ADVERTISEMENT

ആലപ്പുഴ ∙ കണ്ടല്ലൂർ സഹകരണ ബാങ്ക് ക്രമക്കേട് സൃഷ്ടിച്ച പ്രതിസന്ധിയിൽ ലോക്കൽ കമ്മിറ്റി ജനറൽ ബോഡി ചേരാൻ പോലും കഴിയാത്ത പ്രതിസന്ധിയിൽ സിപിഎം. 290 പാർട്ടി അംഗങ്ങളുള്ള പുതിയവിള ലോക്കൽ കമ്മിറ്റി യോഗത്തിനു കഴിഞ്ഞ ദിവസം എത്തിയതു 18 പേർ മാത്രം. വേണ്ടത്ര അംഗങ്ങൾ എത്താത്തതിനാൽ യോഗം ചേരാൻ കഴിഞ്ഞില്ല. ക്രമക്കേട് ചർച്ച ചെയ്യണമെന്ന ആവശ്യം ഉയർന്നതോടെ, റിപ്പോർട്ടിങ്ങിന് എത്തിയ ജില്ലാ കമ്മിറ്റിയംഗം എൻ.ശിവദാസൻ ക്ഷുഭിതനായി മടങ്ങി.

സിപിഎം ഭരിക്കുന്ന ബാങ്കിലെ ക്രമക്കേടിന്റെ ഉത്തരവാദിത്തം ചുമത്തി 5 ജീവനക്കാരെ നേരത്തെ പിരിച്ചുവിട്ടിരുന്നു. ഇതിൽ പ്രദേശത്തെ പാർട്ടി പ്രവർത്തകർക്കിടയിൽ വലിയ പ്രതിഷേധമുണ്ട്. ഭരണസമിതിയെ രക്ഷിക്കാൻ ജീവനക്കാരെ ബലിയാടാക്കിയതിൽ പ്രതിഷേധിച്ചു പാർട്ടി വിടുമെന്ന് അറിയിച്ചു മുപ്പതോളംപേർ നേതൃത്വത്തിനു കത്തു നൽകിയിരുന്നു.

ബാങ്കിലെ സ്വർണപ്പണയത്തിലാണു ക്രമക്കേടു നടന്നത്. പണയത്തിന്റെ കാലാവധി കഴിഞ്ഞെന്നു കാണിച്ച്, ഉടമകളെ അറിയിക്കാതെ ലേലത്തിൽ‍ വിറ്റെന്നാണ് ആരോപണം. 48 ലക്ഷത്തിന്റെ സ്വർണമുണ്ടെന്ന് അനൗദ്യോഗിക വിവരം. ക്രമക്കേടും പിരിച്ചുവിടലും അന്വേഷിക്കാൻ പാർട്ടി രണ്ടു കമ്മിഷനുകളെ നിയോഗിച്ചെങ്കിലും അതിൽ നടപടിയുണ്ടായിട്ടില്ല. ക്രമക്കേട് അന്വേഷിക്കാൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗം എ.മഹേന്ദ്രനെയാണ് ആദ്യം നിയോഗിച്ചത്. ജീവനക്കാരെ പിരിച്ചുവിട്ടതിനെതിരെ പ്രതിഷേധം ഉയർന്നപ്പോൾ അത് അന്വേഷിക്കാൻ കായംകുളം ഏരിയ കമ്മിറ്റി 3 അംഗ കമ്മിഷനെ നിയോഗിച്ചു.

ക്രമക്കേടു സംബന്ധിച്ചു സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിൽ ജീവനക്കാർ കുറ്റക്കാരല്ലെന്നും ഭരണസമിതിയുടെ വീഴ്ചയാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ഈ റിപ്പോർട്ടിലും ഒരു നടപടിയും ഉണ്ടായില്ല. ഈ റിപ്പോർട്ട് അവഗണിച്ചാണു ജീവനക്കാരെ പിരിച്ചുവിട്ടത്. ബാങ്ക് അച്ചടക്ക സമിതിയുടെ പിരിച്ചുവിടൽ നടപടിക്കെതിരെ ജീവനക്കാർ ഭരണസമിതിക്ക് അപ്പീൽ നൽകിയിട്ടുണ്ട്.

English Summary : Bank irregularities: Activists want discussion

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com