കണ്ടല സഹകരണ ബാങ്ക്: ക്രമംവിട്ടുള്ള വായ്പ വഴി തട്ടിയത് 43.65 കോടി രൂപ
Mail This Article
കാട്ടാക്കട ∙ആയിരക്കണക്കിനു നിക്ഷേപകരെ കണ്ണീരിലാഴ്ത്തി തകർച്ചയിലേക്കു പോയ കണ്ടല സർവീസ് സഹകരണ ബാങ്കിൽ ജാമ്യവസ്തുവിന്റെ മൂല്യനിർണയം നടത്താതെയും വില കൂട്ടിക്കാണിച്ചും അനധികൃത വായ്പ അനുവദിച്ച് 43.65 കോടി രൂപ നഷ്ടം വരുത്തിയെന്നു സഹകരണ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്. മുൻ പ്രസിഡന്റും ബന്ധുക്കളും 2005 മുതൽ 2021വരെ ഒരേ സർവേ നമ്പറിലെ ഭൂമി ഈടുനൽകി 3.53 കോടി കൈക്കലാക്കിയതിനു പുറമെയാണിത്.
ബാങ്ക് പ്രസിഡന്റായിരുന്ന സിപിഐ നേതാവ് എൻ.ഭാസുരാംഗൻ തന്നെ പ്രസിഡന്റായ മാറനല്ലൂർ ക്ഷീര വ്യവസായ സഹകരണ സംഘത്തിനു നിയമം ലംഘിച്ച് വായ്പയായും ഓഹരി വാങ്ങിയും 2.09 കോടി രൂപ നൽകിയെന്നും കണ്ടെത്തി. ഭരണസമിതിയിലെ പ്രമുഖരുടെ ബന്ധുക്കൾക്കു നിസ്സാര ഇൗടിന്മേൽ ഭീമമായ തുക വായ്പ നൽകിയ ശേഷം വൻ പലിശയ്ക്ക് അതേ പണം തന്നെ നിക്ഷേപമായി സ്വീകരിച്ചുവെന്നും ചൂണ്ടിക്കാട്ടുന്നു.
പണം തിരികെക്കിട്ടാതെ ബാങ്കിനു മുന്നിൽ നിക്ഷേപക സമരം തുടർച്ചയായതോടെയാണു ഭരണസമിതി നിവൃത്തിയില്ലാതെ രാജിവയ്ക്കുന്നത്.യഥാസമയത്തു വായ്പാ കുടിശിക തിരിച്ചു പിടിക്കാനോ ആർബിട്രേഷൻ നടപടികൾക്കോ ഭരണ സമിതി തയാറായില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
അനധികൃത നിയമനം, സ്ഥാനക്കയറ്റം, ആനുകൂല്യ വർധന എന്നിവ വഴിയും 7.22 കോടി രൂപയുടെ നഷ്ടമുണ്ടാക്കി. 2.73കോടി രൂപ അനുമതി കൂടാതെ നിർമാണപ്രവൃത്തികൾക്കു വിനിയോഗിച്ചു. സഹകരണ ആശുപത്രിയിൽ ഉപകരണങ്ങൾ വാങ്ങിയും ബാങ്കിന്റെ ശാഖ മാറ്റി സ്ഥാപിച്ചും ഉണ്ടാക്കിയ നഷ്ടം 1.52 കോടി രൂപയാണ്. വിവിധ പേരുകളിൽ നിയമവിരുദ്ധ നിക്ഷേപ ഇരട്ടിക്കൽ പദ്ധതി പ്രഖ്യാപിച്ചു പണം സ്വീകരിച്ചു.
വ്യാജപ്രചാരണം: മുൻ പ്രസിഡന്റ്
ബാങ്കിനെതിരെ വ്യാജപ്രചാരണമാണു നടക്കുന്നതെന്നു മുൻ പ്രസിഡന്റ് എൻ.ഭാസുരാംഗൻ. താൻ മിൽമാ മേഖലാ യൂണിയൻ അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റതു മുതലാണിത്. പുറത്തുവന്ന റിപ്പോർട്ട് അപൂർണമാണ്.
English Summary : Kandala cooperative bank: 43.65 crore through irregular loans