രാഷ്ട്രീയം അധികാരമല്ല, സേവനമാകണം: ഗവർണർ
Mail This Article
തിരുവനന്തപുരം∙ രാഷ്ട്രീയത്തെ കീർത്തിയും അധികാരവുമായല്ല, സേവനവും മനുഷ്യത്വപരവുമായി കാണണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ളവരെ തിരിച്ചറിഞ്ഞു ശാക്തീകരിക്കാനും വേദനിക്കുന്നവരുടെ കണ്ണീരൊപ്പാനും രാഷ്ട്രീയക്കാർക്കു കഴിയണമെന്നും അദ്ദേഹം പറഞ്ഞു. മനോരമ ന്യൂസ് ടിവി ചാനലിന്റെ 2022ലെ ‘ന്യൂസ് മേക്കർ’ പുരസ്കാരം ശശി തരൂരിന് സമ്മാനിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
‘രാജ്യത്തെ ഏറ്റവും മികച്ച പാർലമെന്റേറിയൻമാരിൽ ഒരാളായ ശശി തരൂരിന്റെ ഒട്ടേറെ ആരാധകരിൽ ഒരാളാണ് ഞാനും. അസാധാരണ മികവുള്ള ബുദ്ധിജീവിയും പ്രഭാഷകനും എഴുത്തുകാരനുമാണ് അദ്ദേഹം. ആരാധകരെയും വിമർശകരെയും ഒരുപോലെ അമ്പരപ്പിക്കുന്ന പാണ്ഡിത്യവും പ്രഭാഷണ മികവുമാണ് പാർലമെന്റിനകത്തും പുറത്തും അദ്ദേഹം കാഴ്ചവയ്ക്കുന്നത്.’– ഗവർണർ ചൂണ്ടിക്കാട്ടി. ബോളിവുഡ് താരവും ബിജെപി എംപിയുമായ ഹേമമാലിനി വിഡിയോ സന്ദേശത്തിലൂടെ തരൂരിനെ അഭിനന്ദനം അറിയിച്ചു.
മലയാള മനോരമ എക്സിക്യൂട്ടീവ് എഡിറ്റർ ജയന്ത് മാമ്മൻ മാത്യു, കെഎൽഎം ആക്സിവ ഫിൻവെസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ ഷിബു തെക്കുംപുറം തുടങ്ങിയവർ പങ്കെടുത്തു. എംഎംടിവി സിഇഒ പി.ആർ.സതീഷ് ഗവർണർക്ക് ഉപഹാരം സമ്മാനിച്ചു. ശശി തരൂരുമായുള്ള സംവാദത്തിന് മനോരമ ന്യൂസ് ന്യൂസ് ഡയറക്ടർ ജോണി ലൂക്കോസ് നേതൃത്വം നൽകി. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും പൗരപ്രമുഖരും ഉൾപ്പെടെ പ്രൗഢ സദസ്സ് ചടങ്ങിന് സാക്ഷ്യം വഹിച്ചു.
English Summary : Politics should be service, not power says Governor