുമുണ്ട്.
അതേസമയം കുടിശ്ശികയായ തുക ഉടൻ അനുവദിക്കുമെന്നും ഇതിന്റെ പേരിൽ പാവപ്പെട്ടവർക്കു ചികിത്സ നിഷേധിക്കരുതെന്നും പദ്ധതിയുടെ ചുമതലക്കാരായ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി ആശുപത്രികൾക്കു നിർദേശം നൽകിയിട്ടുണ്ട്. ആശുപത്രികൾക്കു തുക നൽകാനുള്ള ഫയൽ ധനവകുപ്പിന്റെ പരിഗണനയിലാണെന്നും അടുത്ത ആഴ്ചയോടെ പണം നൽകാൻ കഴിയുമെന്നും സ്റ്റേറ്റ് ഹെൽത്ത് ഏജൻസി വ്യക്തമാക്കി. സംസ്ഥാനത്തെ പാവപ്പെട്ട 42 ലക്ഷം കുടുംബങ്ങളിലെ 72 ലക്ഷം പേർക്ക് സൗജന്യ ചികിത്സ ഉറപ്പു വരുത്താനുള്ളതാണ് ഇൻഷുറൻസ് പദ്ധതി.
English Summary: Karunya: Hospitals leave the scheme due to lack of funds