ADVERTISEMENT

തിരുവനന്തപുരം/കോട്ടയം ∙ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ കോട്ടയം ഡിസിസി ഓഫിസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ആരാദ്യം സംസാരിക്കണമെന്നു പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും തമ്മിലുണ്ടായ തർക്കത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. ഈ മാസം 8നു നടന്ന വാർത്താസമ്മേളനത്തിൽ ആദ്യം കെ.സുധാകരൻ സംസാരിച്ചതോടെ വി.ഡി.സതീശൻ മാധ്യമങ്ങളെ അഭിസംബോധന ചെയ്യാതെ പിൻമാറുകയായിരുന്നു. 

ഇരുവരും തമ്മിൽ തർക്കമുണ്ടായെന്നതു ശരിവയ്ക്കുന്ന ദൃശ്യം സംഭാഷണം സഹിതമാണു കഴിഞ്ഞ ദിവസം പ്രചരിച്ചത്. യുഡിഎഫ് കൂട്ടായി നേടിയ വിജയത്തിന്റെ ക്രെഡിറ്റ് പ്രതിപക്ഷനേതാവായ തനിക്കു മാത്രം തരാൻ സുധാകരൻ തീരുമാനിച്ചതുകൊണ്ട് അദ്ദേഹം ആദ്യം സംസാരിക്കുന്നതു തടയുകയായിരുന്നുവെന്നു സതീശൻ ഇന്നലെ വിശദീകരിച്ചു. എന്നാൽ, വിവാദത്തോടു പ്രതികരിക്കാൻ സുധാകരൻ തയാറായില്ല. 

ചാണ്ടി ഉമ്മൻ വിജയമുറപ്പിച്ചപ്പോൾ കോട്ടയം ഡിസിസി ഓഫിസിലായിരുന്നു കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും. നേതാക്കൾക്കൊപ്പം വാർത്താ സമ്മേളനത്തിനായി സതീശൻ ചാനൽ മൈക്കുകൾ മുൻപിൽ ആദ്യമേ ഇരുന്നു. കെപിസിസി പ്രസിഡന്റ് എത്തിയപ്പോൾ കസേര മാറിയിരുന്നതിനൊപ്പം തന്റെ മുൻപിലേക്കു സതീശൻ മൈക്കുകളും മാറ്റി. 

താൻ തുടങ്ങാമെന്നു സുധാകരൻ സതീശന്റെ ചെവിയിൽ പറഞ്ഞു. എന്നാൽ, താൻ തുടങ്ങാമെന്നായി സതീശൻ. ‘അതെങ്ങനെയാ, കെപിസിസി പ്രസിഡന്റ് എന്ന നിലയ്ക്കു ഞാനല്ലേ തുടങ്ങേണ്ടത്’ എന്നു സുധാകരൻ സ്വരം കടുപ്പിച്ചു. ഇതോടെ സതീശൻ അതൃപ്തിയോടെ മൈക്കുകൾ സുധാകരന്റെ മുൻപിലേക്കു നീക്കിവച്ചു. 

സുധാകരനെ ഷാൾ അണിയിച്ച നാട്ടകം സുരേഷ്, ഷാളുമായി സതീശന്റെ അടുത്തെത്തിയെങ്കിലും അദ്ദേഹം നിരസിച്ചു. പുതുപ്പള്ളി വിജയത്തെക്കുറിച്ചു പൊതുവായി സംസാരിച്ചശേഷം, എല്ലാ ക്രെഡിറ്റും പ്രതിപക്ഷ നേതാവിനാണെന്നു പറഞ്ഞു സുധാകരൻ രംഗം തണുപ്പിക്കാൻ ശ്രമിച്ചെങ്കിലും സതീശന്റെ പരിഭവം മാറിയില്ല. മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ചോദിച്ചപ്പോൾ, എല്ലാം കെപിസിസി പ്രസിഡന്റിനോടു ചോദിക്കൂ എന്ന നിലപാടെടുത്തു. ചോദ്യങ്ങൾ കൂടിയപ്പോൾ, തന്റെ ശബ്ദത്തിനു പ്രശ്നമുണ്ടെന്നു പറഞ്ഞ് ഇരിപ്പിടത്തിൽനിന്ന് എഴുന്നേറ്റു പോവുകയും ചെയ്തു. 
തർക്കമുണ്ടായെന്നതു ശരിയാണ്

കെപിസിസി പ്രസിഡന്റുമായി തർക്കമുണ്ടായെന്നതു ശരിയാണ്. വാർത്താസമ്മേളനത്തിനു പോകാനായി എഴുന്നേറ്റപ്പോൾ, വിജയത്തിന്റെ മുഴുവൻ ക്രെഡിറ്റും പ്രതിപക്ഷ നേതാവിനാണെന്നും ഇക്കാര്യം താൻ വാർത്താ സമ്മേളനത്തിൽ പറയുമെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു. ഒരു കാരണവശാലും അതു പാടില്ലെന്നും ടീം യുഡിഎഫിന്റെ ക്രെഡിറ്റ് ആണെന്നും ഞാൻ പറഞ്ഞു. എന്നാൽ, ക്രെഡിറ്റ് എനിക്കു തന്നെ നൽകുമെന്ന് ആവർത്തിച്ച സുധാകരൻ ഇക്കാര്യം വാർത്താസമ്മേളനത്തിൽ പറയാതിരിക്കാനാണ് ഞാൻ ആദ്യം സംസാരിക്കാൻ ശ്രമിച്ചത്. എന്നാൽ അദ്ദേഹത്തിന്റെ വാശി വിജയിച്ചു. വിജയത്തിന്റെ ക്രെഡിറ്റ് എനിക്കു നൽകി. അദ്ദേഹം സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ കയ്യിലും കാലിലും അമർത്തി ഞാൻ തടയാൻ നോക്കുന്നുണ്ടായിരുന്നു. ശബ്ദം പ്രശ്നമായിരുന്നതുകൊണ്ടുമാണു ഞാൻ തുടർന്നു സംസാരിക്കാതിരുന്നത്. –വി.ഡി.സതീശൻ 

English Summary: Puthuppally Bypoll: VD Satheesan vs K Sudhakaran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com