ആരോഗ്യമന്ത്രിയുടെ ഓഫിസിനെതിരെ; കോഴ ആരോപണം: ബാസിത് അറസ്റ്റിൽ
Mail This Article
തിരുവനന്തപുരം ∙ മന്ത്രി വീണാ ജോർജിന്റെ ഓഫിസിനെ കോഴ ആരോപണത്തിന്റെ നിഴലിൽ നിർത്തിയ കേസിലെ മുഖ്യപ്രതിയും എഐഎസ്എഫ് മുൻ മലപ്പുറം ജില്ലാ പ്രസിഡന്റുമായ കെ.പി.മുഹമ്മദ് അബ്ദുൽ ബാസിത് അറസ്റ്റിൽ.
മഞ്ചേരി മലാംകുളത്തെ ബന്ധുവിന്റെ വീട്ടിൽ നിന്ന് ഇന്നലെ വൈകിട്ട് 6 നായിരുന്നു അറസ്റ്റ്. മന്ത്രിയുടെ പഴ്സനൽ അസിസ്റ്റന്റ് അഖിൽ മാത്യു കോഴ വാങ്ങിയെന്ന് ആദ്യം മന്ത്രിയുടെ ഓഫിസിൽ അറിയിച്ചത് ബാസിത് ആണ്. ബാസിതിനോട് ചോദ്യം ചെയ്യലിനു പൊലീസിനു മുൻപാകെ ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും ഹാജരായില്ല. തുടർന്നാണ് പൊലീസ് ഇന്നലെ രാവിലെ മഞ്ചേരിയിൽ എത്തി ഇയാളുടെ നീക്കങ്ങൾ നിരീക്ഷിച്ചതും പിടികൂടിയതും. ബന്ധുവായ തലാപ്പിൽ സജീറിന്റെ വീട്ടിൽ വച്ചാണു കസ്റ്റഡിയിലെടുക്കുന്നത്. സജീർ കഴിഞ്ഞ നഗരസഭാ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചിരുന്നു.
ബാസിതിനെ ഇന്നു രാവിലെ കന്റോൺമെന്റ് സ്റ്റേഷനിൽ എത്തിക്കും. പരാതിക്കാരൻ ഹരിദാസൻ, നേരത്തെ അറസ്റ്റ് ചെയ്യുകയും ഇന്നലെ 4 ദിവസത്തെ കസ്റ്റഡിയിൽ ലഭിക്കുകയും ചെയ്ത റഹീസ്, ബാസിത് എന്നിവരെ ഇന്ന് ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും.
നാഷനൽ ആയുഷ് മിഷനിൽ മകന്റെ ഭാര്യയ്ക്ക് ഹോമിയോ ഡോക്ടറായി താൽക്കാലിക നിയമനം ലഭിക്കാൻ മന്ത്രിയുടെ പഴ്സനൽ സ്റ്റാഫ് അഖിൽ മാത്യുവിന് ഒരു ലക്ഷം രൂപ കൈക്കൂലി നൽകിയെന്ന മലപ്പുറം സ്വദേശി ഹരിദാസൻ കുമ്മാളിയുടെ വെളിപ്പെടുത്തലാണു നിർണായക വഴിത്തിരിവിൽ എത്തിയിരിക്കുന്നത്.
തിങ്കളാഴ്ച കന്റോൺമെന്റ് സ്റ്റേഷനിൽ ഹാജരായ ഹരിദാസനെ അന്നും ഇന്നലെയുമായി ചോദ്യം ചെയ്തു ഗൂഢാലോചനയുടെ കുരുക്കുകൾ പൊലീസ് അഴിച്ചെടുക്കുകയായിരുന്നു. അഖിൽ മാത്യുവിനെ താൻ കാണുകയോ കൈക്കൂലി നൽകുകയോ ചെയ്തിട്ടില്ലെന്നു ഹരിദാസൻ വെളിപ്പെടുത്തി. നിയമനം തരപ്പെടുത്തുന്നതിനു വേണ്ടി ബാസിത് പല ഘട്ടങ്ങളിലായി ഒരു ലക്ഷം രൂപ വാങ്ങിയിട്ടുണ്ട്. ആ തുകയെല്ലാം അഖിൽ മാത്യുവിനു നൽകാനെന്നു ബാസിത് തന്നെ വിശ്വസിപ്പിച്ചിരുന്നു. ബാസിതുമായി വർഷങ്ങളായി അടുത്ത അടുത്ത ബന്ധമുണ്ട്. അയാളാണു ജോലി തരപ്പെടുത്താമെന്ന വാഗ്ദാനവുമായി വന്നത്. അഖിൽ സജീവ്, റഹീസ്, ലെനിൻ രാജ് എന്നിവരെ പരിചയപ്പെടുത്തി. അഖിൽ സജീവിന് 25000 രൂപ കൊടുത്ത് ഏതാനും ദിവസം കഴിഞ്ഞപ്പോൾ നിയമനം ഉടൻ നടക്കുമെന്ന നാഷനൽ ആയുഷ് മിഷന്റെ ഇമെയിൽ തനിക്കു കാണിച്ചുതന്നു. അതു വ്യാജമാണെന്നും എംബ്ലം നാഷനൽ ഹെൽത്ത് മിഷന്റേതാണെന്നും താൻ തിരിച്ചറിഞ്ഞില്ല. നിയമനം ഉറപ്പാക്കിയതിന് അഖിൽ സജീവിന് 50,000 രൂപ കൂടി നൽകി.
മെയിൽ ലഭിച്ചിട്ടും നിയമന ഉത്തരവു വരാൻ വൈകുന്നതിനെക്കുറിച്ചു താൻ ബാസിതിനോട് ആവർത്തിച്ചു ചോദിച്ചു. അപ്പോഴാണു മന്ത്രിയുടെ ഓഫിസിൽ പോകാമെന്നും മരുമകളുടെ പേര് ലിസ്റ്റിൽ ഉള്ളതു കാണിച്ചുതരാമെന്നും ബാസിത് പറഞ്ഞത്. തനിക്കൊപ്പം വന്ന ബാസിത് മന്ത്രിയുടെ ഓഫിസ് പ്രവർത്തിക്കുന്ന സെക്രട്ടേറിയറ്റിന്റെ രണ്ടാം അനക്സിന്റെ അടുത്തെത്തിയശേഷം അഖിൽ മാത്യുവിനെ ഫോണിൽ വിളിക്കുന്നതായി അഭിനയിച്ചു. മാറിനിന്ന് ആരോടോ ഫോണിൽ സംസാരിച്ചശേഷം അടുത്തേക്കുവന്ന ബാസിത്, അഖിൽ മാത്യു ചതിച്ചെന്നു പറഞ്ഞു. നാട്ടിൽ എത്തിയ ശേഷവും പണത്തെക്കുറിച്ചു ചോദിച്ചപ്പോൾ അഖിൽ മാത്യുവിനെതിരെ പരാതി നൽകാമെന്നു ബാസിത് പറഞ്ഞു. അതിന്റെ ഭാഗമായി അയാൾ മന്ത്രിയുടെ ഓഫിസിൽ എത്തി. രേഖാമൂലം പരാതി നൽകണമെന്നായിരുന്നു അവിടെ നിന്നുള്ള നിർദേശം. മന്ത്രിയുടെ ബന്ധുവാണ് അഖിൽ മാത്യുവെന്ന തെറ്റായ വിവരം ഉൾപ്പെടെ ചേർത്തു ബാസിതാണു പരാതി തയാറാക്കിയത്. അതിൽ താൻ ഒപ്പിട്ടു നൽകുക മാത്രമേ ചെയ്തിട്ടുള്ളൂ. പരാതി അയച്ചിട്ടും ഒന്നും സംഭവിക്കുന്നില്ലല്ലോയെന്നു നാളുകൾക്കുശേഷം താൻ ചോദിച്ചു. മാധ്യമപ്രവർത്തകരെ വിവരം അറിയിക്കാമെന്നു ബാസിത് പറഞ്ഞു. അഖിൽ മാത്യുവിനു പണം നൽകിയെന്ന പരാതിയിൽ ഉറച്ചുനിൽക്കണമെന്നും അല്ലെങ്കിൽ താനും അഖിൽ സജീവും റഹീസും തനിക്കെതിരെ മൊഴി നൽകുമെന്നും ഭീഷണിപ്പെടുത്തി– ഹരിദാസൻ പൊലീസിനോടു പറഞ്ഞു.
ബാസിതിന്റെ ചതി അറിഞ്ഞിട്ടും സംരക്ഷിക്കാൻ ഹരിദാസൻ
∙ മകന്റെ ഭാര്യയ്ക്കു ജോലി വാങ്ങി നൽകാമെന്ന ഉറപ്പുമായി എത്തിയ കെ.പി.മുഹമ്മദ് അബ്ദുൽ ബാസിത് തന്നെ ചതിക്കുകയായിരുന്നുവെന്നു തിരിച്ചറിഞ്ഞിട്ടും സംരക്ഷിക്കാൻ ഹരിദാസൻ കുമ്മാളി പരമാവധി ശ്രമിച്ചു.
ആത്മസുഹൃത്തിന്റെ മകൻ കൂടിയായ ബാസിത് ഏറെക്കാലമായി ഹരിദാസന്റെ വീട്ടിൽ നിത്യസന്ദർശകനായിരുന്നു. ഹരിദാസന്റെ മകന്റെ ഉറ്റസുഹൃത്തുകൂടിയായിരുന്നു ബാസിത്. പലപ്പോഴും കടം വാങ്ങാറുണ്ട്. ഒടുവിൽ പരാതിക്കാരനായ താൻ പ്രതിയാകുമെന്നു വന്നതോടെ ഹരിദാസന് എല്ലാം പൊലീസിനോടു പറയേണ്ടിവന്നു. ഹരിദാസന്റെ മലപ്പുറം പന്തല്ലൂരിലെ കുടുംബ വീടിനടുത്താണു ബാസിതും കുടുംബവും കഴിഞ്ഞിരുന്നത്.
തട്ടിപ്പു മൂടിവയ്ക്കാൻ പല രീതിയിൽ ബാസിത് കളവു പറഞ്ഞു. സെപ്റ്റംബർ 4നു സ്വന്തം മെയിലിൽ നിന്നു ബാസിത് മന്ത്രിയുടെ ഓഫിസിലേക്കു പരാതി അയച്ചു. പിന്നീടു ഹരിദാസൻ തപാൽ വഴി പരാതി നൽകുകയായിരുന്നു. ഹരിദാസന്റെ വെളിപ്പെടുത്തലുകൾ വന്ന ആദ്യ 2 ദിവസങ്ങളിലും ബാസിത് അദ്ദേഹത്തിന്റെ വീട്ടിൽ ഉണ്ടായിരുന്നു. ഹരിദാസിന്റെ ഫോൺ കൈകാര്യം ചെയ്തതും ബാസിത് തന്നെ.