ADVERTISEMENT

അടിമാലി ∙ കാറിൽ നിന്നു കഞ്ചാവ് ബീഡി പിടിച്ച സംഭവത്തിൽ കേസ് ഒഴിവാക്കാൻ കൈക്കൂലി ചോദിച്ച ഹൈവേ പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. എസ്ഐ ഷിബി ടി.ജോസഫ്, സിപിഒ സുധീഷ് മോഹൻ, ഡ്രൈവർ പി.സി.സോബിൻ ടി.സോജൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഇവർക്കെതിരെ വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. 

അടിമാലി സ്റ്റേഷൻ പരിധിയിലെ വാളറയിൽ കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. പറവൂർ സ്വദേശികളായ ആറു യുവാക്കൾ മൂന്നാറിൽ നിന്നു കാറിൽ വരികയായിരുന്നു. അടിമാലിക്കു സമീപം ട്രാഫിക് പൊലീസ് വാഹനത്തിന്റെ രേഖകളും മറ്റും പരിശോധിച്ചു. വാളറയിൽ വീണ്ടും വാഹനം പരിശോധിച്ച ഹൈവേ പൊലീസ് വണ്ടിക്കുള്ളിൽ നിന്ന് കഞ്ചാവ് ബീഡി കണ്ടെത്തി. ജയിലിലടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയ പൊലീസ് കേസ് ഒഴിവാക്കാൻ 40,000 രൂപ ആവശ്യപ്പെട്ടു. പണമില്ലെന്നു പറഞ്ഞപ്പോൾ യുവാക്കളുടെ കയ്യിലെ ടാബ്, ഐപാഡ് എന്നിവ വിറ്റു പണം നൽകാനായി നിർദേശം. 36,000 രൂപ തന്നാലും മതിയെന്നായി പൊലീസ്. 

സംഘത്തിലെ മൂന്നു പേരെ പൊലീസ് വാഹനത്തിനു സമീപം നിർത്തി മറ്റു മൂന്നു പേർ ടാബും ഐപാഡും വിൽക്കുന്നതിന് കാറിൽ അടിമാലിയിലേക്ക് തിരിച്ചുപോയി. ചാറ്റുപാറയ്ക്കു സമീപം ട്രാഫിക് പൊലീസ് ഇവരുടെ വണ്ടി വീണ്ടും തടഞ്ഞു. വിവരം അറിഞ്ഞ ട്രാഫിക് പൊലീസ് പണം കൊടുക്കരുതെന്നു പറഞ്ഞു തിരിച്ചയച്ചു.

കൈക്കൂലി സംഭവം പാളിയെന്ന് മനസ്സിലായ ഹൈവേ പൊലീസ് കഞ്ചാവ് ബീഡിയുടെ കാര്യം രേഖപ്പെടുത്താതെ സീറ്റ് ബെൽറ്റ് ഇട്ടില്ല, ഗ്ലാസിൽ സൺ ഫിലിം പതിച്ചു, നമ്പർ പ്ലേറ്റ് കൃത്യമല്ല എന്നൊക്കെ പിഴവു ചുമത്തി പെറ്റിക്കേസെടുത്ത് സംഘത്തെ വിട്ടയച്ചു. സഞ്ചാരികളായ യുവാക്കൾ പരാതി നൽകിയില്ലെങ്കിലും വിവരം അറിഞ്ഞ ജില്ലാ പൊലീസ് മേധാവി നടപടിക്കു നിർദേശിക്കുകയായിരുന്നു. 

English Summary: Bribery to avoid case: Suspension of highway police officers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com