‘ഇന്ത്യ – ദ് ഫ്യൂച്ചർ സ്റ്റോറി’: മനോരമ ന്യൂസ് കോൺക്ലേവ് നാളെ
Mail This Article
കൊച്ചി ∙ മനോരമ ന്യൂസ് കോൺക്ലേവ് നാളെ ബോൾഗാട്ടി ലുലു ഗ്രാൻഡ് ഹയാത്ത് രാജ്യാന്തര കൺവൻഷൻ സെന്ററിൽ നടക്കും. രാവിലെ 9.30നു കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഉദ്ഘാടനം ചെയ്യുന്ന കോൺക്ലേവിലെ സമാപന പ്രഭാഷണം വൈകിട്ട് ആറിനു കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ നടത്തും. ‘ഇന്ത്യ – ദ് ഫ്യൂച്ചർ സ്റ്റോറി’ മുഖ്യ വിഷയമായ കോൺക്ലേവ് പുരോഗതിയുടെ പാതയിൽ രാജ്യത്തിനു മുന്നിലുള്ള സാധ്യതകളും പ്രതീക്ഷകളും വെല്ലുവിളികളും വിലയിരുത്തും.
രാവിലെ നടക്കുന്ന സെഷനുകളിൽ ‘കശ്മീരിന്റെ കാഴ്ചപ്പാടിലുള്ള ഇന്ത്യ’യെക്കുറിച്ചു ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുല്ല സംസാരിക്കും. ഇന്ത്യയുടെ ബഹിരാകാശ സ്വപ്നങ്ങൾ ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ് പങ്കുവയ്ക്കും. 2024 ലെ രാഷ്ട്രീയ കേരളത്തെക്കുറിച്ചുള്ള സംവാദത്തിൽ പ്രതിപക്ഷ േനതാവ് വി.ഡി.സതീശനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും പങ്കെടുക്കും. പൊതു തിരഞ്ഞെടുപ്പു സംബന്ധിച്ച നിലപാട് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി വ്യക്തമാക്കും. ഹാങ്ചോ ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കൾക്കും പരിശീലകർക്കും സ്വർണ മെഡലുകൾ സമ്മാനിക്കും.
ഉച്ചയ്ക്കു ശേഷം സിനിമയുടെയും തിയറ്ററുകളുടെയും ഭാവിയെക്കുറിച്ചുള്ള ചർച്ചയിൽ ബേസിൽ ജോസഫും ജൂഡ് ആന്തണി ജോസഫും നിഖില വിമലും പങ്കെടുക്കും. രാഷ്ട്രീയത്തിൽ വനിതകൾക്കുള്ള ഇടം വിപുലീകരിക്കേണ്ടതിനെക്കുറിച്ചു കെ.കെ.ശൈലജ, കെ.കെ.രമ, ശോഭ സുരേന്ദ്രൻ എന്നിവർ ആശയങ്ങൾ പങ്കിടും.
നിർമിതബുദ്ധി മനുഷ്യ ബുദ്ധിയെ മറികടക്കുമോ എന്ന ചോദ്യത്തിനുള്ള മറുപടിയുമായി ഗൂഗിൾ ഡീപ്മൈൻഡിന്റെ റിസർച് ഡയറക്ടർ ദിലീപ് ജോർജ് എത്തും. പ്രമുഖ ഗായകനും ‘ക്രെഡ്’ ചീഫ് ഡിസൈൻ ഓഫിസറുമായ ഹരീഷ് ശിവരാമകൃഷ്ണനാകും അദ്ദേഹത്തോടു സംവദിക്കുക. ആത്മീയഗുരുവും പ്രഭാഷകനുമായ ഗൗർ ഗോപാൽദാസ് എഐ കാലത്തെ സന്തോഷത്തിന്റെ അളവുകോലുകളെക്കുറിച്ചു പ്രഭാഷണം നടത്തും.
പൊതുതിരഞ്ഞെടുപ്പിലെ ‘ഇന്ത്യ’ മുന്നണിയുടെ നിലപാട് ശശി തരൂർ എംപി പങ്കുവയ്ക്കും. ബിസിനസ് രംഗത്തു കേരളം നേരിടുന്ന പുതിയ വെല്ലുവിളികളും സാധ്യതകളും പുതുതലമുറയിലെ വ്യവസായ പ്രമുഖരായ അശോക് മാണിയും വിവേക് വേണുഗോപാലും വിലയിരുത്തും. കോൺക്ലേവിനു ക്ഷണിക്കപ്പെട്ടവർ രാവിലെ 9.15ന് അകം ഹാളിൽ പ്രവേശിക്കണം. വിവരങ്ങൾക്ക്: www.manoramanewsconclave.com