കൊച്ചി ∙ മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ ഗുരുതര ആരോപണങ്ങൾ ഉൾപ്പെടെ ഉന്നയിച്ച് നൽകിയ ഹർജി പിൻവലിക്കാൻ അനുമതി തേടിയ ഐജി ജി.ലക്ഷ്മണിനു ഹൈക്കോടതിയുടെ കടുത്ത വിമർശനം.

ഹർജിയിലെ പരാമർശങ്ങൾ തന്റെ അറിവില്ലാതെ അഭിഭാഷകൻ കൂട്ടിച്ചേർത്തതാണെന്നു വിശദീകരിച്ചായിരുന്നു അനുമതി തേടിയത്. എന്നാൽ ഇക്കാര്യത്തിൽ അഭിഭാഷകനെ പഴിചാരി രക്ഷപ്പെടാനാവില്ലെന്നും ഇതു കോടതി നടപടികളെ പ്രഹസനമാക്കുന്നതിന് തുല്യമാണെന്നും അപേക്ഷ പരിഗണിച്ച ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണൻ പറഞ്ഞു. 

ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ഇതു പറയുന്നതെന്നും ആരോപണം അഭിഭാഷകന്റെ ഭാവിയെ ബാധിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി. പിഴ ചുമത്തേണ്ടിവരുമെന്നു മുന്നറിയിപ്പ് നൽകിയ കോടതി സത്യവാങ്മൂലം നൽകാൻ നിർദേശിച്ചു.

വ്യാജ പുരാവസ്തുക്കളുപയോഗിച്ചു മോൻസൻ മാവുങ്കൽ സാമ്പത്തിക തട്ടിപ്പു നടത്തിയെന്ന കേസിൽ തന്നെ പ്രതി ചേർത്ത നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലക്ഷ്മൺ ഹൈക്കോടതിയിൽ നൽകിയ ഹർജിയാണു പിൻവലിക്കാൻ അനുമതി തേടിയത്.

English Summary: I G  Lakshman's case in High Court