ADVERTISEMENT

വിജയനും സതീശനും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്. നന്ദകുമാർ വന്നാലും നിങ്ങൾ വന്നാലും ഞാൻ ഇരിക്കാൻ പറയും. കടക്ക് പുറത്തെന്ന് ആരോടും പറയില്ല. ഞങ്ങൾ രണ്ടു പേരും രണ്ട് ധ്രുവങ്ങളിലാണ്. പിണറായി വിജയനും വി.ഡി. സതീശനും തമ്മിൽ ഒരു താരതമ്യവുമില്ല.  ആർ.ബാലകൃഷ്ണ പിള്ളയെ ജയിലിലാക്കിയതിൽ സ്വന്തം സംഭാവനയുണ്ടെന്നു പറഞ്ഞ ദല്ലാൾ നന്ദകുമാർ ആരുടെ ആളായിരുന്നു? അന്ന് അയാളുടെ ലക്ഷ്യം അന്നത്തെ പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനായിരുന്നു. എന്നിട്ടും നിങ്ങൾ എത്ര പെട്ടന്നാണ് അയാളുമായി കൂട്ടുകൂടിയത്. അധികാരത്തിൽ വന്നു മൂന്നാം ദിവസം അയാൾ നിങ്ങളെ കയ്യിലെടുത്തു. അയാളെ ഉപയോഗിച്ചു പണം നൽകിയാണു കത്ത് കൈക്കലാക്കിയത്. പരാതിക്കാരി പറഞ്ഞതിന്റെ പേരിലാണ് ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തത്. യുഡിഎഫിനെതിരെ പറയാൻ ഇ.പി.ജയരാജൻ 10 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന പരാതിക്കാരിയുടെ ആരോപണത്തിൽ എന്തു കേസാണെടുത്തത്? എം.വി.ഗോവിന്ദന്റെ പരിപാടിയിൽ പങ്കെടുക്കാതെ ദല്ലാൾ നന്ദകുമാറിന്റെ വീട്ടിലേക്കാണ് ഇപി പോയത്. എൽഡിഎഫ് കൺവീനറായ ജയരാജന് ദല്ലാൾ നന്ദകുമാറുമായി എന്തു ബന്ധമാണുള്ളത്? 

2016ൽ അധികാരത്തിൽ വന്നു മൂന്നാമത്തെ ദിവസം മുഖ്യമന്ത്രി ഇടനിലക്കാരനായ ദല്ലാൾ നന്ദകുമാറിനൊപ്പം പരാതിക്കാരിയെ കണ്ടെന്നാണ് സിബിഐ റിപ്പോർട്ടിൽ പറയുന്നത്. നന്ദകുമാർ 50 ലക്ഷം രൂപ നൽകിയാണു പരാതിക്കാരി ജയിലിൽ നിന്നെഴുതിയ കത്ത് വാങ്ങിയത്. കത്ത് സംഘടിപ്പിക്കാൻ ആരാണ് ദല്ലാൾ നന്ദകുമാറിനു പണം നൽകിയത്? പണം നൽകിയതു നിങ്ങളാണ്. 5 വർഷം അന്വേഷണം നടത്തിയിട്ടും തെളിവു കിട്ടാഞ്ഞതിനെ തുടർന്നു തിരഞ്ഞെടുപ്പായപ്പോൾ സിബിഐക്കു വിട്ടു. തട്ടിപ്പുകാരി നിങ്ങൾക്കു വേണ്ടപ്പെട്ടവരായിരുന്നു.  ഉമ്മൻ ചാണ്ടിയെ ക്രൂശിക്കാനും അപമാനിക്കാനുമാണു നിങ്ങൾ ശ്രമിച്ചത്. ഇപ്പോൾ നിങ്ങൾ തന്നെ പറയുന്നു ഉമ്മൻ ചാണ്ടി നീതിമാനായിരുന്നെന്ന്.   കാലം മുഖ്യമന്ത്രിയുടെ മുഖത്തു നോക്കി കണക്കു ചോദിച്ചുകൊണ്ടിരിക്കുകയാണ്. 

∙ ഷാഫി പറമ്പിൽ (കോൺഗ്രസ്): കെ.ബി.ഗണേഷ്കുമാർ എംഎൽഎയുടെ പിഎ പ്രദീപ്കുമാർ പത്തനംതിട്ട ജില്ലയിൽ ചെന്ന് ഇൗ കത്തുകൾ കൈപ്പറ്റിയെന്നു സിബിഐയുടെ റിപ്പോർട്ടിൽ പറയുന്നു. 

എറണാകുളം ഗെസ്റ്റ് ഹൗസിൽ വച്ച് ബിജു രാധാകൃഷ്ണനെ ഉമ്മൻചാണ്ടി കണ്ടത് എന്തിനാണെന്നതിന്റെ പേരിൽ ഒരുപാട് ബഹളങ്ങൾ ഇവിടെ നടന്നു. ജീവിതാവസാനം വരെ അതെന്തിനാണെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. പി.സി.ജോർജിനെപ്പോലെ ഒരു പൊളിറ്റിക്കൽ വേസ്റ്റിന്റെ വാക്കു കേട്ട് ഉമ്മൻചാണ്ടിയെ ആക്ഷേപിച്ചവർ ഇനി എന്താണു ജനങ്ങളോടു പറയുക. കേരളം നിങ്ങൾക്കു മാപ്പു തരില്ല. 

∙  കെ.ടി.ജലീൽ (സിപിഎം): ഐഎസ്ആർഒ ചാരക്കേസ് കൊണ്ടു വന്നതു പോലെ കോൺഗ്രസുകാർ കോൺഗ്രസുകാർക്കെതിരെ കൊണ്ടുവന്ന കേസാണു സോളർ. ശിവരാജൻ കമ്മിഷന്റെ കണ്ടെത്തലാണു നാട്ടിലാകെ പ്രചരിച്ചത്. അതിൽ ഞങ്ങൾക്കു പങ്കില്ല. 

∙  സണ്ണി ജോസഫ് (കോൺഗ്രസ്): ആർ.ബാലകൃഷ്ണപിള്ളയെ ജയിലിലടച്ച നിങ്ങൾ അദ്ദേഹത്തെ പുറത്തിറക്കിയ ഉമ്മൻചാണ്ടിയെ കുറ്റപ്പെടുത്തി. എന്നിട്ട് ബാലകൃഷ്ണപിള്ളയെ ഒപ്പം കൂട്ടി. കെ.എം.മാണിയോടും ഇതു തന്നെ ചെയ്തു. 

∙ പി.ബാലചന്ദ്രൻ (സിപിഐ): ചാണ്ടി ഉമ്മൻ നിയമസഭയിൽ വന്ന ദിവസം തന്നെ ഇൗ നാടകം യുഡിഎഫ് കാണിക്കാൻ പാടില്ലായിരുന്നു. കോൺഗ്രസിലെ ഗ്രൂപ്പ് പോരിന്റെ ഭാഗമായാണു സോളർ കേസുണ്ടായത്. 

∙ എൻ.ഷംസുദ്ദീൻ (ലീഗ്):  ഇൗ വ്യാജക്കത്ത് ഉണ്ടാക്കിയവർക്കെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രി തയാറാകുമോ? 

∙ പി.പി.ചിത്തരഞ്ജൻ(സിപിഎം): സോളർ കുഞ്ഞിനെ ജനിപ്പിച്ചതും വളർത്തിയതും യുഡിഎഫാണ്. കേസ് ഒതുക്കിത്തീർക്കാൻ തമ്പാനൂർ രവിയും ബെന്നി ബെഹനാനും നടത്തിയ ഫോൺ സംഭാഷണം എല്ലാവരും കേട്ടതാണ്. 

∙ സെബാസ്റ്റ്യൻ കുളത്തുങ്കൽ (കേരള കോൺ): ഉമ്മൻചാണ്ടിക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ച പി.സി.ജോർജിനെ ഇപ്പോൾ കോൺഗ്രസുകാർ മാലയിട്ട് സ്വീകരിക്കാൻ ശ്രമിക്കുകയാണ്. 

∙ കെ.കെ.രമ (ആർഎംപി): ഉമ്മൻചാണ്ടിക്കെതിരെ ആരോപണം ഉന്നയിക്കാൻ സിപിഎം നേതാക്കൾ 10 കോടി രൂപ വാഗ്ദാനം ചെയ്തെന്നു വെളിപ്പെടുത്തിയതും ഇതേ പരാതിക്കാരിയാണ്. പണം കൊടുത്ത് ആരോപണം കെട്ടിച്ചമയ്ക്കുന്നവർ എങ്ങനെ കമ്യൂണിസ്റ്റുകാരാകും? 

∙ എം.നൗഷാദ്: കെപിസിസി നേതാവ് കൊടുത്ത പരാതിയിൽ കേസെടുത്തതോടെയാണു സോളർ കേസുണ്ടായത്. അതിനു മുഖ്യമന്ത്രിയെ എന്തിനു കുറ്റപ്പെടുത്തണം. ഉമ്മൻചാണ്ടി തീവെട്ടിക്കൊള്ള നടത്തുന്നെന്നു പറ‍ഞ്ഞതു വി.ഡി.സതീശനാണ്. 

∙ കെ.വി.സുമേഷ് (സിപിഎം): അൽപം ഉളുപ്പുണ്ടെങ്കിൽ മാപ്പു പറയേണ്ടതു ഷാഫി പറമ്പിലാണ്. ടെന്നി ജോപ്പന്റെ അറസ്റ്റോടെയാണു സോളർ കേസ് ഉണ്ടായത്. അതിനു കാരണം തിരുവഞ്ചൂർ രാധാകൃഷ്ണനാണ്. 

English Summary : Chief Minister paid money to broker says VD Satheesan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com