മണിപ്പുർ: കലാപബാധിത ജില്ലയുടെ ചുമതലയേറ്റ് മലയാളി കലക്ടർ
Mail This Article
കൊൽക്കത്ത ∙ മണിപ്പുരിലെ കലാപബാധിത ജില്ലകളിലൊന്നായ ഫെർസ്വാളിന്റെ കലക്ടറായി മലയാളിയായ ആശിഷ് ദാസിനെ നിയമിച്ചു. 2020 ബാച്ച് മണിപ്പുർ കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ്.
കുക്കി, ഹമാർ, പൈതൈ, വാഫൈ ഗോത്രങ്ങൾക്ക് ഭൂരിപക്ഷമുള്ള ഫെർസ്വാൾ ജില്ലയുടെ കലക്ടറേറ്റ് ഉൾപ്പെടെയുള്ളവ മണിപ്പുർ കലാപത്തിന്റെ പ്രഭവകേന്ദ്രമായ ചുരാചന്ദ്പുരിലാണ്. അസം, മിസോറം സംസ്ഥാനങ്ങളുമായി അതിരു പങ്കിടുന്ന ജില്ലയിൽ മ്യാൻമർ അഭയാർഥികൾക്കായി സംസ്ഥാന സർക്കാർ തിരച്ചിൽ നടത്തിയിരുന്നു.
ഇന്ത്യാ-മ്യാൻമർ അതിർത്തി ജില്ലയായ തെഗ്നോപാലിന്റെ എസ്ഡിഎം ആയിരുന്നു ആശിഷ് ദാസ്. ഇന്ത്യ-മ്യാൻമർ അതിർത്തിപ്പട്ടണമായ മോറെയിൽ കലാപം അവസാനിപ്പിക്കുന്നതിലും ദുരിതാശ്വാസപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും നേതൃത്വം നൽകിയത് അദ്ദേഹമായിരുന്നു. കലാപത്തിന്റെ ആദ്യദിവസങ്ങളിൽ ആയിരക്കണക്കിന് മെയ്തെയ്കൾക്ക് സുരക്ഷിതമായി ഇംഫാലിലേക്ക് വഴിയൊരുക്കിയത് ആശിഷ് ദാസ് ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിലായിരുന്നു. കൊല്ലം മുഖത്തല ആശിഷ് ഭവനിൽ യേശുദാസിന്റെയും റോസമ്മയുടെയും മകനാണ്. കോട്ടയം തെള്ളകം സ്വദേശി സൂര്യയാണ് ഭാര്യ.