സാക്ഷരതാമിഷൻ അതോറിറ്റി, പ്രേരക്മാർ ഇനി തദ്ദേശവകുപ്പിനു കീഴിൽ
Mail This Article
തിരുവനന്തപുരം∙ സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയെയും സാക്ഷരതാ പ്രേരക്മാരെയും പൊതു വിദ്യാഭ്യാസവകുപ്പിനു കീഴിൽ നിന്നു തദ്ദേശവകുപ്പിനു കീഴിലേക്കു മാറ്റാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. പ്രേരക്മാർക്കുള്ള കേന്ദ്രസഹായവും മറ്റും നിലച്ച സാഹചര്യത്തിൽ ഭരണസൗകര്യം പരിഗണിച്ചാണ് വകുപ്പു മാറ്റം. ഇതോടെ സാക്ഷരതാമിഷൻ അതോറിറ്റിയും പ്രേരക്മാരും തദ്ദേശ വകുപ്പിന്റെ ഭാഗമാകും. പ്രേരക്മാർക്ക് ഓണറേറിയം നൽകുന്നതിനുള്ള സർക്കാർ വിഹിതവും തദ്ദേശ സ്ഥാപനങ്ങൾ നൽകേണ്ട വിഹിതവും സംബന്ധിച്ച് തദ്ദേശ വകുപ്പ് ധനവകുപ്പുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കും. ഇതു സംബന്ധിച്ച തുടർനടപടികൾക്കായി തദ്ദേശ വകുപ്പിനെ മന്ത്രിസഭ ചുമതലപ്പെടുത്തി.
തനതു ഫണ്ട് ഉപയോഗിച്ച് സാക്ഷരതാ മിഷൻ നടത്തുന്ന കോഴ്സുകളുടെയും പരീക്ഷകളുടെയും അക്കാദമിക് ചുമതല പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിൽ നിലനിർത്തും.
English Summary:Literacy Mission will be under Local Self Government Department