ADVERTISEMENT

തിരുവനന്തപുരം ∙ പുരോഗമന കലാസാഹിത്യ സംഘം (പുകസ) തൃശൂർ ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട് എം.എൻ.വിജയനെ ബന്ധപ്പെടുത്തിയുള്ള വിവാദം ഉടലെടുത്തതിൽ സിപിഎം സംസ്ഥാന നേതൃത്വത്തിന് അതൃപ്തി. അനവസരത്തിലെ അനാവശ്യ വിവാദമായാണ് നേതാക്കൾ ഇതിനെ വിലയിരുത്തുന്നത്. എം.എൻ.വിജയനും പാർട്ടി നേതൃത്വവുമായുള്ള പഴയ ഭിന്നതകളും ആശയ രാഷ്ട്രീയ പ്രശ്നങ്ങളും മറ്റും വീണ്ടും ചർച്ചകളിലേക്കു വരാൻ ഇതു കാരണമായെന്ന വികാരവും നേതൃത്വത്തിനുണ്ട്. 

പുകസ തൃശൂർ ജില്ലാ സമ്മേളനത്തിനു മുന്നോടിയായി സംഘടിപ്പിച്ച ‘സ്മൃതിയാത്ര’ എം.എൻ.വിജയന്റെ എടവിലങ്ങിലെ വീട്ടിൽ നിന്നു നടത്താൻ തീരുമാനിച്ചതിനെതിരെ അദ്ദേഹത്തിന്റെ കുടുംബവും ആരാധകരും പ്രതികരിച്ചതോടെയാണ് പാർട്ടിക്കും പുകസയ്ക്കും പൊള്ളിയത്. ഇതോടെ എം.എൻ.വിജയന്റെ വസതിയിൽ നിന്നു തുടങ്ങാൻ തീരുമാനിച്ചില്ലെന്നും എടവിലങ്ങ് കവലയിൽ നിന്നു തുടങ്ങാനാണിരുന്നതെന്നും വിശദീകരിച്ചു തലയൂരാനാണ് പുകസ ജില്ലാ കമ്മിറ്റി ശ്രമിക്കുന്നത്.

സിപിഎം നേതൃത്വത്തോട് ഇടഞ്ഞു പുകസ അധ്യക്ഷ സ്ഥാനവും ദേശാഭിമാനി പത്രാധിപ പദവിയും രാജിവയ്ക്കുകയും പിണറായി വിജയന്റെ നേതൃത്വത്തോട് ഒരിക്കലും പിന്നീടു സമരസപ്പെടാതിരിക്കുകയും ചെയ്ത എം.എൻ.വിജയനോട് പുകസയ്ക്ക് പെട്ടെന്നെന്താണ് സ്നേഹമെന്ന ചോദ്യമാണ് അദ്ദേഹത്തിന്റെ മകനും ഉയർത്തിയത്. 

പാർട്ടിയെ നിശിതമായി വിമർശിച്ചതിന് എം.എൻ.വിജയനോട് മാത്രമല്ല സിപിഎം പൊറുക്കാതിരുന്നത്. അദ്ദേഹത്തിന്റെ മകൻ വി.എസ്.അനിൽകുമാറിനെ കണ്ണൂരിൽ സിപിഎം നിയന്ത്രണത്തിലുള്ള സ്ഥാപനത്തിന്റെ പ്രിൻസിപ്പൽ പദവിയിൽ പ്രാദേശിക നേതൃത്വം നിയോഗിച്ചതിന്റെ പേരിലും നേതൃത്വം കണ്ണൂരുട്ടി. അനിലിന് ആ പദവിയിൽ നിന്ന് ഒഴിയേണ്ടി വന്നു. എം.എൻ.വിജയന്റെ നിര്യാണസമയത്ത് ആദരാഞ്ജലി അർപ്പിക്കാൻ പ്രധാന നേതാക്കളാരും എത്തിയില്ല. അനുശോചനക്കുറിപ്പിനു പോലും മുതിരാതിരുന്ന സിപിഎം തൃശൂർ ജില്ലാ കമ്മിറ്റിയുടെ ഭാഗമായ പുകസ ജില്ലാ കമ്മിറ്റിയാണ് ഇപ്പോൾ സ്മൃതിയാത്രയുമായി ഇറങ്ങിയതെന്നു വിമർശകർ കുറ്റപ്പെടുത്തുന്നു.

കൊടുങ്ങല്ലൂരിൽ എം.എൻ.വിജയന്റെ മൃതദേഹം പൊതു ദർശനത്തിനു വച്ചപ്പോൾ പാർട്ടി ഏരിയ സെക്രട്ടറി പോലും എത്തിയിരുന്നില്ല. ‘നല്ല കലാലയ അധ്യാപകൻ’ എന്നായിരുന്നു പിണറായി വിജയന്റെ അനുശോചനക്കുറിപ്പിലെ വിശേഷണം. സിപിഎമ്മിലെ ആശയ സമരത്തിൽ എം.എൻ.വിജയൻ വഹിച്ച പങ്ക് പാ‍ർട്ടിയെ വിഷമവൃത്തത്തിലാക്കിയ കാര്യം ഔദ്യോഗിക നേതൃത്വം തന്നെ സമ്മതിച്ചിട്ടുണ്ട്. എം.പി.പരമേശ്വരന്റെ ‘നാലാംലോക’ വാദത്തിന്റെ പ്രണേതാക്കളായി പാർട്ടിയിലെ പ്രബല വിഭാഗം മാറുന്നുവെന്നു വിലയിരുത്തിയ എം.എൻ. വിജയൻ അതിനെതിരെ തന്റെ നേതൃത്വത്തിലുള്ള പാഠം മാസികയെയും അധിനിവേശ പ്രതിരോധ സമിതിയെയും രംഗത്തിറക്കിയിരുന്നു.

ജനകീയാസൂത്രണത്തിനെതിരെയുള്ള അദ്ദേഹത്തിന്റെ കടന്നാക്രമണങ്ങൾ ഇടതുപക്ഷ അനുഭാവികളെ സ്വാധീനിച്ചെന്ന് നേതൃത്വം വിലയിരുത്തി. അതുകൊണ്ടു തന്നെ എം.എൻ.വിജയനുമായി സന്ധി ചെയ്യേണ്ടതില്ലന്ന തീരുമാനമാണ് അന്നു നേതൃത്വം എടുത്തത്. പാർട്ടിയോ പുകസയോ ഇക്കാര്യത്തിൽ തിരുത്തൽ വരുത്താത്ത സാഹചര്യത്തിൽ അദ്ദേഹത്തെ ഓർമകളെ ആദരിച്ചുള്ള ‘സ്മൃതിയാത്ര’ മതിയായ ചർച്ച കൂടാതെ ആയിപ്പോയെന്ന അഭിപ്രായമാണു നേതാക്കൾ പങ്കുവയ്ക്കുന്നത്. 

അറിഞ്ഞില്ലെന്നു പറയുന്നത് വിശ്വസിക്കുന്നില്ല: അനിൽകുമാർ

കൊടുങ്ങല്ലൂർ ∙ പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള സ്മൃതിയാത്ര പ്രഫ.എം.എൻ. വിജയന്റെ വീട്ടിൽ നിന്നു തുടങ്ങാൻ നിശ്ചയിച്ചതു പാർട്ടിയുടെ പ്രമുഖ നേതൃത്വം അറിഞ്ഞിട്ടല്ലെന്നു വിശ്വസിക്കുന്നില്ലെന്ന് എം.എൻ.വിജയന്റെ മകനും എഴുത്തുകാരനുമായ വി.എസ്. അനിൽ കുമാർ പറഞ്ഞു. എം.എൻ.വിജയൻ അനുസ്മരണ സമിതി നടത്തിയ ‘എം.എൻ.വിജയൻ ഓർമ’ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു.

17ന് എം.എൻ.വിജയന്റെ വീട്ടിൽ നിന്നാണു യാത്ര തുടങ്ങുകയെന്നു പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നെങ്കിലും എടവിലങ്ങ് ചന്തയിൽ നിന്നായിരിക്കും യാത്ര തുടങ്ങുക എന്നു കഴിഞ്ഞ ദിവസം പുകസ ജില്ലാ നേതാക്കൾ പറഞ്ഞിരുന്നു. വീട്ടിൽ നിന്നു തുടങ്ങാൻ നിശ്ചയിച്ചിട്ടില്ലെന്നും പോസ്റ്ററുകൾ പ്രവർത്തകർ തയാറാക്കിയതാണ് എന്നുമായിരുന്നു ജില്ലാ നേതൃത്വ വിശദീകരണം. 

എം.എൻ.വിജയന്റെ വീട്ടിൽ വച്ചു സ്മൃതിയാത്ര തുടങ്ങുമെന്ന കാര്യം പോസ്റ്ററിൽ ചേർത്തത് ജില്ലാ - സംസ്ഥാന നേതൃത്വം അറിയാതെയാണെന്നു വിഡ്ഢികൾ പോലും കരുതുന്നില്ലെന്ന് അനിൽകുമാർ പറഞ്ഞു. എം.എൻ.വിജയൻ എന്ന വാക്ക് പാർട്ടിയും പുകസയും ഒരു കാലത്ത് ഏറെ ഭയപ്പെട്ടിരുന്നു. എം.എൻ.വിജയന്റെ ചിന്തകളെ തിരിച്ചു പിടിക്കുന്ന നിലപാട് സംസ്ഥാന നേതൃത്വം അറിയാതെയാണ് എന്നു പറയുന്നത് ദുർബലമായ വിശദീകരണം ആണ്. വീട്ടിൽ നിന്നു യാത്ര തുടങ്ങുന്ന കാര്യം അനുയായികൾ ആണ് എഴുതിച്ചേർത്തത് എന്ന വിശദീകരണം അനുയായികളോടു പറയാം.

പൊതുസമൂഹത്തിൽ തിരിച്ചറിവുള്ള മനുഷ്യർ ധാരാളമുണ്ടെന്ന ധാരണ പുകസ നേതൃത്വത്തിനുണ്ടാകണം. പാർട്ടിയും പോഷക സംഘടനകളും നേരിടുന്ന പ്രതിസന്ധിയെ അതിജീവിക്കാൻ വേണ്ടിയാണ് എം.എൻ. വിജയന്റെ ചിന്തകളെ ഇപ്പോൾ ഉപയോഗപ്പെടുത്തുന്നത്. അന്ന് ആരോപണം ഉന്നയിച്ചവർ പൊടുന്നനെ നിലപാട് മാറ്റുമ്പോൾ ഒരുപാട് ചോദ്യങ്ങൾക്കു മറുപടി പറയേണ്ടി വരും – അദ്ദേഹം പറഞ്ഞു. കാലടി സർവകലാശാല വൈസ് ചാൻസലർ എം.വി. നാരായണൻ ഉദ്ഘാടനം ചെയ്തു.

English Summary:

Memories of MN Vijayan; CPM says the controversy is unnecessary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com