വെറും തീയല്ലെന്നു സംശയമുയർത്തി കൂടുതൽ തെളിവുകൾ പുറത്ത്
Mail This Article
കോട്ടയം ∙ വെള്ളൂർ കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡിലെ (കെപിപിഎൽ) തീപിടിത്തം അട്ടിമറിയെന്ന സംശയത്തിനു ബലമേകുന്ന കൂടുതൽ വസ്തുതകൾ വെളിച്ചത്താകുന്നു. വിവിധ വകുപ്പുകളുടെ പ്രാഥമിക അന്വേഷണത്തിൽ ഇതിനെ സാധൂകരിക്കുന്ന നിരീക്ഷണങ്ങളാണ് ഉണ്ടായതെന്നും അറിയുന്നു.
സാധാരണ തീപിടിത്തം ഒരു സ്ഥലത്തു നിന്നു തുടങ്ങി മറ്റുള്ളിടത്തേക്കു പടരുകയാണു ചെയ്യുന്നത്. എന്നാൽ, കെപിപിഎലിൽ താഴത്തെ നിലയിൽ പെട്ടെന്നു ചുറ്റും തീപടരുകയായിരുന്നു. തീപിടിത്തം ഉണ്ടായ വ്യാഴാഴ്ച വൈകിട്ട് അഞ്ചര വരെ പ്രവർത്തിച്ച സിസിടിവി ക്യാമറകൾ പിന്നീടു പ്രവർത്തിച്ചിട്ടില്ല. തീപിടിച്ച യന്ത്രത്തിനു നേരെയും ക്യാമറയുണ്ടായിരുന്നു. ക്യാമറയുടെ ചുമതലയുള്ള ഉദ്യോഗസ്ഥ ഡ്യൂട്ടി കഴിഞ്ഞ് പോയതിനു ശേഷമാണ് ഇവയുടെ പ്രവർത്തനം നിലച്ചത്.
ഷോർട് സർക്യൂട്ട് കാരണം തീപിടിത്തമെന്നായിരുന്നു ആദ്യനിഗമനം. എന്നാൽ അതിനുള്ള തെളിവുകൾ ലഭിച്ചിട്ടില്ല. ഷോർട് സർക്യൂട്ട് ഉണ്ടായി കേബിളിനു തീപിടിച്ചിട്ടില്ല. കേബിളിന്റെ പുറംഭാഗത്തിനു ചെറിയ രീതിയിലുള്ള പ്രശ്നം മാത്രമേ ഉണ്ടായിട്ടുള്ളൂ.
യന്ത്രങ്ങൾ പരമാവധി ശേഷിയിൽ പ്രവർത്തിപ്പിച്ചതാകാം തീപിടിത്തത്തിനു കാരണം എന്ന നിഗമനവും വിദഗ്ധർ തള്ളുകയാണ്. പ്രതിദിനം 320 ടണ്ണോളം കടലാസ് ഉൽപാദിപ്പിച്ചിരുന്ന യന്ത്രമാണ്. തീപിടിത്തമുണ്ടായ ദിവസം 270 ടൺ ശേഷിയിലാണു പ്രവർത്തിച്ചിരുന്നത്.
അതേസമയം, സാധാരണ തീപിടിത്തത്തിനുള്ള സാധ്യതകളും പൂർണമായി തള്ളിക്കളഞ്ഞിട്ടില്ല. യന്ത്രങ്ങൾ വൃത്തിയാക്കാതെ പ്രവർത്തിപ്പിച്ചാൽ റോളറുകൾക്കിടയിൽ തീപ്പൊരി ഉണ്ടാകാം. 20 ദിവസമായി പ്രവർത്തിപ്പിക്കാതിരുന്ന യന്ത്രമാണ് അന്ന് ഉച്ചകഴിഞ്ഞ് മൂന്നോടെ പ്രവർത്തിപ്പിച്ചു തുടങ്ങിയത്.
യന്ത്രം പ്രവർത്തിച്ചിരുന്ന താഴത്തെ നിലയിൽ 40 ഡിഗ്രി സെൽഷ്യസാണ് ചൂട്. ഇത്രയും ചൂടിൽക്കിടക്കുന്ന പേപ്പറിലേക്ക് തീപ്പൊരി ഉണ്ടായാൽ കത്താനുള്ള സാധ്യതയും ഉണ്ട്. റീലുകളിൽ നിന്ന് പൊട്ടിവീഴുന്ന പേപ്പറിന് നേരത്തേ ഇങ്ങനെ തീപിടിച്ചിട്ടുണ്ട്. അങ്ങനെ പേപ്പർ കൂടിക്കിടന്നാൽ അവയിൽ വെള്ളം ഒഴിച്ചിടാറുണ്ട്. എന്നാൽ സംഭവ ദിവസം ഒരു തവണ റീൽ പൊട്ടി പേപ്പർ കൂടിക്കിടന്നിരുന്നെങ്കിലും വെള്ളമൊഴിച്ചിരുന്നില്ല.