ശ്രീനാരായണ ഗുരു മഹാസമാധി ദിനാചരണം ഇന്ന്
Mail This Article
തിരുവനന്തപുരം ∙ നവോത്ഥാന ചൈതന്യം ലോകത്തിനു പകർന്നു നൽകിയ ശ്രീനാരായണ ഗുരുവിന്റെ 96-ാമത് മഹാസമാധി ഇന്ന്. ദിനാചരണത്തിന്റെ ഭാഗമായി ഗുരു മന്ദിരങ്ങളിലും ഗുരുദേവ ക്ഷേത്രങ്ങളിലും വിശേഷാൽ പൂജകളും ഗുരുദേവ കൃതികളുടെ ആലാപനവും അന്നദാനവും നടത്തും.
ശ്രീനാരായണ ധർമ സംഘം ട്രസ്റ്റിന്റെ നേതൃത്വത്തിൽ ശിവഗിരിയിൽ നടത്തുന്ന മഹാ സമാധി സമ്മേളനം രാവിലെ 10ന് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷത വഹിക്കും. മന്ത്രി വീണാ ജോർജ് മുഖ്യാതിഥിയായിരിക്കും. ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, പ്രോഗ്രാം കമ്മിറ്റി സെക്രട്ടറി സ്വാമി ബോധി തീർഥ, ട്രഷറർ സ്വാമി ശാരദാനന്ദ, ബോർഡ് അംഗം സ്വാമി സൂക്ഷ്മാനന്ദ എന്നിവർ പ്രഭാഷണം നടത്തും.
ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ രാവിലെ 10ന് നടത്തുന്ന മഹാസമാധി ദിനാചരണ സമ്മേളനം മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. മന്ത്രി ജി.ആർ.അനിൽ അധ്യക്ഷത വഹിക്കും. ശ്രീനാരായണ ഗുരുദേവൻ ആദ്യ പ്രതിഷ്ഠ നടത്തിയ അരുവിപ്പുറം ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും അഖണ്ഡനാമജപവും നടത്തും.
വെള്ളയമ്പലത്തെ ശ്രീനാരായണഗുരു പാർക്കിൽ ഇന്ന് രാവിലെ 9ന് ഗുരുദേവ ശിൽപത്തിൽ പുഷ്പാർച്ചന നടത്തും. ഗുരുദേവ കൃതികളുടെ പാരായണവും ഉണ്ടാകും.
English Summary : Sree Narayana Guru Mahasamadhi day celebration today