വിവാദ ഹർജി പിൻവലിക്കാൻ ഐജി ലക്ഷ്മൺ അനുമതി തേടി
Mail This Article
കൊച്ചി ∙ മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ ഗുരുതര ആരോപണങ്ങൾ ഉൾപ്പെടെ ഉന്നയിച്ച് നൽകിയ ഹർജി പിൻവലിക്കാൻ ഐജി ജി.ലക്ഷ്‌മൺ ഹൈക്കോടതിയിൽ അനുമതി തേടി. വ്യാജ പുരാവസ്തുക്കളുപയോഗിച്ചു മോൻസൻ മാവുങ്കൽ സാമ്പത്തിക തട്ടിപ്പു നടത്തിയെന്ന കേസിൽ തന്നെ പ്രതിചേർത്ത നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ ഹർജിയാണു പിൻവലിക്കാൻ അനുമതി തേടിയത്.
ഇതിനിടെ, കേസിൽ ലക്ഷ്‌മണിന് നേരത്തെ അനുവദിച്ച ഇടക്കാല മുൻകൂർ ജാമ്യം ഹൈക്കോടതി സ്ഥിരപ്പെടുത്തി. തന്നെ പ്രതിചേർത്തത് ചോദ്യംചെയ്ത് കേസിലെ നാലാം പ്രതിയായ ലക്ഷ്മൺ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് സി.പി.മുഹമ്മദ് നിയാസിന്റെ ഉത്തരവ്.
മുഖ്യമന്ത്രിയുടെ ഓഫിസിൽ ഭരണഘടനാതീത അധികാര കേന്ദ്രം പ്രവർത്തിക്കുന്നുണ്ടെന്നും സംസ്ഥാനത്തെ ചില സാമ്പത്തിക ഇടപാടുകളിൽ ഒത്തുതീർപ്പിനു മധ്യസ്ഥത വഹിക്കുന്നുണ്ടെന്നും ഉൾപ്പെടെയുള്ള ആരോപണങ്ങളാണ് ഹർജിയിൽ നേരത്തെ ഉന്നയിച്ചിരുന്നത്. ഹൈക്കോടതി ആർബിട്രേറ്റർമാർക്ക് അയച്ച തർക്കങ്ങൾപോലും ഈ അധികാരകേന്ദ്രം തീർപ്പാക്കുന്നുണ്ടെന്നും തിരശീലയ്ക്കു പിന്നിൽ പ്രവർത്തിക്കുന്ന ഈ ബുദ്ധികേന്ദ്രവും അദൃശ്യകരവുമാണ് എറണാകുളം ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്കു നിർദേശം നൽകുന്നതെന്നും ആരോപിച്ചു.
ആരോപണങ്ങൾ വിവാദമായതോടെ ഹർജിയിലെ പരാമർശങ്ങൾ തന്റെ അറിവോടെയല്ലെന്നും ചികിത്സയിലായിരുന്നതിനാൽ അഭിഭാഷകനാണ് ഹർജി നൽകിയതെന്നും വിശദീകരിച്ചിരുന്നു. തുടർന്നു പിൻവലിക്കുമെന്ന് വ്യക്തമാക്കി ചീഫ് സെക്രട്ടറിക്ക് കത്തും നൽകിയിരുന്നു. നേരത്തെ ഹാജരായ അഭിഭാഷകനെ മാറ്റി മറ്റൊരു അഭിഭാഷകനെ നിയോഗിച്ചിട്ടുമുണ്ട്. കേസ് റദ്ദാക്കാൻ വേറെ ഹർജി നൽകും.
ചോദ്യംചെയ്യലിന് ഹാജരാകാനും അറസ്റ്റ് ചെയ്താൽ നിശ്ചിത തുകയുടെ ബോണ്ടിൽ അന്വേഷണ ഉദ്യോഗസ്ഥൻ ജാമ്യത്തിൽ വിടാനും ലക്ഷ്മണിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. ഇടക്കാല ഉത്തരവു പാലിച്ച സാഹചര്യത്തിലാണ് മുൻകൂർ ജാമ്യം സ്ഥിരപ്പെടുത്തിയത്.
English Summary: G Lakshman IPS sought permission to withdraw the controversial petition