യൂത്ത് കോൺഗ്രസ് അംഗങ്ങൾ ഏഴു ലക്ഷം കവിഞ്ഞു; അംഗത്വ വിതരണവും വോട്ടെടുപ്പും 5 നാൾ കൂടി
Mail This Article
തിരുവനന്തപുരം ∙ യൂത്ത് കോൺഗ്രസ് അംഗത്വ വിതരണം അവസാനിക്കാൻ ഇനി അഞ്ചുനാൾ മാത്രം. 12ന് അഞ്ചുമണിക്കു പൂർത്തിയാകും. അംഗങ്ങളുടെ എണ്ണം ഇന്നലെ രാത്രി 8മണി വരെയുള്ള കണക്കുപ്രകാരം 7,02,262 ആണ്. ആറിന് പുനരാരംഭിക്കുമ്പോൾ 6,97,139 അംഗങ്ങളായിരുന്നെങ്കിൽ, രണ്ടു ദിവസംകൊണ്ട് 5123 പേർ ചേർന്നു. അംഗമായി ചേരുന്നതിനൊപ്പം സംസ്ഥാന പ്രസിഡന്റു മുതൽ മണ്ഡലം പ്രസിഡന്റു വരെയുള്ള ആറു സ്ഥാനത്തേക്കു വോട്ടും ചെയ്യുന്നതാണ് രീതി. സംസ്ഥാന പ്രസിഡന്റായി രാഹുൽ മാങ്കൂട്ടത്തിലും അബിൻ വർക്കിയുമാണ് പ്രധാന സ്ഥാനാർഥികൾ. ഫലം വരാൻ രണ്ടുമാസമെങ്കിലുമെടുക്കും.
ജൂൺ 28 മുതൽ ജൂലൈ 28 വരെയാണ് അംഗത്വവിതരണം നിശ്ചയിച്ചിരുന്നത്. ജൂലൈ 17ന് ഉമ്മൻചാണ്ടിയുടെ നിര്യാണത്തെത്തുടർന്ന് ആദ്യം നിർത്തിവച്ചു. 30നു യൂത്ത് കോൺഗ്രസിന്റെ ദേശീയ സമ്മേളനം ബെംഗളൂരുവിൽ നടക്കുന്നതു പ്രമാണിച്ച് വീണ്ടും നിർത്തി. പുനരാരംഭിച്ചപ്പൊഴേക്കും കോഴിക്കോട്ടെ പരാതിയിൽ കോടതി യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്തു. സ്റ്റേ നീക്കിയപ്പോഴേക്കും പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ആദ്യം കോട്ടയത്തു മാത്രമാണ് അംഗത്വവിതരണം നിർത്തിവച്ചതെങ്കിലും പിന്നീട് സംസ്ഥാനത്താകെ നിർത്തി. അഞ്ചിന് വോട്ടെടുപ്പു കഴിഞ്ഞശേഷം ആറു മുതലാണു വീണ്ടും വിതരണം തുടങ്ങിയത്. 30 ദിവസമാണ് ആകെ അംഗത്വവിതരണത്തിനുള്ളത്.
English Summary: Youth Congress members have crossed seven lakhs