ഡോ.വന്ദന ദാസ് വധക്കേസ്: പ്രതിയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
Mail This Article
കൊല്ലം∙ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായി സേവനം ചെയ്തിരുന്ന കടുത്തുരുത്തി മുട്ടുച്ചിറ സ്വദേശിനി ഡോ. വന്ദനദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപ് സമർപ്പിച്ച ജാമ്യാപേക്ഷയിൽ ഒന്നാം അഡീഷനൽ സെഷൻസ് ജഡ്ജി പി.എൻ.വിനോദ് ഇന്നു വിധി പറയും. ജൂലൈയിൽ നൽകിയ ആദ്യ ജാമ്യാപേക്ഷ സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയും തള്ളിയിരുന്നു.
പ്രതിക്കു ജാമ്യം നൽകിയാൽ സമൂഹത്തിനു തെറ്റായ സന്ദേശം നൽകുമെന്നു പ്രോസിക്യൂഷൻ വാദിച്ചു. ഹീനമായ കുറ്റകൃത്യം നടത്തിയ പ്രതിക്കു ജാമ്യം ലഭിച്ചാൽ സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും തെളിവുകൾ നശിപ്പിക്കാനും സാധ്യതയുണ്ടെന്നും അദ്ദേഹം വാദിച്ചു. തുടർന്നാണ് ജാമ്യാപേക്ഷയിൽ വിധി പറയുന്നത് ഇന്നത്തേക്കു മാറ്റിയത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സിസിൻ ജി. മുണ്ടയ്ക്കൽ ഹാജരായി.