ADVERTISEMENT

തിരുവനന്തപുരം ∙ മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻ ചാണ്ടിക്ക് സോളർ ഇടപാടിനായി 3 കോടി രൂപ കൈക്കൂലി നൽകാമെന്നു ധാരണയിലെത്തിയതായും രണ്ടു തവണ പണം കൈമാറിയെന്നുമുള്ള പരാതിക്കാരിയുടെ ആരോപണമാണ് സിബിഐ റിപ്പോർട്ടിൽ തെറ്റാണെന്നു തെളിഞ്ഞത്. റിപ്പോർട്ട് കോടതി ശരിവയ്ക്കുകയും ചെയ്തു.

ആദ്യം ഡൽഹിയിൽ 1.1 കോടി രൂപയും പിന്നീട് തിരുവനന്തപുരത്ത് 80 ലക്ഷവും കൈമാറിയെന്നാണ് പരാതിക്കാരി അവകാശപ്പെട്ടത്. ആരോപണങ്ങളും ഇതുസംബന്ധിച്ച സിബിഐയുടെ കണ്ടെത്തലുകളും ഇങ്ങനെ:

∙ 2012 ഡിസംബറിൽ ഡൽഹി ചാണക്യപുരിയിൽ പാർക്കിങ് ഏരിയയിലെ കാറിൽവച്ച് പണം കൈമാറിയെന്നാണ് പരാതിക്കാരി അവകാശപ്പെട്ടത്. ‘മുഖ്യമന്ത്രിയും കെ.സി.ജോസഫ് എംഎൽഎയും തോമസ് കുരുവിളയും ബീക്കൺ ലൈറ്റ് ഘടിപ്പിച്ച മാരുതി എസ്റ്റീം കാറിൽ വന്നു. മുഖ്യമന്ത്രിയെ വിമാനത്താവളത്തിൽ എത്തിച്ച ശേഷം തോമസ് കുരുവിള അതേ വാഹനത്തിൽ വന്നപ്പോൾ 1.1 കോടി രൂപ ലെതർ ബാഗിൽ കൈമാറി’– ഇതായിരുന്നു ആരോപണം.

പരാതിയിൽ പറഞ്ഞ ആളുകളെ സിബിഐ ചോദ്യം ചെയ്തെങ്കിലും അവർ ആരോപണം നിഷേധിച്ചു. ഡൽഹിയിൽ സ്വകാര്യ ഹോട്ടലിൽ താമസിച്ചെന്നാണു പരാതിക്കാരി പറഞ്ഞത്. ആ ഹോട്ടലിൽ 2012 ഡിസംബർ 26 മുതൽ 28 വരെ അവർ താമസിച്ചിട്ടില്ലെന്നു സിബിഐ കണ്ടെത്തി. ഈ അസത്യപ്രസ്താവനയ്ക്കു പരാതിക്കാരിക്കു വിശദീകരണമില്ലെന്നു കോടതി നിരീക്ഷിച്ചു.

ഉമ്മൻ ചാണ്ടി അക്കാലത്തു ഡൽഹിയിൽ ഉപയോഗിച്ചിരുന്നതു മാരുതി കാറല്ലെന്നും ടൊയോട്ട കാറാണെന്നും സർക്കാർ രേഖകളിൽനിന്നു വ്യക്തമായി. ബാലരാമപുരത്തെ വസ്തു വിറ്റാണു തോമസ് കുരുവിളയ്ക്കു പണം നൽകിയതെന്നു പരാതിക്കാരി പറഞ്ഞെങ്കിലും അക്കാലയളവിൽ ബാലരാമപുരം സബ് റജിസ്ട്രാർ ഓഫിസിൽ അങ്ങനെയൊരു വസ്തുക്കച്ചവടം നടന്നതായി രേഖയില്ലെന്നു സിബിഐ കണ്ടെത്തി. പരാതിക്കാരി തടസ്സഹർജിക്കൊപ്പം അതു ഹാജരാക്കിയില്ലെന്നു കോടതിയും പറഞ്ഞു.

തെറ്റായ മൊഴി

തിരുവനന്തപുരത്തുവച്ച് രണ്ടാംഘട്ട കൈക്കൂലിപ്പണമായി 80 ലക്ഷം രൂപ നൽകിയെന്നും പരാതിക്കാരി അവകാശപ്പെട്ടു. ഇതിൽ 62 ലക്ഷം രൂപ പരാതിക്കാരിയുടെ വീട്ടിൽ വീട്ടുജോലിക്കാരിയടക്കം 2 പേരുടെ സാന്നിധ്യത്തിൽ 2013 മാർച്ച് 23നാണു നൽകിയതെന്നും ബിജു രാധാകൃഷ്ണന്റെ അടുത്തുനിന്നു ശ്രീജിത്ത് എന്ന യുവാവാണു പണം വീട്ടിലേക്കു കൊണ്ടുവന്നതെന്നും പറഞ്ഞു. സിബിഐ ചോദ്യം ചെയ്തപ്പോൾ ശ്രീജിത്ത് ഇക്കാര്യം നിഷേധിച്ചു. 

പണം വാങ്ങിയാണു പൊലീസിനു തെറ്റായ മൊഴി നൽകിയതെന്നും പറഞ്ഞു. 10 ലക്ഷം രൂപ സ്വകാര്യ നിക്ഷേപത്തിൽനിന്നു പിൻവലിച്ചാണു കൈക്കൂലി നൽകിയതെന്നു പറഞ്ഞെങ്കിലും അതിനും തെളിവില്ലായിരുന്നു. 2021ൽ സിബിഐ അന്വേഷണം ആരംഭിക്കുമ്പോൾ ഇലക്ട്രോണിക് തെളിവുകൾ ലഭ്യമായിരുന്നില്ല. ഇത്രയും വർഷത്തിനുശേഷം സിസിടിവി ദൃശ്യങ്ങളും പരിശോധിക്കാൻ കഴിയുമായിരുന്നില്ലെന്ന സിബിഐ റിപ്പോർട്ട് കോടതിയും ശരിവച്ചു.

English Summary : Solar Bribery; CBI refuted all the arguments of the complainant

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com