രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമെന്ന് പ്രതീക്ഷ: താരിഖ് അൻവർ
Mail This Article
കോഴിക്കോട് ∙ രാഹുൽ ഗാന്ധി വയനാട്ടിൽനിന്നു മത്സരിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നു കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. എവിടെ മത്സരിക്കണമെന്നു തീരുമാനമെടുക്കേണ്ടതു പാർട്ടിയാണ്. കഴിഞ്ഞ തവണ കേരളത്തിൽ 19 സീറ്റുകളിലാണു വിജയിച്ചത്. ഇത്തവണയത് 20 ആക്കി ഉയർത്തുകയാണു ലക്ഷ്യം. കഴിഞ്ഞ തവണ മത്സരിച്ചവർക്കെല്ലാം സീറ്റു കൊടുക്കണോ എന്നു തീരുമാനിക്കേണ്ടതു പാർട്ടിയാണ്. മത്സരിക്കാൻ ആഗ്രഹമുള്ള ആർക്കും ഹൈക്കമാൻഡുമായി ചർച്ച നടത്താൻ സാധിക്കും.
യോഗങ്ങളിൽ തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ സുനിൽ കനഗേലു പങ്കെടുക്കുന്നതു പാർട്ടിയുടെ ഘടന അടുത്തറിഞ്ഞ് അതനുസരിച്ചു നയം രൂപീകരിക്കാനാണ്. അതിൽ അസ്വാഭാവികതയില്ല. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ രാജ്യത്തിന്റെ മനസ്സ് പൂർണമായും മോദി സർക്കാരിന് എതിരാണ്. കേരളത്തിൽ എൽഡിഎഫ് സർക്കാർ നൂറു ശതമാനം അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുന്നു. ഇവിടെ സിപിഎമ്മും ബിജെപിയും പതിറ്റാണ്ടുകളായി സഖ്യത്തിലുമാണ്. കോൺഗ്രസ് മുന്നണി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ജാതി സെൻസസ് നടപ്പാക്കും. എല്ലാക്കാലത്തും മതനിരപേക്ഷ പാർട്ടിയായ കോൺഗ്രസിനു മൃദുഹിന്ദുത്വ നിലപാടില്ല. മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറിക്ക് അദ്ദേഹത്തിന്റെ അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശമുണ്ട്.
കേന്ദ്രസർക്കാരിന്റെ പൗരത്വബിൽ ജനങ്ങൾക്ക് എതിരാണ്. മുസ്‌ലിം വിഭാഗത്തെ ഉന്നമിട്ടു മാത്രമാണ് ഇതു നടപ്പാക്കാൻ ശ്രമിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപു ഇതു നടപ്പാക്കാൻ ശ്രമിച്ചാൽ എങ്ങനെ പ്രതിരോധിക്കണമെന്നു പാർട്ടി യോഗം ചേർന്നു തീരുമാനമെടുക്കുമെന്നും താരിഖ് അൻവർ പറഞ്ഞു.