ശമ്പളത്തിനു പണമില്ല: പുതിയ ക്ഷേമനിധിക്ക് പഴയതിൽ നിന്നു ഒരു കോടി രൂപ വായ്പ !
Mail This Article
തിരുവനന്തപുരം ∙ പത്തു മാസം മുൻപു രൂപീകരിച്ച കേരള തൊഴിലുറപ്പു തൊഴിലാളി ക്ഷേമനിധി ബോർഡ് പ്രവർത്തനഫണ്ട് കണ്ടെത്താൻ കേരള കള്ളുവ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് ഒരു കോടി രൂപ വായ്പയെടുക്കുന്നു. ഇരു ബോർഡുകളും വായ്പാ കരാറിൽ ഒപ്പിട്ടു. സംസ്ഥാനത്ത് നിലവിലുള്ള 24 ക്ഷേമനിധി ബോർഡുകളിൽ ഭൂരിഭാഗവും ഫണ്ട് ഇല്ലാതെ വലയുകയാണ്. പലതും ലയിപ്പിക്കണമെന്ന ശുപാർശ വർഷങ്ങളായി നടപ്പായിട്ടില്ല. അതിനിടെയാണ് പുതിയ ബോർഡിനു പ്രവർത്തിക്കാൻ മറ്റൊന്നിൽ നിന്നു വായ്പയെടുക്കേണ്ടി വരുന്ന ഗതികേട്.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ , അയ്യങ്കാളി നഗര തൊഴിലുറപ്പു പദ്ധതികളിലെ തൊഴിലാളികളുടെ ക്ഷേമം, പെൻഷൻ, ചികിത്സ, മരണാനന്തര സഹായം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകാനാണ് ബോർഡ് രൂപീകരിച്ചത്. തിരുവനന്തപുരത്തു സർക്കാർ ഓഫിസിനോടു ചേർന്നു പ്രവർത്തിക്കുന്ന ബോർഡ് ഓഫിസ് കെട്ടിടം വാടകയ്ക്കെടുക്കാൻ ശ്രമം നടത്തുകയാണ്. ചെയർമാനെയും അംഗങ്ങളെയും ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഉൾപ്പെടെ ഉദ്യോഗസ്ഥരെയും നിയമിച്ചെങ്കിലും ഇവരുടെ വേതനവും ബത്തയും ഉൾപ്പെടെ ആനൂകൂല്യങ്ങൾക്കൊന്നിനും ഫണ്ടില്ല. പണം നൽകാൻ സർക്കാരിനും കഴിയുന്നില്ല.
ഇതെത്തുടർന്ന് വായ്പ തേടി തൊഴിലുറപ്പ് ക്ഷേമനിധി ബോർഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുടെ അപേക്ഷ കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ യോഗം അംഗീകരിച്ചു. തൊഴിൽ , തദ്ദേശ വകുപ്പുകൾ അനുമതി നൽകി. 26 ലക്ഷം തൊഴിലുറപ്പു തൊഴിലാളികളിൽ 16 ലക്ഷം പേരാണു പെൻഷനും മറ്റ് ആനുകൂല്യങ്ങൾക്കും അർഹരെന്നു ബോർഡിന്റെ പരിശോധനയിൽ കണ്ടെത്തിയത്. 18–55 പ്രായക്കാരാണു ബോർഡിൽ അംഗമാകുക. 60 കഴിഞ്ഞാൽ പെൻഷൻ നൽകും. തൊഴിലാളികളും സർക്കാരും പ്രതിമാസം 50 രൂപ വീതം ക്ഷേമനിധിയിൽ അടയ്ക്കുന്ന തരത്തിലാകും ഫണ്ട് സ്വരൂപിക്കൽ.