നിപ്പ പ്രതിരോധം: വീഴ്ചകളിൽ 2018ന്റെ തനിയാവർത്തനം
Mail This Article
കോഴിക്കോട്∙ സംസ്ഥാനത്ത് ആദ്യമായി 2018ൽ നിപ്പ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ ഉണ്ടായ വീഴ്ച അതേപടി ഇക്കുറിയും. രോഗം തുടക്കത്തിൽ തന്നെ കണ്ടെത്തുന്നതിലും രോഗവ്യാപനം തടയുന്നതിലും അന്നുണ്ടായ അതേ വീഴ്ചയാണ് ഇത്തവണയും ആവർത്തിച്ചത്. രോഗം സ്ഥിരീകരിക്കുമ്പോഴേക്കും രണ്ടു രോഗികൾ മരിച്ചു. അന്നത്തെപ്പോലെ ആശുപത്രിയിൽ നിന്നു തന്നെ ഇക്കുറിയും രോഗം പടരുന്ന സാഹചര്യവുമുണ്ടായി. ആരോഗ്യപ്രവർത്തകനു രോഗം ബാധിക്കുകയും ചെയ്തു.
രോഗം ബാധിച്ച മുഹമ്മദും ഹാരിസും വീടിനു സമീപത്തെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിൽ പോയിരുന്നെങ്കിലും നിപ്പ സീസൺ ആയിട്ടു പോലും താഴെത്തട്ടിലെ ആരോഗ്യപ്രവർത്തകർക്കു സംശയം തോന്നിയില്ല. ആദ്യ രോഗിയായ മുഹമ്മദിനു രോഗം ഗുരുതരമായതോടെ ചികിത്സയ്ക്കായി എത്തിച്ച കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നിന്നാണു മറ്റുള്ളവർക്കു രോഗം പിടിപെട്ടത്. മുഹമ്മദിനു പുറമേ ഇവിടെ നിന്നു രോഗം ബാധിച്ച ഹാരിസ് മരിക്കുകയും ചെയ്തു. നിലവിലെ സൂപ്പർ സ്പ്രെഡിന് ആശുപത്രിയിൽ നിന്നുള്ള വൈറസ് ബാധ കാരണവുമായി.
ഒരിക്കൽ നിപ്പ റിപ്പോർട്ട് ചെയ്യപ്പെട്ടതിനാൽ തുടർവർഷങ്ങളിൽ നിപ്പ സാധ്യത നിലനിൽക്കുന്നുണ്ടെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ) നേരത്തേ തന്നെ ചൂണ്ടിക്കാട്ടിയതാണ്. ആശുപത്രികളിൽ നിന്നു രോഗം പടരാതിരിക്കാനുള്ള നിയന്ത്രണ സംവിധാനങ്ങൾ ഓരോ ആശുപത്രിയിലും വേണമെന്നും കഴിഞ്ഞ ജൂലൈയിൽ ഐസിഎംആർ പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, ആശുപത്രികളിൽ ഇപ്പോഴും ഈ സംവിധാനങ്ങൾ ആയിട്ടില്ലെന്നാണ് ഇപ്പോഴത്തെ അനുഭവം വ്യക്തമാക്കുന്നത്.
മുഹമ്മദ് എത്തിയ കാഷ്വൽറ്റിയിലെ സിസിടിവി ദൃശ്യങ്ങൾ മാത്രമാണ് ആരോഗ്യവകുപ്പിനു പരിശോധിക്കാനായത്. കാഷ്വൽറ്റിയിൽ എത്തുന്നതിനു മുൻപു മുറ്റത്തോ മറ്റോ വച്ച് ആരോടെങ്കിലും സമ്പർക്കമുണ്ടായോ എന്നൊന്നും ഇപ്പോഴും വ്യക്തമായിട്ടില്ല.
English Summary : Nipah Prevention, disease was not detected in the beginning because of ICMR's warning was ignored