ADVERTISEMENT

തിരുവനന്തപുരം ∙ പുതുപ്പള്ളിയിൽ ബിജെപി അനുഭാവികളുടെ വോട്ട് പോലും പാർട്ടി സ്ഥാനാർഥിക്കു ലഭിച്ചില്ലെന്നു വിലയിരുത്തൽ. പ്രവർത്തനത്തിനു മണ്ഡലത്തിലെ 25% പ്രവർത്തകർ മാത്രമേ ഇറങ്ങിയിട്ടുള്ളൂവെന്നും അതു ജില്ലാ നേതൃത്വത്തോടുള്ള എതിർപ്പു മൂലമാണെന്നുമാണു കണ്ടെത്തൽ.

ബിജെപി സംസ്ഥാന–ജില്ലാ നേതൃത്വത്തെയും മറികടന്നു സംഘടനാ സെക്രട്ടറി കെ.സുഭാഷ് പോഷകസംഘടനാ നേതാക്കളെക്കണ്ടു നടത്തിയ ചർച്ചകളെ തുടർന്നാണു കുറച്ചെങ്കിലും പ്രവർത്തകരെ ഇറക്കാനായത്. ദേശീയ ജനറൽ സെക്രട്ടറി ഉൾപ്പെടെ ക്യാംപ് ചെയ്തു മേൽനോട്ടം വഹിച്ചിടത്താണു നേതൃത്വത്തോട് ഇടഞ്ഞ് പ്രവർത്തകരും പോഷകസംഘടനാ ഭാരവാഹികളും മാറിനിന്നതെന്നതു നേതൃത്വത്തെ ഞെട്ടിച്ചു. 16നു തൃശൂരിൽ സംസ്ഥാന ഭാരവാഹിയോഗത്തിൽ വോട്ടുചോർച്ച ചർച്ച ചെയ്യും.

പുതുപ്പള്ളി മണ്ഡലത്തിൽ ആർഎസ്എസ് അനുബന്ധ സംഘടനകളുമായി ബന്ധമുള്ള 3000 കുടുംബങ്ങളുണ്ടെന്നാണു കണക്ക്. പ്രചാരണത്തോടനുബന്ധിച്ചു നടത്തിയ കുടുംബയോഗങ്ങളിൽ 200 –300 പേർ വരെ പങ്കെടുത്തെങ്കിലും ആകെ 100 വോട്ട് കടന്ന ബൂത്തുകൾ ഒന്നോ രണ്ടോ മാത്രമാണ്.

മുഖ്യശത്രുവായി കോൺഗ്രസിനെ കാണണമെന്നു ദേശീയ, സംസ്ഥാന നേതൃത്വങ്ങൾ പറയുമ്പോൾ അണികൾ സിപിഎമ്മിനെ കാണുന്നുവെന്ന സൂചനയും പുതുപ്പള്ളി നൽകുന്നു. പ്രവർത്തകർ ഏതു വിധേനയും സിപിഎമ്മിനെ തോൽപിക്കണമെന്നു ചിന്തിച്ചു. ഗണപതി മിത്ത് വിവാദമൊക്കെ സിപിഎമ്മിനെതിരെ വോട്ടുചെയ്യാൻ പ്രേരിപ്പിച്ചു. 

രാജ്യം ഭരിക്കുന്ന ബിജെപി കേരളത്തിൽ താഴേക്കാണു വളരുന്നതെന്നതു ഗൗരവമായി കാണണമെന്നാണു മുതിർന്ന നേതാക്കൾ സംസ്ഥാന നേതൃത്വത്തിനു കൈമാറുന്ന സന്ദേശം. 15 വർഷം മുൻപ് സിപിഎമ്മിനും കോൺഗ്രസിനും താഴെ ഒരു മണ്ഡലത്തിൽ 5,000 വോട്ടുകളിൽ നിന്നിരുന്ന ബിജെപി 2 മുന്നണികൾക്കും ഭീഷണിയായി വളർന്നിരുന്നു. അവിടെ നിന്നാണു വീണ്ടും 5,000–6,000 നിലയിലേക്കു വീണത്. പ്രവർത്തകരും അനുഭാവികളും കൂടി കൈവിടുന്ന സാഹചര്യത്തിലെത്തിയതു വലിയ തിരിച്ചടിയാണ്.

English Summary : BJP supporters have also given up

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com