ADVERTISEMENT

കൊച്ചി∙ ബാങ്കിതര ധനകാര്യ സ്ഥാപനത്തിന്റെ (എൻബിഎഫ്സി) ലൈസൻസ് റിസർവ് ബാങ്ക് റദ്ദാക്കുന്ന സ്ഥിതിയിലേക്ക് കെടിഡിഎഫ്സിയെ കൊണ്ടെത്തിച്ചത്, കേരള ബാങ്കിൽ നിന്നെടുത്ത് കെഎസ്ആർടിസിക്കു കൊടുത്ത വായ്പയുടെ കുടിശിക 900 കോടി കവിഞ്ഞത്. 910 കോടി രൂപ തങ്ങൾക്കു തിരികെ നൽകണമെന്നും അല്ലെങ്കിൽ കെടിഡിഎഫ്സിയുടെ ആസ്തികൾ ഏറ്റെടുക്കുമെന്നും കാണിച്ച് കേരള ബാങ്ക് കത്തു നൽകിയിരുന്നു.

കെഎസ്ആർടിസിയുടെ സഞ്ചിത കടം വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നായി 3,000 കോടി കവിഞ്ഞപ്പോൾ ബാങ്കുകളുടെ കൺസോർഷ്യം ഉണ്ടാക്കി 3,300 കോടി കടമെടുത്ത് 2018ൽ അവയെല്ലാം തിരിച്ചടച്ചിരുന്നു. 14 ശതമാനവും അതിലേറെയുമുള്ള പലിശനിരക്കുകളിൽ നിന്ന് 10 ശതമാനത്തിൽ താഴെയുള്ള നിരക്കിലേക്കു വായ്പ എത്തിക്കാമെന്നതായിരുന്നു അതുകൊണ്ടുള്ള നേട്ടം. അന്നത്തെ ധനമന്ത്രി തോമസ് ഐസക്കാണ് ഈ ഇടപാടിനു മുൻകയ്യെടുത്തത്. 

പക്ഷേ, അങ്ങനെ ബാങ്ക് കൺസോർഷ്യത്തിൽ നിന്നു കടമെടുക്കുമ്പോൾ കെഎസ്എഫ്ഇയിൽ നിന്നും സംസ്ഥാന കാർഷിക വികസന ബാങ്കിൽ നിന്നുമുള്ള വേറെ 356 കോടി കടം കൂടി ബാക്കിയുണ്ടായിരുന്നു. ആ ബാധ്യത തീർത്താൽ മാത്രമേ കൺസോർഷ്യത്തിന്റെ കടം കിട്ടൂ എന്നതിനാൽ കേരള ബാങ്കിൽ നിന്ന് (അന്നത്തെ ജില്ലാ സഹകരണ ബാങ്കുകൾ) 356 കോടി കെടിഡിഎഫ്സി കടമെടുത്ത് കെഎസ്ആർടിസിയുടെ കടംവീട്ടി. പക്ഷേ, പിന്നീട് കെഎസ്ആർടിസി ഈ ബാധ്യത കെടിഡിഎഫ്സിക്കു തിരിച്ചടച്ചില്ല. മുഴുവൻ തുകയും നിഷ്ക്രിയ ആസ്തി ആവുകയും ചെയ്തു. 

നൽകാനുള്ളതിൽ കുറച്ചു തുക നൽകി നിഷ്ക്രിയ ആസ്തിയിൽ നിന്നു മോചനം നേടാൻ സർക്കാരിനു കെടിഡിഎഫ്സിയെ സഹായിക്കാമായിരുന്നു. കേരള ബാങ്കിന്റെ പിഴപ്പലിശ ഒഴിവാക്കാൻ ധനവകുപ്പിനു നിർദേശം നൽകാമായിരുന്നു. പുതിയ നിക്ഷേപം സ്വീകരിക്കുന്നതിൽ നിന്ന് കെടിഡിഎഫ്സിയെ റിസർവ് ബാങ്ക് വിലക്കിയിട്ടു മാസങ്ങളായെങ്കിലും സർക്കാർ ഇടപെട്ടില്ല. പുതിയ നിക്ഷേപം ഇല്ലാതെ പഴയ സ്ഥിര നിക്ഷേപങ്ങൾ തിരികെ കൊടുക്കാനാവാതെ വന്നു. ശ്രീരാമകൃഷ്ണ മിഷന്റെ 130 കോടി സ്ഥിര നിക്ഷേപവും അതിലുൾപ്പെട്ടത് അങ്ങനെയാണ്. 

English Summary: RBI Cancels license of KTDFC due to liability by KSRTC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com