സുധാകരൻ ഒഴികെ യുഡിഎഫ് സിറ്റിങ് എംപിമാർ വീണ്ടും
Mail This Article
തിരുവനന്തപുരം ∙ ഘടകകക്ഷികളിൽനിന്നു പുതിയ ആവശ്യങ്ങളില്ലാത്തതിനാൽ ലോക്സഭാ തിരഞ്ഞെടുപ്പിലെ സീറ്റ് ചർച്ചയ്ക്കു യുഡിഎഫിൽ പ്രസക്തിയില്ല. കേരള കോൺഗ്രസ് പിളർന്നെങ്കിലും കോട്ടയം സീറ്റ് ജോസഫ് വിഭാഗത്തിനു തന്നെയെന്നതിൽ സംശയമില്ല. ഫ്രാൻസിസ് ജോർജ്, പി.സി.തോമസ് തുടങ്ങിയവർ പരിഗണനയിലുണ്ട്. പി.ജെ.ജോസഫ് തന്നെ എത്താനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
കോൺഗ്രസിന്റെ സിറ്റിങ് എംപിമാരിൽ കണ്ണൂരിന്റെ പ്രതിനിധിയായ കെ.സുധാകരൻ ഒഴികെയുള്ളവരെല്ലാം ഇത്തവണയും മത്സരത്തിനുണ്ടാകുമെന്നാണു സൂചന. കെപിസിസി പ്രസിഡന്റ് ആയതിനാലാണ് സുധാകരൻ മാറിനിൽക്കുന്നത്. കണ്ണൂരിലും 2019ൽ യുഡിഎഫ് പരാജയപ്പെട്ട ഏക സീറ്റായ ആലപ്പുഴയിലും പുതിയ സ്ഥാനാർഥികളെ കണ്ടെത്തേണ്ടിവരും. കണ്ണൂരിൽ സുധാകരനു തുല്യം നിൽക്കുന്ന പേരിലേക്ക് എത്താൻ കഴിഞ്ഞിട്ടില്ല. ആലപ്പുഴയിൽ കോൺഗ്രസ് സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ഒഴികെ ഒരു പേരും ഗൗരവമുള്ള ചർച്ചയിലേക്കു വന്നിട്ടില്ല. വേണുഗോപാൽ മനസ്സു തുറന്നിട്ടുമില്ല. സിറ്റിങ് എംപിമാരിൽ കെ.മുരളീധരൻ മാത്രമാണു മത്സരിക്കാനില്ലെന്നു പറഞ്ഞിട്ടുള്ളത്. പക്ഷേ, പാർട്ടിയുടെ തീരുമാനമാണ് അന്തിമമെന്നും അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്.
ശശി തരൂർ (തിരുവനന്തപുരം), അടൂർ പ്രകാശ് (ആറ്റിങ്ങൽ), കൊടിക്കുന്നിൽ സുരേഷ് (മാവേലിക്കര), ആന്റോ ആന്റണി (പത്തനംതിട്ട), ഡീൻ കുര്യാക്കോസ് (ഇടുക്കി), ഹൈബി ഈഡൻ (എറണാകുളം), ബെന്നി ബഹനാൻ (ചാലക്കുടി), ടി.എൻ.പ്രതാപൻ (തൃശൂർ), രമ്യ ഹരിദാസ് (ആലത്തൂർ), വി.കെ.ശ്രീകണ്ഠൻ (പാലക്കാട്), എം.കെ.രാഘവൻ (കോഴിക്കോട്), രാഹുൽ ഗാന്ധി (വയനാട്), കെ.മുരളീധരൻ (വടകര), രാജ്മോഹൻ ഉണ്ണിത്താൻ (കാസർകോട്) എന്നീ സിറ്റിങ് എംപിമാർ വീണ്ടും മത്സരിക്കും. ലീഗിന്റെ എം.പി.അബ്ദുസ്സമദ് സമദാനി (മലപ്പുറം), ഇ.ടി.മുഹമ്മദ് ബഷീർ (പൊന്നാനി) എന്നിവരും വീണ്ടും മത്സരിക്കാനാണു സാധ്യത. ആർഎസ്പി മത്സരിക്കുന്ന കൊല്ലത്ത് എൻ.കെ.പ്രേമചന്ദ്രൻ തന്നെയാകും സ്ഥാനാർഥി.
English Summary : UDF sitting MP's exculding K Sudhakaran will compete loksabha election