19 മലയാളി നഴ്സുമാർ കുവൈത്തിൽ ജയിലിൽ; അറസ്റ്റിലായവരിൽ കൈക്കുഞ്ഞുങ്ങളുടെ അമ്മമാരും
Mail This Article
കൊച്ചി ∙ കുഞ്ഞു ജെഫിയമോൾ മുലപ്പാലിനായി കരയുമ്പോൾ അച്ഛൻ ബിജോയിയുടെ കണ്ണും നിറയും. 6 ദിവസമായി ജെഫിയയുടെ അമ്മ ജെസ്സിൻ കുവൈത്തിലെ ജയിലിലായിട്ട്. മകളെ ജയിലിലെത്തിച്ചു മുലപ്പാൽ നൽകി മടക്കിക്കൊണ്ടുവരാൻ അനുമതി അധികൃതർ നൽകിയിട്ടുണ്ട്. എന്നാൽ, ഒരു മാസം മാത്രം പ്രായമായ ജെഫിയയ്ക്ക് അമ്മയുടെ ചൂടുപറ്റിക്കിടന്നല്ലാതെ ഉറങ്ങി ശീലമില്ല.
കടുത്ത ആശങ്കയിലാണ് അടൂർ സ്വദേശിയായ ബിജോയ്. ‘ഇനി എന്ത്’ എന്നതു വലിയൊരു ചോദ്യമായി മുന്നിൽ നിൽക്കുന്നു. ജെസ്സിൻ ഉൾപ്പെടെ കുവൈത്തിലെ മാലിയയിലെ സ്വകാര്യ ക്ലിനിക്കിൽ ജോലി നോക്കിയിരുന്ന 19 മലയാളി നഴ്സുമാരാണു തടവറയിലായത്.
കുവൈത്ത് മാനവശേഷി സമിതിയുടെ പരിശോധനയിലാണു താമസനിയമം ലംഘിച്ചു ജോലി ചെയ്തെന്ന പേരിൽ 30 ഇന്ത്യക്കാർ ഉൾപ്പെടെ 60 പേർ പിടിയിലായത്. ലൈസൻസ് ഇല്ലാത്തവരും മതിയായ യോഗ്യത ഇല്ലാത്തവരുമാണ് അറസ്റ്റിലായതെന്നാണു കുവൈത്ത് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്. എന്നാൽ, പിടിയിലായ മലയാളി നഴ്സുമാരെല്ലാം സ്ഥാപനത്തിൽ നിയമാനുസൃതം ജോലി ചെയ്തിരുന്നവരാണെന്നു ബന്ധുക്കൾ പറയുന്നു. എല്ലാവർക്കും കാലാവധിയുള്ള വീസയും സ്ഥാപനത്തിന്റെ സ്പോൺസർഷിപ്പും ഉണ്ട്. പലരും 3 മുതൽ 10 വർഷം വരെയായി ഇതേ ആശുപത്രിയിൽ ജോലി ചെയ്യുന്നവരാണ്. ഇന്ത്യയ്ക്കു പുറമേ ഫിലിപ്പീൻസ്, ഈജിപ്ത്, ഇറാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണു പിടിക്കപ്പെട്ടത്.
ഇറാൻ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ആശുപത്രി. നല്ല രീതിയിൽ നടന്നിരുന്ന ആശുപത്രിയിൽ അടുത്തിടെ സ്പോൺസറും ആശുപത്രിയുടെ ഉടമയും തമ്മിലുണ്ടായ തർക്കമാണ് അറസ്റ്റിലേക്കു നയിച്ചതെന്നാണു ബന്ധുക്കൾക്കു ലഭിച്ച വിവരം.
ജെസ്സിനു പുറമേ മുലയൂട്ടുന്ന അമ്മമാരായ 4 മലയാളി നഴ്സുമാർ കൂടി അറസ്റ്റിലായവരിൽ ഉണ്ട്. പ്രസവാവധി കഴിഞ്ഞു തിരികെ ജോലിയിൽ പ്രവേശിച്ച അന്നാണു ജെസ്സിൻ അറസ്റ്റിലായത്. ജിലീബിലെ ഫ്ലാറ്റിലാണു ബിജോയിയും ജെസ്സിനും രണ്ടു പെൺമക്കളും താമസിക്കുന്നത്. കുവൈത്തിലെ ഇന്ത്യൻ എംബസിയും കേന്ദ്ര മന്ത്രി വി.മുരളീധരനും ഇടപെട്ടതിനെ തുടർന്നാണു ജയിലിൽ കുഞ്ഞുങ്ങൾക്കു മുലയൂട്ടാൻ അവസരം ഒരുക്കിയത്. ഇന്ത്യൻ എംബസിയും കേന്ദ്ര സർക്കാരും അടിയന്തരമായി ഇടപെട്ടു നഴ്സുമാരുടെ മോചനത്തിനുള്ള നടപടികൾ കൈക്കൊള്ളണം എന്നാണു ബിജോയ് ഉൾപ്പെടെ ബന്ധുക്കളുടെ ആവശ്യം.
English Summary: Malayali nurses in Kuwait jail