നിയമസഭയിലും ഗ്രൂപ്പ് ഫോട്ടോയും സത്യപ്രതിജ്ഞയും; രണ്ടും 11ന്
Mail This Article
തിരുവനന്തപുരം ∙ പുതുപ്പള്ളിയിൽ ഇന്നു വിജയിക്കുന്ന അംഗം കൂടി വരുന്നതോടെ 140 എംഎൽഎമാരെയും ഉൾപ്പെടുത്തി നിയമസഭയിൽ 11ന് ഗ്രൂപ്പ് ഫോട്ടോയെടുപ്പ്. സഭാസമ്മേളനം പുനരാരംഭിക്കുന്ന 11നു തന്നെ പുതിയ അംഗം സത്യപ്രതിജ്ഞ ചെയ്യും. ചോദ്യോത്തര വേള കഴിഞ്ഞാണു സത്യപ്രതിജ്ഞ. അതിനു ശേഷം അംഗങ്ങൾ സഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിലെത്തി ഫോട്ടോയെടുപ്പിൽ പങ്കെടുക്കും. തുടർന്ന് ശൂന്യവേള ആരംഭിക്കും.
18ന് ആരംഭിക്കുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ ഫോട്ടോയെടുപ്പ് നിശ്ചയിച്ചത് ലോക്സഭാ തിരഞ്ഞെടുപ്പ് നേരത്തേ നടത്തുമെന്ന ചർച്ചകൾക്കു തുടക്കമിട്ടിട്ടുണ്ട്.
ഒറ്റത്തിരഞ്ഞെടുപ്പിലേക്ക് രാജ്യം നീങ്ങുമെന്നു സൂചന നിലനിൽക്കെ നിയമസഭയിലെ ഫോട്ടോയെടുപ്പും അഭ്യൂഹങ്ങൾക്കിടയാക്കി.
എന്നാൽ, എല്ലാ അംഗങ്ങളുടെയും സാന്നിധ്യം ഉറപ്പുള്ള സമയം നോക്കി ഫോട്ടോയെടുപ്പ് നിശ്ചയിച്ചതാണെന്ന് സ്പീക്കറുടെ ഓഫിസ് വ്യക്തമാക്കി. മുൻപ് ഫോട്ടോയെടുക്കാൻ ശ്രമിച്ചെങ്കിലും പി.ടി.തോമസും ഉമ്മൻചാണ്ടിയും ചികിത്സയിൽ ആയതിനാൽ മാറ്റിവയ്ക്കേണ്ടി വന്നു. 140 എംഎൽഎമാരുടെയും സാന്നിധ്യം ഉറപ്പുള്ളതിനാലാണ് 11ന് ഫോട്ടോയെടുപ്പ് നിശ്ചയിച്ചിരിക്കുന്നതെന്നും സ്പീക്കറുടെ ഓഫിസ് അറിയിച്ചു.
14ന് സമാപനം; ബില്ലുകൾ പാസാക്കുക മുഖ്യ അജൻഡ
കഴിഞ്ഞ മാസം 7ന് ആരംഭിച്ച് 24ന് അവസാനിക്കേണ്ടിയിരുന്ന സമ്മേളനം പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ 10ന് അവസാനിപ്പിക്കേണ്ടി വന്നു. ഇനി 11ന് പുനരാരംഭിക്കുന്ന സമ്മേളനം 14ന് സമാപിക്കും.
ബില്ലുകൾ പാസാക്കുകയാണ് മുഖ്യ അജൻഡ.
ലോക്സഭാ തിരഞ്ഞെടുപ്പ് നേരത്തേയാക്കിയാൽ തിരഞ്ഞെടുപ്പിനു മുൻപുള്ള അവസാന നിയമസഭാ സമ്മേളനമായിരിക്കും ഇത്. 6 മാസമാണ് 2 നിയമസഭാ സമ്മേളനങ്ങൾക്കിടയിലെ ഇടവേള.
English Summary : Oath of winning candidate from puthuppally and assembly group photo, both at september 11