സതീശനല്ല വിജയൻ: മുഖ്യമന്ത്രി
Mail This Article
ഇൗ സർക്കാർ അധികാരത്തിൽ വന്നു മുന്നാമത്തെ ദിവസം ദല്ലാളിനെ വിളിച്ചു വരുത്തി പരാതി വാങ്ങിയെന്നു സതീശൻ പറഞ്ഞല്ലോ. ദല്ലാളിനെ പ്രതിപക്ഷത്തിനു നല്ലതു പോലെ അറിയാമല്ലോ. സതീശനും വിജയനും തമ്മിൽ ചില വ്യത്യാസങ്ങളുണ്ട്. ഞാൻ മുഖ്യമന്ത്രിയാകുന്നതിനു മുൻപ് ദല്ലാളെന്നു പറയുന്ന ഇയാൾ എന്റെ അടുത്തു വന്നപ്പോൾ ‘ഇറങ്ങിപ്പോകണം നിങ്ങൾ’ എന്നു പറഞ്ഞയാളാണു ഞാൻ. അത് സതീശൻ പറയുമോ എന്ന് എനിക്കറിയില്ല. എന്നാൽ, അതു പറയാൻ വിജയനു മടിയില്ല.
അതു പറയാനിടയാക്കിയ കാരണത്തെക്കുറിച്ചു ഞാൻ അധികം പറയുന്നില്ല. വർഷങ്ങൾക്കു മുൻപ് ഇറക്കിവിട്ടയാൾ ഞാൻ മുഖ്യമന്ത്രിയായപ്പോൾ എന്റെ അടുത്തു വന്നു എന്നു പറയുന്നതു നിങ്ങളുടെ ആവശ്യത്തിനായി നിങ്ങൾ കെട്ടിച്ചമയ്ക്കുന്ന ഒരു കഥ മാത്രമാണ്. അയാൾ മറ്റു പലയിടത്തും പോകും. എന്റെയടുത്തു വരാനുള്ള മാനസികനില ഉണ്ടാകുമെന്നു തോന്നുന്നില്ല. ഞങ്ങൾ അധികാരത്തിൽ വന്നു 3 മാസത്തിനു ശേഷമാണ് പരാതി കിട്ടിയത്. അല്ലാതെ 3 ദിവസം കഴിഞ്ഞപ്പോഴല്ല. എസ്എൻസി ലാവ്‌ലിൻ കേസുമായി ബന്ധപ്പെട്ട് ഉപേന്ദ്രവർമയെ ഓർമയുണ്ടല്ലോ. അദ്ദേഹത്തെ മാറ്റിയതു പോലെ സോളർ കേസ് അന്വേഷിച്ച ഏതെങ്കിലും ഉദ്യോഗസ്ഥരെ പെട്ടെന്നു മാറ്റാനോ അന്വേഷണ റിപ്പോർട്ടിൽ മറ്റെന്തെങ്കിലും ചെയ്യാനോ ഞങ്ങൾ തയാറായിട്ടില്ല.
സിബിഐ ഫയൽ ചെയ്തതായി മാധ്യമങ്ങളിൽ വന്നിട്ടുള്ള റിപ്പോർട്ട് സംസ്ഥാന സർക്കാരിന്റെ പക്കലില്ല. സോളർ തട്ടിപ്പുകേസ് എൽഡിഎഫ് സർക്കാർ സൃഷ്ടിച്ചെടുത്തതോ കെട്ടിച്ചമച്ചതോ അല്ല. ആ കേസിന്റെ തുടക്കം മുതൽ അഭിനയിക്കുന്ന കഥാപാത്രങ്ങൾ കോൺഗ്രസുകാരാണ്. ഉപ്പു തിന്നവർ വെള്ളം കുടിക്കട്ടെ എന്ന നിലപാടാണു ഞങ്ങൾ സ്വീകരിച്ചത്. ഉപ്പുതീറ്റിക്കാൻ ഞങ്ങൾ ശ്രമിച്ചിട്ടില്ല. അന്നത്തെ മുഖ്യമന്ത്രിക്കെതിരെ അതിശക്തമായി രംഗത്തെത്തുകയും പത്തനംതിട്ട കോടതിയിൽ രഹസ്യമൊഴി കൊടുക്കുകയും ചെയ്ത മല്ലേലിൽ ശ്രീധരൻനായർ കെപിസിസി അംഗമായിരുന്ന വ്യവസായിയാണ്. പാതിരാത്രിയിൽ വിവാദനായികയെ കോൺഗ്രസ് മന്ത്രിമാരും നേതാക്കളും വിളിച്ചത് കോൺഗ്രസിന്റെ ഭരണഘടന പഠിപ്പിക്കാൻ അല്ലല്ലോ എന്നു പരിഹസിച്ചത് ഒരു മുൻ കെപിസിസി അധ്യക്ഷനും നിലവിലെ ലോക്സഭാംഗവുമായ ഒരു ബഹുമാന്യ വ്യക്തിയാണ്.
English Summary : Vijayan not Satishan says Chief Minister Pinarayi Vijayan