ഗർഭിണിക്ക് ഗ്രൂപ്പ് മാറി രക്തം നൽകിയ സംഭവം: 2 താൽക്കാലിക ഡോക്ടർമാരെ പിരിച്ചുവിട്ടു; നഴ്സിന് സസ്പെൻഷൻ
Mail This Article
പൊന്നാനി (മലപ്പുറം) ∙ മാതൃശിശു ആശുപത്രിയിൽ ഗർഭിണിക്ക് ഗ്രൂപ്പ് മാറി രക്തം കയറ്റിയ സംഭവത്തിൽ 2 താൽക്കാലിക ഡോക്ടർമാരെ പിരിച്ചുവിട്ടു. സംഭവ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ.സെയ്ത് ബക്രി, ഡോ.അമൽ ചന്ദ്രൻ എന്നിവരെയാണു പിരിച്ചുവിട്ടത്. സ്റ്റാഫ് നഴ്സ് മുബഷിറയെ സസ്പെൻഡ് ചെയ്തു.
ഇന്നലെ ജില്ലാ മെഡിക്കൽ ഓഫിസർ ആർ.രേണുക പൊന്നാനിയിലെത്തി അന്വേഷണം നടത്തിയിരുന്നു. ചികിത്സയിലുള്ള മറ്റൊരു ഗർഭിണിക്ക് നൽകാനുള്ള രക്തം യുവതിക്കു നൽകിയതാണെന്നു കണ്ടെത്തി. ആശുപത്രി ജീവനക്കാർക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി.
പാലപ്പെട്ടി പുതിയിരുത്തി കഴുങ്ങുംതോട്ടത്തിൽ അസ്‍ലമിന്റെ ഭാര്യ റുക്സാനയ്ക്കാണ് ‘ഒ നെഗറ്റീവി’നു പകരം ‘ബി പോസിറ്റീവ്’ രക്തം കയറ്റിയത്. അസ്വസ്ഥത അനുഭവപ്പെട്ടതോടെ, എട്ട് മാസം ഗർഭിണിയായ റുക്സാനയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയിരുന്നു. ഇവർ അപകടനില തരണം ചെയ്തു.
English Summary : Two temporary doctors dismissed on the incident of giving wrong blood group for pregnant woman