‘മുഖ്യമന്ത്രിയോട് ആരാധന, കൊണ്ടുപോയാൽ പ്രശ്നമാകും’; അയൂബിന്റെ കൈവശം പല പാർട്ടികളുടെ അംഗത്വകാർഡ്
Mail This Article
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത പരിപാടിയിൽ സുരക്ഷാ വീഴ്ച. മ്യൂസിയം മൃഗശാല ക്യാംപസിൽ രാജാ രവിവർമ ആർട് ഗാലറി ഉദ്ഘാടനച്ചടങ്ങിലാണു സംഭവം. മുഖ്യമന്ത്രി പ്രസംഗിച്ച ശേഷം വേദിയിൽ നിന്ന് ഇറങ്ങാൻ തുടങ്ങുമ്പോൾ പാപ്പനംകോട് സ്വദേശിയായ അയൂബ് ഖാൻ എന്നയാൾ വേദിയിലേക്ക് ഓടിക്കയറുകയായിരുന്നു.
മുഖ്യമന്ത്രി അപ്പോഴേക്കും താഴേക്ക് ഇറങ്ങിയതിനാൽ ഇയാൾ വേദിയിലിരുന്ന മന്ത്രി അഹമ്മദ് ദേവർകോവിലിനെ പെട്ടെന്ന് ആലിംഗനം ചെയ്യുകയായിരുന്നു. തൊട്ടടുത്തു മന്ത്രി ജെ.ചിഞ്ചുറാണിയും ഉണ്ടായിരുന്നു. രണ്ടു മന്ത്രിമാരും പരിഭ്രാന്തരായി.
പൊലീസ് ഓടിയെത്തി ഇയാളെ താഴേക്കു വലിച്ചിറക്കി. മുഖ്യമന്ത്രിയോടു വലിയ ആരാധനയാണെന്നും അദ്ദേഹത്തെ അഭിനന്ദിക്കാനാണു വേദിയിലേക്കു കയറിയതെന്നും ഇയാൾ പറഞ്ഞു. തൊട്ടടുത്തുള്ള മ്യൂസിയം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുമ്പോൾ പൊലീസുകാരോട് ഉച്ചത്തിൽ കയർത്തു സംസാരിക്കുകയും ചെയ്തു. താൻ പാർട്ടിക്കാരനാണെന്നും തന്നെ കൊണ്ടുപോയാൽ പ്രശ്നമാകുമെന്നും ഇയാൾ പൊലീസിനോട് വിളിച്ചു പറഞ്ഞു.
ഉദ്ഘാടനച്ചടങ്ങ് ആരംഭിക്കുന്നതിനു മുൻപുതന്നെ ഇയാൾ സദസ്സിന്റെ മുൻനിരയിലെ കസേരയിൽ സ്ഥാനം പിടിച്ചിരുന്നു. അപ്പോൾ തന്നെ പൊലീസ് ഇടപെട്ട് ഇയാളെ പിൻനിരയിലേക്കു മാറ്റിയിരുന്നു. തുടർന്നു മുഖ്യമന്ത്രിയുടെ പ്രസംഗം അവസാനിച്ചയുടനെ വേദിയുടെ മുന്നിലേക്കെത്തി സ്റ്റേജിലേക്ക് ഓടിക്കയറുകയായിരുന്നു.
മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന പരിപാടികളിൽ ഇയാൾ സ്ഥിരം സാന്നിധ്യമാണെന്നും മ്യൂസിയം ഭാഗത്ത് അലഞ്ഞു തിരിഞ്ഞു നടക്കുന്ന നിലയിൽ കണ്ടിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. പല പാർട്ടികളുടെയും അംഗത്വകാർഡും ഇയാളിൽ നിന്നു കണ്ടെടുത്തിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യലിനു ശേഷം അടുത്ത നടപടിയിലേക്കു കടക്കുമെന്നും പൊലീസ് പറഞ്ഞു.
English Summary: Security lapse at the event attended by CM Pinarayi Vijayan