ജൂനിയർ ഐഎഎസുകാർക്ക് ശമ്പളം കൂട്ടാൻ നീക്കം
Mail This Article
തിരുവനന്തപുരം∙ സംസ്ഥാനത്തെ ജൂനിയർ ഐഎഎസ് ഉദ്യോഗസ്ഥർക്ക് സ്പെഷൽ അലവൻസ് നൽകി ശമ്പളം വർധിപ്പിക്കാൻ സർക്കാർ ഒരുങ്ങുന്നു. ശമ്പളം കൂട്ടണമെന്നാവശ്യപ്പെട്ട് ഐഎഎസ് അസോസിയേഷൻ ഒരു വർഷം മുൻപ് കത്തു നൽകിയിരുന്നു. സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനാൽ ശമ്പളം ഇപ്പോൾ വർധിപ്പിക്കേണ്ടതില്ലെന്നാണ് ധനവകുപ്പിന്റെ നിലപാട്.
സംസ്ഥാന സർക്കാർ ജീവനക്കാരായ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസുകാർക്ക് (കെഎഎസ്) കേന്ദ്ര സർവീസിലെ തങ്ങളെക്കാൾ ശമ്പളമുണ്ടെന്നതാണ് വർധിപ്പിക്കേണ്ടതിനു കാരണമായി ജൂനിയർ ഐഎഎസ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്. കെഎഎസുകാർക്ക് 77,200 രൂപയാണു ശമ്പളം. 7,220 രൂപ സ്പെഷൽ പേയും നൽകുന്നുണ്ട്. എന്നാൽ, സർവീസിൽ പ്രവേശിക്കുമ്പോൾ ഐഎഎസുകാർക്ക് 56,100 രൂപയാണു ശമ്പളം. സ്പെഷൽ പേ ലഭിക്കുന്നുമില്ല.
ഐഎഎസിലേക്കുള്ള ഫീഡർ കാറ്റഗറിയായാണ് സർക്കാർ കെഎഎസ് നടപ്പാക്കിയത്. എന്നാൽ, ശമ്പളമാകട്ടെ തലതിരിഞ്ഞ രീതിയിലാണെന്നാണ് ഐഎഎസ് ഉദ്യോഗസ്ഥരുടെ ആരോപണം.