കെടിഡിഎഫ്സിയുടെ ലൈസൻസ് റിസർവ് ബാങ്ക് റദ്ദാക്കി; കേരള ബാങ്കിനെയും ബാധിച്ചേക്കും
Mail This Article
കൊച്ചി∙ കേരള ഗതാഗത വികസന ധനകാര്യ കോർപറേഷന്റെ (കെടിഡിഎഫ്സി) ബാങ്കിതര ലൈസൻസ് റദ്ദാക്കാൻ പോവുകയാണെന്നു റിസർവ് ബാങ്ക് ഗവർണർ പ്രത്യേക ദൂതൻ മുഖേന അറിയിച്ചു. കെടിഡിഎഫ്സിയുടെ വീഴ്ച, വൻ ബാധ്യതയുള്ളതിനാൽ കേരള ബാങ്കിനെയും ബാധിച്ചേക്കും. തൃശൂർ കരുവന്നൂരിൽ നിന്നു തുടങ്ങിയ സഹകരണ ബാങ്ക് ദുരന്തങ്ങളുടെ തുടർച്ചയാണിതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
കൊൽക്കത്ത ആസ്ഥാനമായ ശ്രീരാമകൃഷ്ണ മിഷനിൽ നിന്നു 130 കോടിരൂപ സ്ഥിര നിക്ഷേപമായി സ്വീകരിച്ചിട്ടു കാലാവധി കഴിഞ്ഞിട്ടും തിരിച്ചുനൽകാൻ മാസങ്ങളായി കഴിയാതെ വന്നതാണു റിസർവ് ബാങ്ക് നടപടിക്കു കാരണം. ധനകാര്യ വകുപ്പിന്റെ കെടുകാര്യസ്ഥയും പ്രശ്നങ്ങൾക്കു പരിഹാരമില്ലാതെ നീളാൻ കാരണമായി.
കെടിഡിഎഫ്സി സ്വീകരിക്കുന്ന നിക്ഷേപങ്ങൾക്കു സംസ്ഥാന സർക്കാരിന്റെ ഗാരന്റി ഉള്ളതാണ്. കെടിഡിഎഫ്സിക്കു പണം നൽകാൻ കഴിയുന്നില്ലെങ്കിൽ ഗാരന്റി പ്രകാരം സംസ്ഥാന സർക്കാർ ആ പണം നൽകേണ്ടതാണ്. അതു നടക്കാതിരുന്നതോടെ സംസ്ഥാന ഗാരന്റിക്കും വിലയില്ലാതായി.
കെഎസ്ആർടിസിക്കു വേണ്ടി മുൻ ധനമന്ത്രി തോമസ് ഐസക്കിന്റെ നിർദേശപ്രകാരം 356 കോടിരൂപ ഈടില്ലാതെ കെടിഡിഎഫ്സിക്കു കേരള ബാങ്ക് കടം നൽകിയിരുന്നു. ആ കടം നിഷ്ക്രിയ ആസ്തിയായി മാറി. മുതലും പലിശയും കൂട്ടുപലിശയുമായി 900 കോടി കവിഞ്ഞിരിക്കുകയാണ്. കെടിഡിഎഫ്സി തകർച്ചയിലായപ്പോൾ സ്ഥിരനിക്ഷേപം സ്വീകരിക്കുന്നതു റിസർവ് ബാങ്ക് വിലക്കി. കെടിഡിഎഫ്സിക്ക് ഇതു കനത്ത അടിയായി.
English Summary: RBI cancels license of KTDFC