ADVERTISEMENT

കോട്ടയം ∙ വെള്ളൂർ കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡിലെ (കെപിപിഎൽ) തീപിടിത്തം ഷോർട് സർക്യൂട്ട് മൂലമല്ലെന്ന് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ പരിശോധനയിലും കണ്ടെത്തിയതായി വിവരം. 5–ാം തീയതി വൈകിട്ട് 6.25ന് ആണു കെപിപിഎലിലെ പേപ്പർ മെഷീൻ പ്ലാന്റിൽ തീപിടിത്തമുണ്ടായത്. സംഭവത്തിനു പിന്നിൽ അട്ടിമറിയുണ്ടെന്നു നേരത്തേ സംശയമുയർന്നിരുന്നു. അട്ടിമറിയുണ്ടായോ എന്ന കാര്യവും അന്വേഷിക്കുമെന്നു മന്ത്രി പി.രാജീവും പറഞ്ഞിരുന്നു. 

നേരത്തേ ഇവിടെ തീപിടിത്തം ഉണ്ടായിട്ടുള്ളത് യന്ത്രസംവിധാനത്തിന്റെ വെറ്റ് എൻഡിലാണ്. എന്നാൽ, ഇത്തവണ ഡ്രൈ എൻഡിലാണു തീപിടിത്തമുണ്ടായത്. ഉയർന്ന താപനിലയിൽ പ്രവർത്തിക്കുന്ന ഇവിടെ ഒരു തീപ്പൊരി വീണാൽ പോലും പെട്ടെന്നു തീ പടരാനുള്ള സാധ്യത വളരെക്കൂടുതലാണ്. എന്നാൽ, എങ്ങനെ തീപ്പൊരി ഉണ്ടായി എന്നു കണ്ടെത്താൻ കൂടുതൽ വിദഗ്ധ പരിശോധനകൾ വേണ്ടി വരുമെന്നാണു സൂചന. 

പാഴ്‌ക്കടലാസ് കൂടിക്കിടന്നു തീപിടിക്കാനുള്ള സാധ്യതയും അന്വേഷണസംഘം തള്ളിക്കളഞ്ഞിട്ടുണ്ട്. അറ്റകുറ്റപ്പണിക്കായി അടച്ചിട്ടശേഷം പ്രവർത്തനം പുനരാരംഭിച്ച ദിവസമാണു തീപിടിത്തം ഉണ്ടായത്. അതുകൊണ്ടുതന്നെ വലിയ രീതിയിൽ വേസ്റ്റ് ഉണ്ടായിട്ടില്ലെന്നു സംഘം വിലയിരുത്തുന്നു. 

തീപിടിത്തം ഉണ്ടായപ്പോൾ യന്ത്രത്തിനു സമീപമുണ്ടായിരുന്ന സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമായത് എങ്ങനെയെന്നു കണ്ടെത്താൻ ഹാർഡ് ഡിസ്ക് പൊലീസ് കൊണ്ടുപോയിട്ടുണ്ട്. 

തീപിടിത്തത്തിൽ അന്വേഷണം നടത്തുന്ന 6 സംഘങ്ങളുടെയും സംയുക്തയോഗം ഇന്നലെ നടന്നു. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, പൊലീസ്, അഗ്നിരക്ഷാസേന, ഫാക്ടറീസ് ആൻഡ് ബോയ്‌ലേഴ്സ് വകുപ്പ്, കെഎസ്ഇബി എന്നിവയ്ക്കു പുറമേ കലക്ടർ നിയോഗിച്ച പ്രത്യേക സമിതിയും അന്വേഷണം നടത്തുന്നുണ്ട്. 27നു വീണ്ടും യോഗം ചേരും. തുടർന്ന് അന്തിമ റിപ്പോർട്ട് കലക്ടർക്കു സമർപ്പിക്കും. 

English Summary:

Short Circuit is not reason for fire at KPPL

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com