സർക്കാർ പ്രഖ്യാപനങ്ങളിൽ ‘മുങ്ങി’ സ്വാമിനാഥൻ കണ്ട സ്വപ്നം
Mail This Article
ആലപ്പുഴ ∙ കുട്ടനാടിന്റെ സ്വപ്നങ്ങൾ എന്നും സമുദ്രനിരപ്പിനു താഴെയായിരുന്നു. അവിടെ നിന്നു സ്വന്തം നാട് കുതിച്ചുയരുമെന്നു ഡോ. എം.എസ്. സ്വാമിനാഥൻ സ്വപ്നം കണ്ടു. കുട്ടനാട് പാക്കേജ് രൂപപ്പെടുത്തുമ്പോൾ അദ്ദേഹത്തിന്റെ മനസ്സിൽ അങ്ങനെയൊരു ‘അപ്പർ’ കുട്ടനാട് രൂപപ്പെട്ടിരിക്കാം. പക്ഷേ, പണവും പദ്ധതിയും കിട്ടിയതു സർക്കാരിന്റെ പക്കലാണ്. അവർ കുട്ടനാട് പാക്കേജിനെ സ്വപ്നമായിത്തന്നെ നിലനിർത്തി.
കേന്ദ്ര നിർദേശപ്രകാരം ഡോ.സ്വാമിനാഥൻ നടത്തിയ വിശദ പഠനങ്ങളിൽ നിന്നാണു പാക്കേജ് ഉണ്ടായത്. രാജ്യാന്തര പ്രശസ്തനായ കൃഷി ശാസ്ത്രജ്ഞൻ നേരിട്ടെത്തി കുട്ടനാട് മുഴുവൻ സഞ്ചരിച്ചു പഠനം നടത്തി ആവിഷ്കരിച്ച പദ്ധതി. പക്ഷേ, ആ ഗൗരവം അതു നടപ്പാക്കുന്നതിൽ ആരും കാട്ടിയില്ല. പേരിനു കുറച്ചു പണികൾ അങ്ങിങ്ങു നടന്നെന്നു മാത്രം. ആദ്യ പാക്കേജ് പൂർണമാകാതെ അവസാനിച്ചു. 5 വർഷത്തേക്ക് 1,840 കോടി കിട്ടി, ചെലവിട്ടത് 900 കോടി മാത്രം. 3 വർഷം മുൻപു രണ്ടാം പാക്കേജ് പ്രഖ്യാപിച്ചു. അപ്പോഴും വമ്പൻ പ്രഖ്യാപനങ്ങളുണ്ടായി. പക്ഷേ, പലതും ചെയ്തിട്ടില്ല. രണ്ടാം പാക്കേജിനായി 2,447 കോടി മാറ്റിവച്ചിട്ടുണ്ടെന്നാണ് 2020 സെപ്റ്റംബറിൽ മുഖ്യമന്ത്രി പറഞ്ഞത്. പക്ഷേ, ബജറ്റിൽ നീക്കിവച്ചത് വളരെ ചെറിയ തുക മാത്രം.
സംസ്ഥാന ആസൂത്രണ ബോർഡ്, കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ്, ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾ, റീബിൽഡ് കേരള എന്നിവ ചേർന്നാണു പാക്കേജ് നടപ്പാക്കേണ്ടത്. മുൻഗണന നൽകേണ്ടത് വേമ്പനാട് തണ്ണീർത്തടത്തിന്റെ പരിസ്ഥിതി പുനഃസ്ഥാപനം, കൃഷി, വികസനം, വെള്ളപ്പൊക്ക നിയന്ത്രണം എന്നിവയ്ക്ക്. പലതിനും ആ പരിഗണന കിട്ടിയില്ല.
കുട്ടനാട് പാക്കേജിനായി ബജറ്റിൽ പണം നീക്കിവച്ചതു കൊണ്ടു മാത്രം കാര്യമില്ലെന്നു വിദഗ്ധർ പറയുന്നു. യഥാസമയം ഭരണാനുമതിയും കൊടുക്കണം. എങ്കിലേ ബന്ധപ്പെട്ട വകുപ്പിനു പണം ചെലവിട്ടു പണികൾ നടത്താൻ കഴിയൂ. ഏതെങ്കിലും നിർദേശം പ്രായോഗികമല്ലെങ്കിൽ തിരുത്തി വിശദ പദ്ധതി രേഖ തയാറാകണം. പദ്ധതികളുടെ നടത്തിപ്പ് ചുമതലയിൽ ഒരു ഉദ്യോഗസ്ഥൻ വേണം. ആവശ്യത്തിനു ജീവനക്കാർ വേണം. ഇതൊന്നും ചെയ്തിട്ടില്ല.
English Summary : M.S. Swaminathan's project Kuttanad Package reached nowhere