ADVERTISEMENT

തിരുവനന്തപുരം∙ ഇനി നടക്കുന്ന ഒന്നാംവിള നെല്ലു സംഭരണം സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ നടത്താൻ സർക്കാർ തീരുമാനിച്ചു. പ്രാഥമിക സഹകരണ സംഘങ്ങൾ വഴി നെല്ലു സംഭരണം നടത്തിയ ശേഷം കേരള ബാങ്കുമായി സഹകരിച്ചാകും കർഷകർക്കു വില നൽകുക. 

സിപിഐ ഭരിക്കുന്ന ഭക്ഷ്യപൊതുവിതരണ വകുപ്പിനു കീഴിൽ വരുന്ന സപ്ലൈകോയുടെ നേതൃത്വത്തിലെ നെല്ലുസംഭരണം വിവാദത്തിലായ സാഹചര്യത്തിലാണ് സിപിഎം ഭരിക്കുന്ന സഹകരണവകുപ്പിലേക്കുള്ള മാറ്റം. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരം ചേർന്ന മന്ത്രിസഭാ ഉപസമിതി ഇക്കാര്യങ്ങളിൽ ധാരണയിലെത്തി. 

നടപടികൾക്കു നേതൃത്വം നൽകാൻ സഹകരണ മന്ത്രി വി.എൻ.വാസവനെ യോഗം ചുമതലപ്പെടുത്തി. മന്ത്രിമാരായ കെ.കൃഷ്ണൻകുട്ടി, കെ.എൻ.ബാലഗോപാൽ, എം.ബി.രാജേഷ് എന്നിവരും പ്രാഥമിക സഹകരണ സംഘങ്ങളെ ചുമതല ഏൽപിക്കണമെന്ന അഭിപ്രായം തന്നെയാണു യോഗത്തിൽ പങ്കുവച്ചത്. തുടർന്ന് സിപിഐയിലെ ഭക്ഷ്യപൊതുവിതരണ മന്ത്രി ജി.ആർ.അനിലും കൃഷി മന്ത്രി പി.പ്രസാദും അനുകൂല നിലപാട് സ്വീകരിച്ചു. നെല്ലുസംഭരണത്തിന് കേന്ദ്ര സർക്കാരിന്റെ നോഡൽ ഏജൻസിയായി സപ്ലൈകോ തുടരുമെങ്കിലും പ്രധാന ചുമതലകൾ സഹകരണ വകുപ്പിനു തന്നെയാകും. 

സംഭരണ നടപടികൾക്കായി പ്രാഥമിക സഹകരണ സംഘങ്ങളുടെ യോഗം സഹകരണ മന്ത്രിയുടെ നേതൃത്വത്തിൽ വിളിക്കും. ആദ്യഘട്ടത്തിൽ പാലക്കാട്, ആലപ്പുഴ ജില്ലകളിലെ സംഘങ്ങളുമായാണു ചർച്ച. നെല്ല് അരിയാക്കി മാറ്റുന്നതിന് മിൽ ഉടമകളുമായി സംസാരിക്കാനും മറ്റു സാങ്കേതിക കാര്യങ്ങളിൽ വ്യക്തത വരുത്താനും മന്ത്രി വി.എൻ.വാസവനും മന്ത്രി ജി.ആർ.അനിലും വീണ്ടും യോഗം ചേരും.  

15 വർഷം മുൻപ് പാലക്കാട് ജില്ലയിൽ പ്രാഥമിക സഹകരണ സംഘങ്ങൾ വഴി നെല്ലു സംഭരിച്ചെങ്കിലും പൂർണ വിജയമായിരുന്നില്ല. അതേസമയം, ഈ സീസണിൽ നിലവിൽ 6 മില്ലുകൾ മാത്രമാണു നെല്ലെടുപ്പുമായി സഹകരിക്കാമെന്നു സമ്മതിച്ചത്. കഴിഞ്ഞ സീസണിൽ അൻപതിൽപരം മില്ലുകൾ സഹകരിച്ചിരുന്ന സ്ഥാനത്താണിത്. ഒരു കിലോ നെല്ലിന് ഈ സീസണിലും 28.20 രൂപ എന്ന വില തന്നെ തുടരുമെന്നു സർക്കാർ നേരത്തേ വ്യക്തമാക്കിയിരുന്നു. 

കേന്ദ്ര വിഹിതം കിലോയ്ക്ക് 1.43 രൂപ വീതം വർധിപ്പിച്ചെങ്കിലും സംസ്ഥാന വിഹിതം കൂട്ടാത്തതിനാൽ ഇതിന്റെ ആനുകൂല്യം കർഷകർക്കു ലഭിക്കില്ല. കേരളത്തിൽ സംഭരിക്കുന്ന നെല്ല് അരിയാക്കി മാറ്റി കേരളത്തിനുള്ള റേഷൻ വിഹിതത്തിൽ ഉൾപ്പെടുത്തി റേഷൻ കടകൾ വഴി വിതരണം ചെയ്യുന്നതിനാലാണ് കേന്ദ്ര വിഹിതം ലഭിക്കുന്നത്. ഇതു വരുന്ന സീസൺ മുതൽ 21.83 രൂപയാകും. കിലോയ്ക്ക് 7.80 രൂപയാണ് സംസ്ഥാന വിഹിതം.

വായ്പയായി നെല്ലുവില വാങ്ങാൻ മടിച്ച് കർഷകർ

തിരുവനന്തപുരം∙ കഴിഞ്ഞ സീസണിൽ നെല്ലുസംഭരിച്ചതിന്റെ വില പിആർഎസ് വായ്പയായി വാങ്ങാൻ മടിച്ച് സംസ്ഥാനത്തെ നാലായിരത്തോളം കർഷകർ. ഇതു കാരണം കനറാ, എസ്ബിഐ ബാങ്കുകൾ ഉൾപ്പെട്ട കൺസോർഷ്യത്തിൽ നിന്നു ലഭിച്ച 250 കോടി രൂപ വായ്പയിൽ 30 കോടിയോളം രൂപ ഇനിയും വിതരണം ചെയ്യാനായിട്ടില്ല.

നെല്ലു സംഭരിച്ചതിനു രേഖയായി നൽകുന്ന പാഡി രസീത് ഷീറ്റിനെ (പിആർഎസ്) അടിസ്ഥാനമാക്കി വായ്പയായി ലഭിക്കുന്ന പണം ഭാവിയിൽ വ്യക്തിപരമായ പണമിടപാടുകൾക്കുള്ള സിബിൽ സ്കോറിനെ ബാധിച്ചേക്കും എന്ന ആശങ്ക കാരണമാണ് ഇത്രയധികം കർഷകർ തുക വാങ്ങാൻ മടിക്കുന്നത്. 

പിആർഎസ് വായ്പയിൽ താൽപര്യമില്ലെന്ന മറുപടിയാണ് ഇവർ ഉദ്യോഗസ്ഥർക്കു നൽകിയത്. നെല്ലുവില തങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിൽ വിലയായി അനുവദിച്ചു നൽകണമെന്നും അവർ ആവശ്യപ്പെട്ടു. പിആർഎസ് വായ്പയായി നെല്ലുവില ലഭിക്കണമെങ്കിൽ ഈ രണ്ടു ബാങ്കുകളിലും എത്തി കർഷകർ ഒട്ടേറെ രേഖകൾ ഒപ്പിട്ടു നൽകണം. സാധാരണ വായ്പകൾക്കു തുല്യമായ നടപടിക്രമങ്ങളാണിത്.

അതേസമയം, സംഭരിച്ച നെല്ലിന്റെ വില വിതരണം ചെയ്യാൻ ഹൈക്കോടതി നൽകിയ സാവകാശം ഈ മാസം 31ന് അവസാനിക്കുമെന്നതിനാൽ കർഷകർ പണം പിആർഎസ് വായ്പയായി വാങ്ങാതിരുന്നാൽ അതു സർക്കാരിനു നിയമക്കുരുക്കായേക്കും. ഏകദേശം 27,000 കർഷകർക്കു നെല്ലുസംഭരണ വില നൽകാൻ ബാക്കി നിൽക്കെയാണ് പിആർഎസ് വായ്പ നൽകാൻ സർക്കാർ ബാങ്ക് കൺസോർഷ്യത്തിൽ നിന്നു വായ്പയെടുത്തത്. ഓണത്തിനു തൊട്ടു മുൻപ് ഓഗസ്റ്റ് 24 ന് വിതരണം ആരംഭിച്ചിരുന്നു.

English Summary : Kerala government decided to conduct paddy storage under leadership of cooperative department

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com