ADVERTISEMENT

കൊച്ചി∙ സന്യാസിനിയായ സഹോദരിക്കു സഹോദരനായ വൈദികന്റെ ജീവസമ്മാനം, തകരാറിലായ വൃക്കകൾക്കു പകരം സ്വന്തം വൃക്കയിൽ ഒന്ന്. 

ഹോളി ഫാമിലി സന്യാസിനി സമൂഹത്തിന്റെ മരിയൻ പ്രോവിൻസ് അംഗമായ സിസ്റ്റർ ബിനി മരിയയുടെ ശരീരത്തിൽ ക്രിയാറ്റിന്റെ അളവ് ക്രമാതീതമായി കൂടിയതോടെയാണു ഡോക്ടർമാർ വൃക്ക മാറ്റിവയ്ക്കണമെന്നു നിർദേശിച്ചത്. 

തന്റെ വൃക്ക നൽകാമെന്ന തീരുമാനത്തിൽ എത്താൻ പാലക്കാട് രൂപതാംഗമായ ഫാ. എബി പൊറത്തൂറിന് ഏറെ ആലോചിക്കേണ്ടി വന്നില്ല. രൂപതയുടെ അധികാരികളെ വിവരം അറിയിച്ച് ഉടൻ അനുവാദം വാങ്ങി. വൃക്ക നൽകാനുള്ള നടപടിക്രമങ്ങളും വേഗം പൂർത്തിയാക്കി. 

സെപ്റ്റംബർ 4ന് ആലുവ രാജഗിരി ആശുപത്രിയിൽ ഡോ.ജോസ് തോമസ്, ഡോ. ബാലഗോപാൽ നായർ എന്നിവരുടെ നേതൃത്വത്തിലുളള ടീമാണു ശസ്ത്രക്രിയ നടത്തിയത്. ഫാ. എബിയും സിസ്റ്റർ ബിനി മരിയയും പാലക്കാട് മേലാർകോട് പൊറത്തൂർ പി.പി. ആന്റോയുടെയും റൂബിയുടെയും മക്കളാണ്. ശസ്ത്രക്രിയയ്ക്കു ശേഷം സിസ്റ്റർ ബിനി ചുണങ്ങംവേലിയിലെ മഠത്തിൽ വിശ്രമത്തിലാണ്. 31 വയസ്സുള്ള ഫാ. എബി പാലക്കാട് കൊഴിഞ്ഞാമ്പാറ സെന്റ് ആന്റണീസ് പള്ളി വികാരിയാണ്. 

വിശ്രമത്തിനു ശേഷം 2 മാസത്തിനുള്ളിൽ ചുമതലകളിലേക്കു മടങ്ങും. 

രോഗത്തെത്തുടർന്ന് സിസ്റ്റർ ബിനി 2022 ഏപ്രിൽ മുതൽ ഡയാലിസിസ് ചെയ്തു വരികയാണ്. ക്രിയാറ്റിന്റെ അളവ് കൂടിയതോടെ മാസത്തിലൊരിക്കൽ നടത്തിയിരുന്ന ഡയാലിസിസ് ആഴ്ചയിൽ 3 വീതമായി. വൃക്ക മാറ്റിവയ്ക്കുക മാത്രമാണു പരിഹാരമെന്നു ഡോക്ടർമാർ നിർദേശിച്ചു. രാജഗിരി ആശുപത്രിയിലെ ഡോക്ടർമാരായ സ്നേഹ പി. സൈമൺ, അപ്പു ജോസ്, ബി. കെ. തരുൺ, സന്ദീപ് ആർ. നാഥ്, സച്ചിൻ ജോർജ്, ഗീതു സെബാസ്റ്റ്യൻ, അജിത്ത് ടോംസ് എന്നിവരും ശസ്ത്രക്രിയയിൽ പങ്കാളികളായി. സഹോദരിക്കു വൃക്ക നൽകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും പിന്തുണ നൽകിയ രൂപതയോടു നന്ദിയുണ്ടെന്നും ഫാ. എബി പറഞ്ഞു. 

പങ്കുവയ്ക്കലിന്റെ മഹത്വം കുടുംബത്തിൽ നിന്ന് ആരംഭിക്കണമെന്ന വലിയ മാതൃകയാണു ഫാ. എബി നൽകുന്നതെന്ന് രാജഗിരി ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. ജിജി കുരുട്ടുകുളം പറഞ്ഞു.

English Summary:

Brother who is a priest donates Kidney to his sister is a nun

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com