വിഴിഞ്ഞത്ത് യാത്രാക്കപ്പൽ അടുപ്പിക്കാനും ആലോചന, വിനോദസഞ്ചാരത്തിനും വിസിൽ
Mail This Article
തിരുവനന്തപുരം∙ ലോകത്തിന്റെ വാണിജ്യ കവാടമാണ് വിഴിഞ്ഞം തുറമുഖത്തിലൂടെ തലസ്ഥാനത്തു തുറക്കുന്നതെങ്കിലും അത് വിനോദ സഞ്ചാര മേഖലയിൽ തുറന്നിടുന്നതും അനന്ത സാധ്യതകളാണ്. ടൂറിസം മുഖ്യ വരുമാന മാർഗങ്ങളിലൊന്നായ കേരളത്തെ സംബന്ധിച്ച് രാജ്യത്ത് രാജ്യാന്തര കപ്പൽ ചാലുകളോട് ഏറ്റവും അടുത്തു സ്ഥിതി ചെയ്യുന്ന വിഴിഞ്ഞം തുറമുഖം ‘ഗെയിം ചേഞ്ചർ’ ആകുമെന്ന് ഈ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ കടൽ മാർഗമുള്ള വിനോദ സഞ്ചാര ഹബ് ആയി കൂടി തിരുവനന്തപുരം മാറാനുളള സാധ്യതയ്ക്കാണ് വഴി തുറക്കുന്നത്.
ക്രൂസ് ടെർമിനൽ അടുത്ത ഘട്ടത്തിൽ
കപ്പൽ വഴിയുള്ള വിനോദ സഞ്ചാരം ലോകത്തെ വൻ തുറമുഖ നഗരങ്ങളുടെയെല്ലാം മുഖ്യ സവിശേഷതയാണെങ്കിലും ഇന്ത്യ ഇനിയും അതിന്റെ സാധ്യതകൾ വേണ്ട വിധം പ്രയോജനപ്പെടുത്തിയിട്ടില്ല. ആ കുറവ് നികത്താൻ വിഴിഞ്ഞത്തിനാകും. രാജ്യാന്തര കപ്പൽ ചാലുകളോട് ചേർന്നുള്ളതാണെന്നതു തന്നെ അതിന്റെ മുഖ്യ കാരണം.
വിനോദ സഞ്ചാര കപ്പലുകളെ സ്വീകരിക്കാൻ വേണ്ടിയുള്ള എക്സ്ക്ലൂസീവ് ക്രൂസ് ടെർമിനലുകൾ 2027ൽ പൂർത്തിയാകുമെന്നു കരുതുന്ന രണ്ടാം ഘട്ടത്തിലാണ് വിഭാവനം ചെയ്യുന്നത്. പ്രതിവർഷം ഒരു ലക്ഷം സഞ്ചാരികളെങ്കിലും വിനോദ സഞ്ചാര കപ്പലുകളിലൂടെ എത്തുന്ന സാഹചര്യമുണ്ടായാലേ അത്തരം വികസനത്തിന് സാധ്യതയുളളൂ. എന്നാൽ ക്രൂസ് ടെർമിനലുകൾ ഇപ്പോൾ ഇല്ലെന്നത് വിനോദ സഞ്ചാര കപ്പലുകളെ സ്വീകരിക്കാൻ തടസമല്ലെന്നും നിലവിലുള്ള ടെർമിനലിൽ തന്നെ അവരെയും വരവേൽക്കാനാകുമെന്നും വിഴിഞ്ഞം രാജ്യാന്തര തുറമുഖ കമ്പനി(വിസിൽ) സിഇഒ ഡോ.ജയ കുമാർ പറഞ്ഞു. അതിനുള്ള നീക്കങ്ങളും വിസിൽ നടത്തുന്നുണ്ട്.
വിശാല വഴികൾ
തുടക്കത്തിൽ വിനോദ സഞ്ചാര കപ്പലുകൾ ഏറെയൊന്നും വരാൻ സാധ്യതയില്ലെങ്കിലും വാണിജ്യ കപ്പലുകളുടെ വരവ് തന്നെ വിനോദ സഞ്ചാര മേഖലയ്ക്ക് വലിയ സാധ്യതയാണ് തുറക്കുന്നത്. വലിയ കപ്പലുകൾ ചരക്കുമായി അടുത്താൽ ദിവസങ്ങളും ആഴ്ചകളും കഴിഞ്ഞാണ് മടങ്ങുക. നൂറു കണക്കിന് ജീവനക്കാരാണ് ഓരോ കപ്പലിലുമുള്ളത്. അടുക്കുന്ന തീരത്തിന്റെ വിനോദ സഞ്ചാര സാധ്യതകൾ ഉപയോഗിപ്പെടുത്തുക എന്നത് നാവികരുടെ രീതിയാണ്.
പൊൻമുടി പോലുള്ള തലസ്ഥാന ജില്ലയിലെ വിദൂര വിനോദ സഞ്ചാര കേന്ദ്രങ്ങൾക്കു വരെ ഇതിന്റെ സാധ്യത പ്രയോജനപ്പെടുത്താനാകും.
തുറമുഖത്ത് നിന്ന് വലിയ അകലത്തിലല്ലാതെ വിമാനത്താവളം ഉണ്ടെന്നതും കോവളത്ത് നിന്ന് ആരംഭിക്കുന്ന കേരളത്തിന്റെ ജലപാതയും സംസ്ഥാനത്തെ മറ്റു പ്രദേശങ്ങളെ ടൂറിസം സാധ്യതകൾക്കും പ്രതീക്ഷ നൽകുന്ന ഘടകങ്ങളാണ്.
നിക്ഷേപമെത്തും
വിഴിഞ്ഞം തുറമുഖത്തിന്റെ അനുബന്ധ മേഖലകളെല്ലാം ഇപ്പോൾ തന്നെ നിക്ഷേപകരുടെ ശ്രദ്ധാ കേന്ദ്രമാണ്. കൂടുതൽ നക്ഷത്ര ഹോട്ടലുകൾ മുതൽ മറ്റു വിനോദ സഞ്ചാര പദ്ധതികൾ വരെ പുതിയതായി വരും. ടൂറിസം മേഖലയുമായി ബന്ധപ്പെട്ടു തന്നെ രാജ്യാന്തര സമ്മേളനങ്ങളുടെ വേദിയാകാനുളള സാധ്യതയും മുന്നിലുണ്ട്. മികച്ച തൊഴിൽ അവസരങ്ങൾ ഉണ്ടാകുമ്പോൾ അതിനനുസരിച്ചുള്ള പരിശീലന കേന്ദ്രങ്ങളുടെയും കേന്ദ്രമായി തലസ്ഥാനം മാറാം.