ഒട്ടേറെ ജോലി സാധ്യതകൾ: 5 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് അധികൃതർ
Mail This Article
തിരുവനന്തപുരം∙ അടുത്ത വർഷം വിഴിഞ്ഞം തുറമുഖം കമ്മിഷൻ ചെയ്തതിനു ശേഷം ചരക്കുകപ്പലുകൾ എത്തിത്തുടങ്ങുമ്പോൾ അക്കൂട്ടത്തിൽ തിരുവനന്തപുരത്തേക്ക് എത്തുന്നത് ഒട്ടേറെ ജോലി സാധ്യതകൾ കൂടിയാണ്. വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിൽ നേരിട്ട് 650 പേർക്കും അല്ലാതെ 5000 പേർക്കും തൊഴിൽ ലഭിക്കുമെന്നാണ് ഔദ്യോഗിക അറിയിപ്പ്. എന്നാൽ തുറമുഖം ഉഷാറായാൽ ജോലി സാധ്യതകളുടെ ചാകര തന്നെ പിന്നീട് കാണാൻ സാധിക്കും. 5 ലക്ഷത്തിനു മേൽ തൊഴിലവസരങ്ങൾ പദ്ധതിയുമായി ബന്ധപ്പെട്ട് സൃഷ്ടിക്കപ്പെടുമെന്ന് അധികൃതർ പറയുന്നു.
∙ ട്രിവാൻഡ്രം C/O കൊച്ചി!
നിലവിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ലോജിസ്റ്റിക്സ് കമ്പനികൾ പ്രവർത്തിക്കുന്നത് കൊച്ചിയിലാണ്. കയറ്റുമതി ചെയ്യാൻ ആഗ്രഹിക്കുന്നവരുടെ ഡോക്യുമെന്റേഷൻ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സഹായിക്കുന്ന ഇത്തരം കമ്പനികൾ വിഴിഞ്ഞം യാഥാർഥ്യമാകുന്നതോടെ തിരുവനന്തപുരത്തേക്കും എത്തുമെന്നുറപ്പ്.
ലോജിസ്റ്റിക്സ് ഡിഗ്രി മുതൽ ഡിപ്ലോമക്കാർക്ക് വരെ ഇത്തരം സ്ഥാപനങ്ങളിൽ ജോലി ലഭിക്കും. ഇംപോർട്–എക്സ്പോർട് ബില്ലുകൾ, കസ്റ്റമറുമായുള്ള പണമിടപാടുകൾ തുടങ്ങിയവ നിയന്ത്രിക്കേണ്ടതിനാൽ ബികോം ബിരുദക്കാർക്കും ഇവിടങ്ങളിൽ ജോലി ഉറപ്പാണ്.
തുറമുഖത്തെത്തുന്ന കപ്പലുകളുടെ കമ്പനികളും വിഴിഞ്ഞത്തും പരിസര പ്രദേശങ്ങളിലുമായി വരും മാസങ്ങളിൽ ഓഫിസ് തുറക്കും.
പ്ലസ് ടു മുതൽ എംബിഎ വരെ !
ലോജിസ്റ്റിക്സുമായി ബന്ധപ്പെട്ട പാക്കിങ് മുതലുള്ള തൊഴിലവസരങ്ങൾ വരും വർഷങ്ങളിൽ തിരുവനന്തപുരത്ത് ലഭ്യമായി തുടങ്ങും. ലോജിസ്റ്റിക്സ് മേഖലയിൽ പ്ലസ് ടു മുതൽ എംബിഎക്കാർക്ക് വരെ ജോലി ലഭിക്കും. കയറ്റുമതി, ഇറക്കുമതി എന്നിവയ്ക്കു വേണ്ട കാര്യങ്ങൾ ചെയ്തു കൊടുക്കുന്ന ഫ്രൈറ്റ് ഫോർവേഡ് സ്ഥാപനങ്ങളും പ്രദേശത്ത് നിലയുറപ്പിച്ചേക്കാം. ഇവിടങ്ങളിൽ ബിസിനസ് വളർത്താനാവും എംബിഎ പ്രഫഷനലുകളെ ആവശ്യം.
ലോജിസ്റ്റിക് മാനേജ്മെന്റ്, സ്പ്ലൈ ചെയിൻ മാനേജ്മെന്റ്, മാരിടൈം എൻജിനീയറിങ്, ഷിപ് ബിൽഡിങ് ഡിപ്ലോമ–ഡിഗ്രി, മെക്കാനിക്കൽ–ഓട്ടമൊബീൽ, ഐടി, കംപ്യൂട്ടർ സയൻസ് എൻജിനീയറിങ് തുടങ്ങിയ പഠിച്ചവർക്കും പോർട്ടുമായി ബന്ധപ്പെട്ട് ഒട്ടേറെ തൊഴിലവസരങ്ങൾ ലഭിക്കും.
സ്കിൽ പാർക്കുകൾ വേണം !
ലോജിസ്റ്റിക്സ് കോഴ്സുകൾ തിരഞ്ഞെടുക്കുന്ന തിരുവനന്തപുരം സ്വദേശികൾ നിലവിൽ കുറവാണ്. തിരഞ്ഞെടുത്താൽ തന്നെ കൊച്ചി, മംഗളൂരു തുടങ്ങിയ സ്ഥലങ്ങളിൽ ജോലിക്കായി പോകണം. വിദേശ രാജ്യങ്ങളിലും ഇവയ്ക്ക് വലിയ സാധ്യതകൾ നിലനിൽക്കുന്നു. ലോജിസ്റ്റിക്സുമായി ബന്ധപ്പെട്ട അറിവ് വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് പകരണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു. തൊഴിൽ ലഭിക്കുന്ന മേഖലകൾ, യോഗ്യത, ജോലിയുടെ രീതി എന്നിവയും ഇവർക്ക് പരിചയപ്പെടുത്തണം. 2000 പേർക്ക് നേരിട്ട് ജോലി ലഭിക്കുന്ന ലോജിസ്റ്റിക് പാർക്ക് പദ്ധതി പ്രദേശത്ത് ആരംഭിക്കുന്നുണ്ട്. 50 കോടി രൂപ ചെലവിൽ ആസാപ് നിർമിച്ച കെട്ടിടത്തിന്റെ നിർമാണം പ്രദേശത്ത് പൂർത്തിയായി. തുറമുഖ അധിഷ്ഠിത തൊഴിൽ പരിശീലനം നൽകുന്ന കേന്ദ്രമായി ഇതു മാറ്റും.