രാഷ്‌ട്രീയക്കാരിലെ സന്യാസി; എതിർപക്ഷത്തും സൗഹൃദം
Mail This Article
കണ്ണൂർ ∙ രാഷ്‌ട്രീയക്കാരിലെ സന്യാസി; സന്യാസിമാരിലെ രാഷ്ട്രീയക്കാരൻ. പി.പി.മുകുന്ദൻ അറിയപ്പെട്ടിരുന്നത് ഇങ്ങനെയാണ്. സ്വന്തമായി ഒരു ജോടി തുണിപോലും വിലകൊടുത്തു വാങ്ങിയിട്ടില്ല. ഓണത്തിനും വിഷുവിനും കിട്ടുന്നതുകൊണ്ട് കഴിച്ചു. ഒരുതുണ്ട് ഭൂമി പോലും സ്വന്തമായില്ല. വീടില്ല, അനന്തരാവകാശികളില്ല. ആർഎസ്എസ് പ്രവർത്തനത്തിനായി 57 വർഷം മുൻപു വീടുവിട്ടിറങ്ങി. സംഘടനാകാര്യങ്ങളല്ലാത്ത ഒരു പദവിയും സ്വീകരിച്ചില്ല.
കൊട്ടിയൂർ മഹാദേവക്ഷേത്ര ഊരാളന്മാരായ 4 തറവാടുകളിൽപെട്ട മണത്തണ കൊളങ്ങരേത്ത്, പരേതരായ നടുവിൽ വീട്ടിൽ കൃഷ്ണൻ നായരുടെയും കൊളങ്ങരേത്ത് കല്യാണിയമ്മയുടെയും മകനായി 1946 ഡിസംബർ 9നാണ് പടിഞ്ഞാറെ പുത്തലത്ത് മുകുന്ദന്റെ ജനനം. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ആർഎസ്എസ് പ്രചാരകായി തുടങ്ങിയ പ്രവർത്തനം പിന്നീട് ജില്ലാ പ്രചാരകിലേക്കും വിഭാഗ് പ്രചാരക്, സമ്പർക്ക് പ്രമുഖ് തുടങ്ങിയ നിലകളിലേക്കും വളർന്നു.
അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ച് അധികം വൈകാതെ ആർഎസ്എസിന്റെ ‘കുരുക്ഷേത്രം’ എന്ന പത്രത്തിന്റെ പതിപ്പുകളുമായി പിടിക്കപ്പെട്ട് ജയിലിലായി. ജയിലിൽനിന്ന് ഇറങ്ങിയ ശേഷം കോഴിക്കോട് വിഭാഗ് പ്രചാരകായി. ദേശീയ രാഷ്ട്രീയത്തിൽ ജനസംഘം വളർന്നപ്പോൾ രാഷ്ട്രീയം അതിനൊപ്പമായി. ജനസംഘം പിന്നീട് ഭാരതീയ ജനതാ പാർട്ടി ആയപ്പോൾ ആർഎസ്എസിന്റെ തീരുമാനപ്രകാരം പാർട്ടി ചുമതലകളിലേക്കു പ്രവർത്തനം വ്യാപിച്ചു. സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറിയായി ചുമതല ഏറ്റെടുത്തു.
തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തു 2 ലക്ഷത്തോളം പേരെ പങ്കെടുപ്പിച്ചു നടത്തിയ ‘ഹിന്ദുസംഗമം’ മുകുന്ദന്റെ സംഘാടകമികവിനുള്ള തെളിവായി.
പി.പി.മുകുന്ദനെ എന്നും വിവാദപുരുഷനാക്കിയിരുന്നത് എതിർചേരിയിലെ അദ്ദേഹത്തിന്റെ സൗഹൃദങ്ങളായിരുന്നു. വിയ്യൂർ ജയിലിൽ കഴിയവേയാണ് എം.എം.ലോറൻസ്, അരങ്ങിൽ ശ്രീധരൻ, കെ.എൻ.രവീന്ദ്രനാഥ് എന്നിവരുമായി അടുക്കുന്നത്. ഇ.കെ.നായനാരുമായി ഊഷ്‌മള ബന്ധമുണ്ടായിരുന്നു. കെ.കരുണാകരനുമായുള്ള അടുപ്പവും പരസ്യമാണ്. എ.കെ.ആന്റണി, പിണറായി വിജയൻ, പി.കെ.കുഞ്ഞാലിക്കുട്ടി, എം.കെ.മുനീർ... ആ പട്ടിക നീണ്ടതാണ്. വോട്ടല്ല പ്രധാനം ‘ഹാർട്ട് ആണ്’ എന്നായിരുന്നു മുകുന്ദന്റെ പക്ഷം.
English Summary: Remembering PP Mukundan