വിവരാവകാശ പ്രവർത്തകൻ ഗിരീഷ് ബാബു മരിച്ചനിലയിൽ
Mail This Article
കളമശേരി (കൊച്ചി) ∙ വിവരാവകാശ പ്രവർത്തകനും പ്രമുഖരുടെ അഴിമതിക്കേസുകളിലെ പരാതിക്കാരനുമായ പുന്നക്കാട്ട് വീട്ടിൽ ജി.ഗിരീഷ് ബാബുവിനെ (48) വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹൃദയാഘാതമാണു മരണകാരണമെന്നു പൊലീസ് അറിയിച്ചു. അസ്വഭാവിക മരണത്തിനു കേസെടുത്തു. സംസ്കാരം ഇന്ന് 10ന് കാക്കനാട് അത്താണി ശ്മശാനത്തിൽ. ഭാര്യ: ലത. മക്കൾ: അളകനന്ദ, അരുന്ധതി, ആദിത്യലക്ഷ്മി (മൂവരും വിദ്യാർഥികൾ).
ഗിരീഷ്ബാബു ഒറ്റയ്ക്കായിരുന്നു മുറിയിൽ കിടന്നുറങ്ങിയത്. വാതിൽ അകത്തുനിന്നു കുറ്റിയിട്ട നിലയിലായിരുന്നു. രാവിലെ ഭാര്യ ലത വാതിലിൽ തട്ടി വിളിച്ചപ്പോൾ തുറക്കാതിരുന്നതിനെ തുടർന്നു സമീപവാസികളെ അറിയിക്കുകയായിരുന്നു. പൊലീസിന്റെ നിർദേശപ്രകാരം വാതിൽ പൊളിച്ചു നോക്കുമ്പോഴാണ് കട്ടിലിൽ മരിച്ചു കിടക്കുന്നതായി കണ്ടെത്തിയത്. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
പാലാരിവട്ടം പാലത്തിലെ അഴിമതി, പ്രളയഫണ്ട് തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ, മാസപ്പടി വിവാദം തുടങ്ങിയ കേസുകളിലെ നിയമ പോരാട്ടത്തിലൂടെ ഗിരീഷ് ബാബു ശ്രദ്ധേയനായിരുന്നു. മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട ഹർജി ഇന്നലെ പരിഗണിക്കാനിരിക്കെയാണു ഗിരീഷ് ബാബുവിന്റെ മരണം. കേസ് ഹൈക്കോടതി പരിഗണിച്ചുവെങ്കിലും ഗിരീഷ് ബാബുവിന്റെ അഭിഭാഷകൻ മരണവിവരം അറിയിച്ചതിനെത്തുടർന്നു രണ്ടാഴ്ചത്തേക്കു മാറ്റി.
English Summary: Activist Gireesh Babu found dead