ഇന്ധന സെസ് കണക്കുകളിൽ 45 കോടിയുടെ പൊരുത്തക്കേട്
Mail This Article
കൊച്ചി ∙ സംസ്ഥാന സർക്കാർ പിരിച്ചെടുത്ത ഇന്ധന സെസ് കണക്കുകളുമായി ബന്ധപ്പെട്ട് സംസ്ഥാന ജിഎസ്ടി വകുപ്പും ധനവകുപ്പിനു വേണ്ടി ഇന്ത്യൻ ഓയിൽ കോർപറേഷനും (ഐഒസി) നൽകിയ വിവരാവകാശ രേഖകളിൽ വലിയ പൊരുത്തക്കേട്.
പെട്രോളിനും ഡീസലിനും 2 രൂപ വീതം സാമൂഹിക സുരക്ഷാ സെസ് ഏർപ്പെടുത്തിയ ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാസങ്ങളിൽ 242.75 കോടി രൂപ സർക്കാർ പിരിച്ചെടുത്തതായി ഐഒസി കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ ജിഎസ്ടി വകുപ്പിന്റെ രേഖകൾ പ്രകാരം ഇക്കാലയളവിൽ ഇന്ധന സെസ് ആയി സർക്കാർ പിരിച്ചെടുത്തത് 197.8 കോടി രൂപയാണ്. 45 കോടിയോളം രൂപയുടെ വ്യത്യാസം എങ്ങനെ വന്നെന്നു വ്യക്തമാക്കേണ്ടത് സംസ്ഥാന സർക്കാരാണ്.
പ്രതിമാസ കണക്കുകൾ പരിശോധിച്ചാലും അന്തരം ഏറെയാണ്. ഏപ്രിലിൽ 7.44 കോടി രൂപയും മേയിൽ 84.76 കോടിയും ജൂണിൽ 105.6 കോടി രൂപയും സർക്കാർ ഖജനാവിൽ എത്തിയതായാണ് ജിഎസ്ടി വകുപ്പിന്റെ കണക്ക്. ഈ കണക്കുകളിൽ പൊരുത്തക്കേട് ഉള്ളതായി മനോരമ നേരത്തെ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ പൊതുമേഖല എണ്ണക്കമ്പനികളിൽ നിന്നു മാത്രമായി ഏപ്രിലിൽ 75.95 കോടി രൂപയും, മേയിൽ 89.32 കോടി രൂപയും ജൂണിൽ 77.48 കോടി രൂപയുമാണ് സർക്കാർ പിരിച്ചെടുത്തതെന്ന് ഐഒസി രേഖകൾ വ്യക്തമാക്കുന്നു. ജൂലൈയിൽ 73.40 കോടി രൂപയും പിരിച്ചെടുത്തു. ഇങ്ങനെ ഐഒസി കണക്കുകൾ പ്രകാരം ഇന്ധന സെസ് ഇനത്തിൽ ജൂലൈ വരെ സർക്കാരിനു ലഭിച്ചിട്ടുള്ളത് 316.15 കോടി രൂപയാണ്.
സ്വകാര്യ എണ്ണ കമ്പനികളുടെ കണക്കുകൾ ഇതിൽ ഉൾപ്പെട്ടിട്ടില്ല. വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലയ്ക്കു ലഭിച്ച വിവരാവകാശ രേഖകളിലാണ് ഈ കണക്കുകളുള്ളത്. എണ്ണക്കമ്പനികൾ ഇന്ധനം വിൽക്കുമ്പോൾ ജനങ്ങളിൽ നിന്ന് ഈടാക്കുന്ന നികുതി സർക്കാരിലേക്ക് മാസാടിസ്ഥാനത്തിൽ അടയ്ക്കുകയാണ് ചെയ്യുന്നത്. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ കേരളത്തിൽ സ്വകാര്യ, പൊതുമേഖലയിലായി വിൽപന നടന്ന പെട്രോൾ, ഡീസൽ കണക്കുകൾ ചുവടെ:
മാസം, പെട്രോൾ, ഡീസൽ (കോടി ലീറ്റർ കണക്കിൽ)
ഏപ്രിൽ 20.22 21.76
മേയ് 22.55 27.08
ജൂൺ 20.42 23.19
ജൂലൈ 19.81 21.55
English Summary: Fuel cess data Kerala