ADVERTISEMENT

അന്തരിച്ച പ്രഫ. സി.ആർ.ഓമനക്കുട്ടനെ ശിഷ്യൻ നടൻ സലിംകുമാർ അനുസ്മരിക്കുന്നു

പൊട്ടിച്ചിരിക്കുന്ന ഓമനക്കുട്ടൻസാറിന്റെ മുഖം കണ്ടാണ് ഒടുവിൽ ഞാൻ പിരി‍ഞ്ഞത്. അദ്ദേഹത്തിന്റെ നിർവികാരമുഖം ഞാൻ കണ്ടിട്ടില്ല. കഴിഞ്ഞ മാസം 2ന് ഓമനശിഷ്യന്മാർ ഒത്തുകൂടിയ ചടങ്ങിനെത്തുമ്പോൾ എന്തൊരു സന്തോഷമായിരുന്നു ആ മുഖത്ത്. എല്ലാവർക്കും നൽകാൻ സ്നേഹം എന്ന ‘ഐറ്റം’ ഇത്രമാത്രം സ്റ്റോക്ക് ചെയ്ത മറ്റൊരു അധ്യാപകനെ ഞാൻ കണ്ടിട്ടില്ല. അധികാരവും പദവിയുമെല്ലാം തല്ലിക്കൊഴിച്ച് തന്റെ ചുറ്റുമുള്ള വിദ്യാർഥികളെ തന്നിലേക്കു ചേർത്തു നിർത്തിയ അധ്യാപകനായിരുന്നു ഓമനക്കുട്ടൻസാറെന്നാണ് ചടങ്ങിൽ   സുനിൽ പി.ഇളയിടം പറഞ്ഞത്. 

അധ്യാപകൻ വിദ്യാർഥികളുടെ കൂട്ടുകാരനാകുന്നതെങ്ങനെയെന്നത് അദ്ദേഹത്തിന്റെ മഹാരാജാസ് ജീവിതം എനിക്ക് കാണിച്ചു തന്നു. ഓമന എന്ന പേരിന്റെ ഓമനത്വത്തെക്കുറിച്ചാണ് മമ്മൂക്ക പറഞ്ഞത്. കണ്ടറിഞ്ഞിട്ട പേരാണത്. മുണ്ടുമാടിക്കുത്തി തനി നാട്ടിൻപുറത്തുകാരനായി നഗരമധ്യത്തിലൂടെ കൈവീശി നടന്നു ഓമനക്കുട്ടൻസാർ.

ജീവിതത്തിൽ പലപ്പോഴും ഉള്ളുലഞ്ഞും വേച്ചുവേച്ചും നീങ്ങിയ എന്നെപ്പോലെ എത്രയോ പേർക്കു തണലും വഴികാട്ടിയുമായിരുന്നു അദ്ദേഹം. തിരുവല്ലയിൽ യുവജനോത്സവം ജയിച്ചശേഷം മഹാരാജാസ് ക്യാംപസിന്റെ നടുത്തളത്തിൽ രാത്രി മുഴുവൻ കഥകൾ പറഞ്ഞിരുന്നിട്ടുണ്ട് ഞങ്ങൾ. എഴുത്തിന്റെ ഗരിമയോ വായനയുടെ കടലാഴങ്ങളോ ഒന്നും ചർച്ച ചെയ്തിട്ടില്ല; തന്നതു സ്നേഹം മാത്രം.

80–ാം പിറന്നാളിനു ‘തിരുനക്കര’ വീട്ടിൽ എത്തിയപ്പോൾ നല്ല പാലടപ്പായസം നൽകിയാണു സാറിന്റെ ഭാര്യ സ്വീകരിച്ചത്. ഒരു ചടങ്ങിൽ പങ്കെടുക്കാൻ ദോഹയിലെത്തിയപ്പോഴാണു വിയോഗവാർത്തയറിഞ്ഞത്. ഒരുപക്ഷേ, ഈശ്വരൻ നിശ്ചയിച്ചിട്ടുണ്ടാകും, ‘ചിരിക്കാത്ത ഓമനക്കുട്ടൻ സാറിനെ നീ കാണണ്ട’ എന്ന്.

English Summary: Actor Salim Kumar tribute to CR Omanakuttan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com