ലോട്ടറിയെ തള്ളിപ്പറഞ്ഞ് വ്യവസായ വകുപ്പ് പരസ്യം
Mail This Article
കോട്ടയം ∙ ലോട്ടറിയിൽനിന്നു പിന്തിരിപ്പിക്കുന്ന പരസ്യവുമായി വ്യവസായ വകുപ്പ്. ഓണം ബംപർ ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നതിനു പിന്നാലെയാണു വ്യവസായ വകുപ്പിന്റെ ഔദ്യോഗിക ഫെയ്സ്ബുക് പേജിൽ പരസ്യം പോസ്റ്റ് ചെയ്തത്. ചുരുട്ടിക്കീറിയ ഓണം ബംപർ ലോട്ടറിയാണു പരസ്യത്തിലുള്ളത്. ‘ഭാഗ്യക്കുറി കടാക്ഷിച്ചില്ലേ...! പരിശ്രമത്തിലൂടെ നേടാൻ ശ്രമിച്ചാലോ...?’ എന്ന പരസ്യവാചകവും സംരംഭക പദ്ധതികൾ അറിയാൻ വ്യവസായ വകുപ്പിന്റെ വെബ്സൈറ്റ് സന്ദർശിക്കാനുള്ള ആഹ്വാനവും ഉൾപ്പെടുന്നതാണു പരസ്യം.
സംസ്ഥാന സർക്കാരിനു കീഴിലുള്ള ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രമോഷൻ കേരള എന്ന സ്ഥാപനമാണു പരസ്യം തയാറാക്കിയത്. പരസ്യം ധനവകുപ്പിനെയും ലോട്ടറി വകുപ്പിനെയും ആക്ഷേപിക്കുന്നതിനു തുല്യമാണെന്നാണ് പരാതി. ഓണം ബംപർ നറുക്കെടുപ്പ് ധനവകുപ്പിനു കോടികളുടെ വരുമാനമാണ് നേടിക്കൊടുത്തത്.
English Summary: Industries Department's Advertisement against Lottery