ADVERTISEMENT

തിരുവനന്തപുരം ∙ വിഴിഞ്ഞം പദ്ധതി കൊണ്ടുവന്നത് ഉമ്മൻ ചാണ്ടി സർക്കാരും പൂർത്തീകരണത്തിലേക്കു നീക്കുന്നത് പിണറായി സർ‌ക്കാരും ആണെങ്കിലും ഏതാണ്ട് ഒരു നൂറ്റാണ്ടോളം പഴക്കമുണ്ട് ഈ പദ്ധതിയെക്കുറിച്ചുള്ള ആലോചനകൾക്ക്. വിഴിഞ്ഞത്ത് പ്രധാന തുറമുഖം നിർമിക്കണമെന്ന് തിരുവിതാംകൂർ ദിവാനായിരുന്ന സി.പി.രാമസ്വാമി അയ്യരും ആലോചിച്ചിരുന്നു. കിഴക്ക് ചൊവ്വര കോടിയിൽ നിന്നും പടിഞ്ഞാറ് വിഴിഞ്ഞം മുനമ്പിൽ നിന്നും തുറമുഖം നിർമിക്കാനായിരുന്നു ഉദ്ദേശം. വെള്ളായണി കായലുമായി ഇതിനെ ബന്ധിപ്പിച്ച് കപ്പൽ കയറ്റി നിർത്താനുള്ള ഡോക് യാർഡ് പണിയാനും പദ്ധതി തയാറാക്കി. സമുദ്രതീരത്തെ പാറക്കുന്നുകൾ വെട്ടി കപ്പലുകൾക്ക് കരയ്‌ക്കുള്ളിലേക്ക് കടക്കാൻ ചാൽ നിർമിക്കുക, ഈ കപ്പൽ ചാൽ വെള്ളായണി കായലിൽ എത്തിച്ച് അവിടെ ആഴം കൂട്ടി കപ്പലുകൾക്ക് നങ്കൂരമിടാൻ സൗകര്യമൊരുക്കുക, വാർഫ് പണിയുക എന്നിങ്ങനെയായിരുന്നു അന്നത്തെ ആലോചന. 1940ൽ ഇതിനായി സർവേയും നടത്തി. 

1905 ൽ ഓഗസ്റ്റിൽ തന്നെ വിഴിഞ്ഞം കേന്ദ്രമാക്കി തുറമുഖ നിർമാണത്തിന് അന്നത്തെ രാജഭരണ നേതൃത്വം ആലോചിച്ചിരുന്നതായി രേഖകളുണ്ട്.  സാങ്കേതിക വിദഗ്ധരുൾപ്പെട്ട ഉന്നതതല സംഘം അന്ന് വിഴിഞ്ഞം സന്ദർശിച്ചിരുന്നു. രണ്ടാം ലോക മഹായുദ്ധ കാലത്ത് തുറമുഖ നിർമാണത്തിനുള്ള ആലോചനകൾ സജീവമായി.  യുദ്ധത്തിനു ശേഷം ദിവാൻ ഭരണത്തിന്റെ ശനിദശ തുടങ്ങിയതോടെ തുറമുഖ പണിയും നിലച്ചു. 1947ൽ മത്സ്യബന്ധനത്തിന് അനുയോജ്യമായ ഒരു തുറമുഖമായി വിഴിഞ്ഞത്തെ വികസിപ്പിക്കാനുള്ള ജോലികൾക്ക് അടിത്തറയായി. അന്നത്തെ സർക്കാർ, അസോഷ്യേറ്റഡ് കൺസൽറ്റിങ് എൻജിനീയേഴ്സിനോട് ഇതിന്റെ സാധ്യതകൾ ആവശ്യപ്പെട്ടു. 

എന്നാൽ, തിരുവിതാംകൂർ–കൊച്ചി സംയോജനത്തെ തുടർന്ന് പദ്ധതി വീണ്ടും മുടങ്ങി.  1955–57ൽ സി.ആർ.ജൂക്കിന്റെ നേതൃത്വത്തിലുള്ള സംഘം വിഴിഞ്ഞത്തെക്കുറിച്ച് സമഗ്ര റിപ്പോർട്ട് തയാറാക്കി. തുടർന്നാണ് തുറമുഖ നിർമാണം തീരുമാനിച്ചത്. 1962 സെപ്റ്റംബർ 12 ന് അന്നത്തെ കേന്ദ്ര ഭക്ഷ്യ–കാർഷിക മന്ത്രി എസ്.കെ.പാട്ടീൽ തുറമുഖ നിർമാണത്തിന്റെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്തു. ഇതു പിന്നീട് വെട്ടിച്ചുരുക്കി ഇന്നത്തെ മത്സ്യബന്ധന തുറമുഖമാക്കി മാറ്റുകയായിരുന്നു. 

ആയ് രാജവംശത്തിന്റെ തലസ്ഥാനം

എട്ടാം നൂറ്റാണ്ടു മുതൽ 14–ാം നൂറ്റാണ്ടു വരെ ‘ആയ്’ രാജവംശത്തിന്റെ (AY dynasty) കീഴിലായിരുന്ന തെക്കൻ കേരളത്തിലെ സുപ്രധാന തുറമുഖമായിരുന്നു വിഴിഞ്ഞം. ആയ് രാജാക്കൻമാരുടെ തലസ്ഥാനവും സൈനിക കേന്ദ്രവും കൂടിയായിരുന്നു. ആ രാജ്യത്തിന്റെ വളർച്ചയ്ക്ക് കാരണമായി തീർന്ന തുറമുഖം പിന്നീട് ചോളൻമാരുടെ ആക്രമണത്തിൽ തകർന്നു. 

   വിഴിഞ്ഞത്തിന്റെ ഭാവി സാധ്യതകൾ തിരിച്ചറിഞ്ഞ് ഇവിടെ ആസ്ഥാനം ഒരുക്കിയത് ആയ് രാജവംശത്തിന്റെ ദീർഘ വീക്ഷണമായിരുന്നു. തമിഴ് സംഘം കൃതികളായ അകനാന്നൂറിലും പുറനാന്നൂറിലും ആയ് രാജാക്കാൻമാരുടെ വിഴിഞ്ഞം അധിനിവേശത്തെക്കുറിച്ച് പരാമർശിക്കുന്നു.  അറബികൾ, റോമാക്കാർ തുടങ്ങിയവരുടെ പായ്ക്കപ്പലുകൾ ഇവിടെ കച്ചവടത്തിന് എത്തി തുറമുഖത്ത് നങ്കൂരമിട്ടിരുന്നു.  

   പുരാതന വിഴി‍ഞ്ഞത്തിന്റെ മുഖമുദ്ര ‘കാന്തള്ളൂർ ശാല’ എന്ന് അറിയപ്പെടുന്ന വിശ്വവിദ്യാലയമായിരുന്നു. ‘നളന്ദ’, ‘തക്ഷശില’ തുടങ്ങിയവയ്ക്കൊപ്പം പേരു കേട്ട ഈ കാന്തള്ളൂർ ശാലയിൽ ചൈനയിൽ നിന്നു വരെ വിദ്യാർഥികൾ എത്തിയിരുന്നതായും ചരിത്ര രേഖകളിൽ പറയുന്നു. 

രാജേന്ദ്ര ചോള പട്ടണത്തിന്റെ പിറവി

ചോളൻമാരുടെ വരവിനെ തുടർന്ന് വിഴിഞ്ഞം പ്രമുഖനായ രാജരാജ ചോളന്റെ കൈകളിൽ എത്തി.  രാജരാജ ചോളന്റെ രാജ്യമായപ്പോൾ അദ്ദേഹം ഈ നഗരത്തിന് ‘രാജേന്ദ്ര ചോള പട്ടണം’ എന്നു നാമകരണം ചെയ്തു.  പിന്നീട്, വിഴിഞ്ഞം പാണ്ഡ്യ രാജാക്കന്മാരുടെയും വേണാടിന്റെയും, ഒടുവിൽ തിരുവിതാംകൂറിന്റെയും ഭാഗമായി.   പാണ്ഡ്യ രാജാവായ നെടുംചെഴിയൻ(Pandian Nedumchezhian) വേണാട് സാമ്രാജ്യം ആക്രമിച്ച് രാജാവിനെ വധിച്ചു എന്നും, തലസ്ഥാനനഗരമായ വിഴിഞ്ഞം നഗരവും കോട്ടയും കീഴടക്കി എന്നും ചരിത്ര രേഖകളിൽ പറയുന്നു.  വിഴിഞ്ഞം തുറമുഖത്തിന്റെ അവകാശത്തിനായി ഏഴാം നൂറ്റാണ്ടിൽ, ഈ തീരത്ത് വച്ച് ചോള–പാണ്ഡ്യ യുദ്ധം നടന്നു.  അക്കാലത്തെ പ്രാചീനമായ വിഴിഞ്ഞം ഗുഹാക്ഷേത്രങ്ങൾ ഇപ്പോഴും ഇവിടെ ചരിത്രത്തിന്റെ അവശേഷിപ്പുകളാണ്.  

അന്നത്തെ പേരുകൾ ബലിത, ബ്ലിങ്ക...

ബലിത, ബ്ലിങ്ക എന്നീ പേരുകളിലായിരുന്നു ആദ്യം വിഴിഞ്ഞം അറിയപ്പെട്ടിരുന്നത്. എഡി ഒന്നാം നൂറ്റാണ്ടിൽ എഴുതിയെന്നു കരുതുന്ന അജ്ഞാത നാവികന്റെ പെരിപ്ലസ് ഓഫ് എറിത്രിയൻ സീ (Periplus of the Erythraean Sea) എന്ന യാത്രാവിവരണത്തിലും വിഴിഞ്ഞത്തെക്കുറിച്ച്  പരമാർശമുണ്ട്. 

കുമരിക്കു സമീപം ‘ബലിത’ എന്ന തീരദേശ ഗ്രാമത്തെക്കുറിച്ചാണ് യാത്രാ വിവരണത്തിൽ പറയുന്നത്. കുമരി എന്നാൽ കന്യാകുമാരി എന്നാണ് യാത്രാ വിവരണം എഴുതിയ വ്യക്തി ഉദേശിച്ചതെന്നും ചരിത്ര ഗവേഷകർ പറയുന്നു.  

 പ്രകൃതി ദത്തമായ ആഴമേറിയ തുറമുഖം എന്ന പ്രത്യേകതയാണ് ബലിതയ്ക്ക് യാത്രാവിവരണത്തിൽ നൽ‌കിയ വിശേഷണം. എഡി 2, 3 നൂറ്റാണ്ടുകളിൽ നാവികർ ഉപയോഗിച്ച പ്യൂട്ടങ്കർ ടേബിൾ(peutinger table) എന്നറിയുന്ന ഭൂപടത്തിൽ വിഴിഞ്ഞത്തിന്റെ പേർ ബ്ലിങ്ക എന്നായിരുന്നു. 

വിഴിഞ്ഞത്തെ പുരാതന രാജഭരണകാലഘട്ടത്തിൽ നിന്നാണ് ഇന്നത്തെ വിഴിഞ്ഞത്തിന്റെ പല സ്ഥലനാമങ്ങളുടെയും പിറവി. കോട്ടപ്പുറം, തുപ്പായ്ക്കുടി, കപ്പൽച്ചാൽ, കിടാരക്കുഴി എന്നിവ ഇതിൽ പ്രധാനം. കോട്ട സ്ഥിതി ചെയ്തിരുന്ന സ്ഥലം കോട്ടപ്പുറം, തോക്കുകൾ സൂക്ഷിച്ചിരുന്ന സ്ഥലം തുപ്പാക്കിക്കുടി, കിടങ്ങുകൾ നിർമിച്ച സ്ഥലം കിടാരക്കുഴി, കപ്പൽ നിൽക്കാനായി കുഴിച്ച ചാൽ ഉള്ളതിനാൽ കപ്പൽച്ചാൽ, വെടിമരുന്നു ശാലയെ മരുന്തുകോട്ട...സ്ഥലനാമ കഥകൾ ഏറെയുണ്ട്.  

വിഴിഞ്ഞം പുരാതന തുറമുഖ നഗരമായിരുന്നു എന്ന് സാക്ഷ്യപ്പെടുത്തുന്ന പല വിലപ്പെട്ട തെളിവുകളും വർഷങ്ങൾക്കു മുൻപേ കേരള സർവകലാശാലയിലെ ഡോ. അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘം വിഴിഞ്ഞത്തു നിന്ന് കണ്ടെടുത്തിരുന്നു. 

ചൈന, ഇറാൻ, തുർക്കി, പേർഷ്യ തുടങ്ങിയിടങ്ങളിൽ നിന്നു 3 ാം നൂറ്റാണ്ടിൽ വിഴിഞ്ഞം തുറമുഖത്തേക്ക് വ്യാപാരക്കപ്പലുകൾ ‍അടുത്തതിന്റെയും ഡച്ച്, ബ്രിട്ടിഷ് വ്യാപാരികൾ അവശേഷിപ്പിച്ച തെളിവുകളും ഗവേഷണത്തിൽ കണ്ടെത്തി.  

റോമാക്കാരുടെ ആംഫോറ(Amphorae) എന്നറിയുന്ന വീഞ്ഞുപാത്രം ഇതിൽ പ്രധാനമാണ്. ചൈനീസ് കളിമൺ പാത്രങ്ങളുടെ അവശിഷ്ടങ്ങളാണ് മറ്റൊന്ന്. ഡച്ചുകാരാണ് വിഴിഞ്ഞത്ത് ആദ്യമായി പാണ്ടികശാല നിർമിച്ചത്. 

എഡി 72ൽ ഭാരതത്തിന്റെ പ്രഥമ അപ്പോസ്തലനായ വിശുദ്ധ തോമാശ്ലീഹായും, വിശുദ്ധ ഫ്രാൻസിസ് സേവ്യറും വിഴിഞ്ഞം വഴി കടന്നു പോയതായി ചരിത്രത്തിൽ പരാമർശം ഉണ്ട്. 

English Summary:

Vizhinjam Port: A plan thought a century ago

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com