കരുവന്നൂർ: സിപിഎം ജില്ലാ കമ്മിറ്റിക്കെതിരെ കേസെടുക്കണം: അനിൽ അക്കര
Mail This Article
തൃശൂർ ∙ കരുവന്നൂർ ബാങ്ക് തട്ടിപ്പ് ഉന്നത സിപിഎം നേതാക്കളുടെ ശുപാർശയിൽ നടന്നതാണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രൊവിഷനൽ അറ്റാച്ച്മെന്റ് ഓർഡറിൽ കണ്ടെത്തിയിട്ടുണ്ടെന്നും ഈ സാഹചര്യത്തിൽ സിപിഎം ജില്ലാ കമ്മിറ്റിക്കെതിരെയും കേസെടുക്കണമെന്നും അനിൽ അക്കര. എ.സി.മൊയ്തീൻ, പി.കെ.ബിജു, സിപിഎം ജില്ലാ സെക്രട്ടറി എം.എം.വർഗീസ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ സി.കെ.ചന്ദ്രൻ, പി.കെ.ഷാജൻ എന്നിവർക്കെതിരെ ഗൂഢാലോചനാക്കുറ്റത്തിനും തട്ടിപ്പിനും തെളിവുനശിപ്പിക്കാൻ കൂട്ടുനിന്നതിനുമെതിരെ കേസെടുക്കണമെന്ന് ഡിജിപിക്കും ജില്ലാ പൊലീസ് മേധാവിക്കും നൽകിയ പരാതിയിൽ അനിൽ ആവശ്യപ്പെട്ടു.
സിപിഎമ്മിന്റെ അംഗീകാരം തുടരുന്നതു സംബന്ധിച്ചു പരിശോധിക്കണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനു പരാതി നൽകുമെന്നും അനിൽ അക്കര പറഞ്ഞു. കെഎസ്എഫ്ഇയിൽ നടന്ന ചിട്ടി തട്ടിപ്പിനെക്കുറിച്ച് മുൻ ചെയർമാൻ വെളിപ്പെടുത്തിയ സാഹചര്യത്തിൽ ആ വിഷയത്തിലും കേസെടുക്കണം. ഇത് വെളിപ്പെടുത്തിയ എ.കെ.ബാലൻ നിയമമന്ത്രി ആയിരുന്നു എന്നതു തന്നെ കേസിന്റെ ഗൗരവം വർധിപ്പിക്കുന്നുവെന്നും അനിൽ അക്കര പറഞ്ഞു