ആരും കാണാനെത്താതെ ആയിരത്തോളം തടവുകാർ, ‘മാനസികസമ്മർദം’, കൗൺസലർമാർക്കായി ശുപാർശ
Mail This Article
തിരുവനന്തപുരം ∙ കേരളത്തിലെ തടവുകാരിൽ ആയിരത്തോളംപേരെ കാണാൻ അവരുടെ ബന്ധുക്കളോ സുഹൃത്തുക്കളോ ഇതുവരെ വന്നിട്ടില്ലെന്നും ഇവരുടെ മാനസികസമ്മർദം കുറയ്ക്കാൻ കൗൺസലർമാരെ നിയമിക്കണമെന്നും ജയിൽ വകുപ്പ് ശുപാർശ ചെയ്തു. ചില തടവുകാരിൽ മാനസികപ്രശ്നങ്ങൾ കൂടുന്നതു സംബന്ധിച്ചു നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണിത്. ജയിൽ എഡിജിപി ബൽറാം കുമാർ ഉപാധ്യായയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയെ കണ്ടു കാര്യങ്ങൾ ധരിപ്പിച്ചതായാണു വിവരം. നിലവിൽ ജയിലിൽ കൗൺസലറുടെ സേവനം കിട്ടാറില്ല.
ജയിലിൽ കഴിയുന്നവരിൽ ആയിരത്തിലധികം പേർ മാനസികപ്രശ്നങ്ങൾക്കു ചികിത്സ തേടുന്നവരാണ്. സർക്കാർ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ താമസിപ്പിക്കാൻ കഴിയാതെ വരുന്നതോടെ മരുന്നുനൽകി ജയിലുകളിൽ തന്നെയാണു മിക്കവരെയും പാർപ്പിക്കുന്നത്.
പോക്സോ കേസുകളിലും ലഹരിക്കേസുകളിലും ഉൾപ്പെട്ട് ജയിലുകളിൽ വരുന്നവരുടെ എണ്ണം മുൻവർഷത്തെക്കാൾ നാലിരട്ടിയാണ്. പോക്സോ കേസുകളിൽ ഇപ്പോൾ ജയിലിലുള്ളവരുടെ എണ്ണം 3900 ആണ്. ലഹരിക്കേസുകളിൽപ്പെട്ട് എത്തുന്ന ചെറുപ്പക്കാരാണു ജയിലുകളുടെ പുതിയ പ്രതിസന്ധി.
1000 പേരായിരുന്നു 2018ൽ ഇത്തരം പ്രതികളായി ജയിലിലെത്തിയതെങ്കിൽ ഇപ്പോൾ കേരളത്തിൽ ജയിലുകളിൽ 3300 പേരാണുള്ളത്. ലഹരി കിട്ടാത്തതിനാൽ അക്രമം കാട്ടുന്നതിനാൽ ഇവർക്കൊപ്പം ആരെയും താമസിപ്പിക്കാനാവില്ല. ജയിലുകളിൽ 3300 ശിക്ഷാതടവുകാരും നാലായിരത്തോളം വിചാരണത്തടവുകാരുമാണുള്ളത്. ഇതു കൂടാതെ ശരാശരി 3000 പേർ റിമാൻഡ് പ്രതികളായുമുണ്ട്. ജയിൽശേഷിയേക്കാൾ 3000 പേർ അധികമാണ്.
English Summary: Mental Stress to Prisoners,Jail Department to appoint Counsellors